തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് സമ്മേളനത്തിന് പിന്നാലെ കേരളത്തോട് കാണിച്ച അവഗണയിൽ വിമർശനം രേഖപ്പെടുത്തി കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ കേരളത്തിന് ന്യായമായ പരിഗണന ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്ന നടപടികൾ ആയിരുന്നെന്നും എന്നാൽ നിരാശയാണ് ഫലമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് പൊളിറ്റിക്കൽ ഗിമ്മിക്ക് മാത്രമാണ്. സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ദാലും മഖാനയും നൽകാൻ പറയുമോ എന്നറിയില്ലെന്നും ധനമന്ത്രി പരിഹസിച്ചു. ഇവിടെ ചോറും കറികളും ആണ് ആവശ്യം. എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ പരിഗണിച്ചില്ല മുറിവിൽ ഉപ്പ് തേയ്ക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്നും കെ. എൻ. ബാലഗോപാൽ വിമർശിച്ചു.
ഇന്ത്യയെ ആകമാനം നടുക്കിയ സംഭവമാണ് മുണ്ടക്കൈ ചൂരൽമല സംഭവം. എന്നാൽ ബജറ്റിൽ അതിനെക്കുറിച്ച് പരാമർശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ സ്‌പോർട്ട് സ്‌കീം ആണ് വിഴിഞ്ഞം എന്നാൽ വിഴിഞ്ഞത്തെക്കുറിച്ച് ധനമന്ത്രി ബജറ്റിൽ ഒന്നും തന്നെ പരാമർശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുവിൽ കേരളത്തിനോട് കാണിച്ചിരിക്കുന്നത് അങ്ങേയറ്റം നിരാശ ജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘കണക്കുകളാണ് രാഷ്ട്രീയമല്ല സംസാരിക്കുന്നത്. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതകർക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല. വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണ്. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ ജനസംഖ്യ അടിസ്ഥാനത്തിൽ 73,000 കോടിയോളം രൂപയാണ് കഴിഞ്ഞ വർഷം കേരളത്തിന് കിട്ടേണ്ടത്.
എന്നാൽ കിട്ടിയത് 32,000 കോടിയോളം മാത്രമാണ്. സംസ്ഥാനങ്ങൾക്കുള്ള വിഹിതം വർധിപ്പിച്ചിട്ടുണ്ട്. കണക്ക് നോക്കിയാൽ 14,258 കോടി അധികം ഇത്തവണ കിട്ടേണ്ടതാണ്. ബജറ്റിന്റെ പൊതുവർധനവിൽ കാർഷിക മേഖലയിലെ സബ്സിഡി കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ തുകയിലും വർധനവില്ല. കാർഷിക മേഖലയിലെ വിള ഇൻഷുറൻസിനും തുക കുറവാണ്,’ കെ. എൻ. ബാലഗോപാൽ വിമർശിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് മുൻനിർത്തി ബീഹാറിന് വാരിക്കോരി സഹായം പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റിൽ കേരളത്തെ പൂർണ്ണമായും തഴഞ്ഞു എന്ന പരാതി പലഭാഗങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്.
Content Highlight: Disappointment shown to Kerala, more favors given to politically interested parties: K. N. Balagopal