എന്താണ് അജണ്ട? നസ്‌ലെനെതിരെയും ഹെയ്റ്റ് ക്യാമ്പയിന്‍
Entertainment
എന്താണ് അജണ്ട? നസ്‌ലെനെതിരെയും ഹെയ്റ്റ് ക്യാമ്പയിന്‍
ഹണി ജേക്കബ്ബ്
Saturday, 14th June 2025, 1:45 pm

സിനിമ പാരമ്പ്യമൊന്നുമില്ലാതെ ഒരു കൗമാരക്കാരന്‍ സിനിമയിലേക്കെത്തി തുടരെ തുടരെ ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിക്കുന്നു. അയാളുടെ പേര് മാത്രം നോക്കി ടാക്കീസിലേക്ക് കയറാന്‍ പ്രേക്ഷകര്‍ തയ്യാറാകുന്നു. നായകന്റെ സൈഡ് കിക്കില്‍നിന്നും അയാള്‍ നായകനായ സിനിമകള്‍ ഇന്‍ഡസ്ട്രി ഹിറ്റടിക്കുന്നു. അയാള്‍ സിനിമകള്‍ ചെയ്യാത്ത അന്യഭാഷയില്‍ പോലും ആരാധകവൃത്തങ്ങള്‍ ഉണ്ടാകുന്നു. ആ നടന്റെ പേരാണ് നസ്‌ലെന്‍. നസ്‌ലെന്‍ കെ. ഗഫൂര്‍.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെ വന്ന് കാണികളുടെ മനസില്‍ കയറിക്കൂടിയതാണ് മെല്‍വിന്‍ എന്ന സിഗ്മ പയ്യന്‍. പെണ്ണുങ്ങളുടെ പുറകെപോകാന്‍ നിങ്ങള്‍ക്കൊക്കെ പ്രാന്താണോ എന്ന് ചോദിച്ചവന്‍. കൂട്ടുകാര്‍ക്ക് മുട്ട പഫ്സും വത്തക്ക വെള്ളവും വാങ്ങികൊടുക്കുന്നവന്‍. തണ്ണീര്‍ മത്തന് ശേഷം തുടരെ തുടരെ സിനിമകള്‍ നസ്‌ലെനെ തേടിയെത്തി. കൗമാരമുള്ള മുഖത്ത് യൗവനം കൂടി പ്രത്യക്ഷപ്പെട്ടപ്പോള്‍ കാമുക വേഷം നല്‍കി ഗിരീഷ് എ.ഡി പ്രേമലുവില്‍ നായകനായി. പിന്നീട് ഐ ആം കാതലന്‍, ആലപ്പുഴ ജിംഖാന തുടങ്ങിയ ചിത്രങ്ങള്‍.

നസ്‌ലെന്റെ ഇനിവരാനുള്ള ഫിലിം ലൈനപ്പുകളും വളരെ ഇന്‌ട്രെസ്റ്റിങ് ആണ്. ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിന് പ്രെസന്റ് ചെയ്യുന്ന ലോകാ യൂണിവേഴ്‌സിലെ ചാപ്റ്റര്‍ 1- ചന്ദ്രയില്‍ കല്യാണിയും നസ്‌ലെനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ബിനു പപ്പുവിന്റെ രചനയില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ടോര്‍പ്പിഡോയാണ് മറ്റൊന്ന്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ മറ്റൊരു താരം. കുമ്പളങ്ങി നൈറ്റിസിന് ശേഷം മധു സി. ചന്ദ്രന്‍ ഡയറക്ട് ചെയ്യുന്ന സിനിമയിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നസ്‌ലെന്‍ ആണെന്നാണ് സൂചനകള്‍.

ഇങ്ങനെ ആ നടന്‍ കത്തിക്കയറി നില്‍ക്കുമ്പോഴാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ വാളുകളില്‍ നസ്‌ലെനെതിരെയുള്ള ഹേറ്റ് ക്യാമ്പുകള്‍ നടക്കുന്നത്. ആസൂത്രിതമായി പല ഐഡികളില്‍ നിന്ന് പല പേജുകളിലും ഗ്രൂപ്പുകളിലും നിന്ന് ഒരേ സമയം പല പച്ച നുണകള്‍ പടച്ച് വിടുകയാണ് ചെയ്യുന്നത്. യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത ഇത്തരം പോസ്റ്റുകള്‍ക്ക് പുറകില്‍ എന്തെങ്കിലും തരത്തിലുള്ള പ്രൊപ്പഗാണ്ടയോ അജണ്ടയോ ഉണ്ടെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ഹാസിഫ് മുഹമ്മദ് എന്ന ഫേസ്ബുക്ക് ഉപഭോക്താവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ നസ്‌ലെനെതിരെയുള്ള വ്യാജ പ്രചരണകളും അവയുടെ നിജസ്ഥിയും പറയുന്നുണ്ട്.

ഇനി ആ പ്രചരണങ്ങളില്‍ ചിലതും അതിന്റെ പൊരുളും നോക്കാം.

  • ടിക്കി ടാക്കയില്‍ ആസിഫ് അലിയെക്കാള്‍ പ്രതിഫലം ചോദിച്ചതിന് നസ് ലെനെ പടത്തില്‍ നിന്ന് പുറത്താക്കി എന്നാണ് ഒന്നാമത്തേത്.

ഗെറ്റ്‌ലോസ്റ്റ് ഹേറ്റ് ക്യാമ്പയിന്‍ എന്ന് ടാഗ് ഇട്ട് പടത്തിന്റെ കഥാകൃത്ത് തന്നെ ഇതിന് മറുപടിയായി നസ്‌ലെന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു.

  • മോളിവുഡ് ടൈംസില്‍ നിന്ന് നസ് ലെന്‍ ഒഴിവായി, പടം ഡ്രോപ്പാക്കി എന്നതാണ് മറ്റൊന്ന്.

മോളിവുഡ് ടൈംസിന്റെ ഡയറക്ടര്‍ അഭിനവ് സുന്ദര്‍ നായിക് തന്നെ നസ്‌ലെന്റെ കൂടെ പിക്ക് ഇട്ട് കമിങ് സൂണ്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

പ്രേമലു 2വില്‍ നിന്ന് നസ്‌ലെന്‍ പിന്മാറി തിരക്കഥ തിരുത്താന്‍ ആവശ്യപ്പെട്ടു. താരമാക്കിയ സംവിധായകനെ തന്നെ അഹങ്കാരത്താല്‍ ചതിച്ചു എന്നരീതിയും സംസാരമുണ്ട്.

പടം ഉടനെ ഉണ്ടാവില്ലെന്നും ചില സങ്കേതിക പ്രശ്‌നങ്ങള്‍ കഴിഞ്ഞെ ഉണ്ടാകുവെന്നും അടുത്ത പടം അതല്ല, ഉറപ്പില്ല എന്ന് മാത്രമാണ് പ്രേമലു 2വിന്റെ പ്രൊഡ്യൂസര്‍ ദിലീഷ് പോത്തന്‍ അടുത്തിടെ പറഞ്ഞത്.

ഇനി അഥവാ നസ്‌ലെന്‍ കഥ ഇഷ്ടപ്പെടാതെയാണ് പിന്മാറിയെങ്കില്‍ തന്നെ അത് അയാളുടെ സൗകര്യവും ആണ്.

  • ഗുഡ് ബാഡ് അഗ്ലി റോള്‍ വേണ്ടെന്ന് വെച്ചത് അഹങ്കാരം കൊണ്ടാണെന്നാണ് മറ്റൊന്ന്.

ആ പടം കണ്ടവര്‍ക്കറിയാം നസ്‌ലെന്‍ ഒഴിവാക്കിയ റോളിന്റെ പ്രാധാന്യം.

  • ജിംഖാന ഒ.ടി.ടിയില്‍ എത്തിയതോടെ നസ്‌ലെനും ആക്ടിങ്ങും എക്‌സ്‌പോസ്ഡ് ആയി എന്ന രീതിയിലും സന്ദീപിനെയും നസ്‌ലെനെയും കമ്പയര്‍ ചെയ്യുന്ന രീതിയിലും പോസ്റ്റുകളുണ്ട്.

എന്നാല്‍ ആ പടത്തില്‍ എല്ലാവര്‍ക്കും തുല്യ റോള്‍ ആയിട്ടാണ് ചെയ്ത് വെച്ചിരിക്കുന്നതെങ്കിലും നസ് ലെന്റെ സ്റ്റാര്‍ഡത്തെ യൂസ് ചെയ്യുകയും അത് വെച്ച് തന്നെ ആളെ കയറ്റുകയും പ്രേക്ഷകരാല്‍ ഇഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ ലോകത്തിനപുറം ചിത്രം 70 കോടിക്കടുത്ത് കളക്ഷന്‍ നേടുകയും ഒ.ടി.ടിയില്‍ ഇറങ്ങിയ ശേഷവും ഈ ആസൂത്രിത ടീമിന്റെ പാരലല്‍ വേള്‍ഡിനു പുറത്ത് സ്വീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

നസ്‌ലെനും സന്ദീപും കഴിവുള്ളവരും അടുത്ത സുഹൃത്തുക്കളും ഭാവി വാഗ്ദാനങ്ങളുമായിരിക്കെ ഇവരെ പോലും വെറുതെ വിടാതെ കാഴ്ച്ചക്കാരില്‍ അനാവശ്യ വിഭജനം സൃഷ്ടിക്കുന്ന പരിപാടി. സന്ദീപും നസ്‌ലെനും തന്താങ്ങളുടെ രീതിയില്‍ മികച്ച അഭിനേതാക്കളാണ്.

  • കഞ്ചാവോളി ഖാലിദ് റഹ്‌മാനെ സപ്പോര്‍ട്ട് ചെയ്ത നസ്‌ലെന്‍ തീര്‍ന്നു. നസ്‌ലെനും കഞ്ചാവോളിയെന്നുമാണ് മറ്റൊന്ന്.

ജിംഷി ഖാലിദിന്റെ പോസ്റ്റില്‍ അവരുടെ ഡയറക്ടറിനായി ഹാര്‍ട്ട് സിമ്പല്‍ നസ്‌ലെന്‍ മാത്രമല്ല ഇട്ടിട്ടുള്ളത്. ജിംഖാനയില്‍ കൂടെ അഭിനയിച്ച സന്ദീപും മറ്റുള്ളവരും ഇട്ടിട്ടുണ്ട്. അത് മറച്ച് വെച്ച് നസ്‌ലെനെതിരായ ഹേറ്റിനുപയോഗിക്കുന്നു.

  • മട്ടാഞ്ചേരി സ്റ്റാര്‍. മട്ടാഞ്ചേരി ടീമുകളുടെ കൂടെ കൂടി എന്നും പ്രചരണമുണ്ട്.

ശരിക്കും ഇതാണ് പ്രശ്‌നമെന്ന് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഹേറ്റ് പരത്തുന്ന ഇത്തരക്കാര്‍ നസ ്ലെനെ ഒഴിവാക്കി എന്ന് പറയുന്ന ഭാവന സ്റ്റുഡിയോസും ഇട്ടവരുടെ വാളില്‍ ആഘോഷിക്കുന്ന ചോട്ടാ മുംബൈയും പടക്കളവും എല്ലാം ഇവര്‍ ആരോപിക്കുന്ന ഇതേ മട്ടാഞ്ചേരി മാഫിയയുടേതാണുമെന്നാണ് ഹാസിഫ് മുഹമ്മദ് തന്റെ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സിനിമയെ സിനിമയായി കണ്ട് ആസ്വദിക്കുവാനും അഭിനേതാക്കളും നമ്മളെപ്പോലെ മനുഷ്യരാണെന്നും അവര്‍ക്കും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ അവകാശങ്ങളുണ്ടെന്നുമുള്ള തിരിച്ചറിവില്‍ മുന്നോട്ട് പോകുവാനും കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുന്നു.

Content Highlight: Discussing The Agenda Behind Hate Campaign Against Naslen

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം