കൊച്ചി: മുനമ്പം വിഷയത്തില്‍ നിരാശയെന്ന് സിറോ മലബാര്‍ സഭ. നിയമം നിരാശപ്പെടുത്തുന്നതാണെന്ന് സീറോ മലബാർ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. പ്രശ്നം പരിഹരിക്കാത്തതിൽ ആശങ്കയുണ്ടെന്നും രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാകുന്നതോടെ മുനമ്പം ഭൂമി വിഷയത്തിൽ ഒരു ശാശ്വതമായ പരിഹാരമുണ്ടാകുമെന്നാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു പാർലമെന്റിൽ പറഞ്ഞത്. എന്നാൽ അദ്ദേഹം മുനമ്പത്ത് വന്നപ്പോൾ വഖഫ് ഭേദഗതി ബിൽ കൊണ്ട് മാത്രം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നും മറിച്ച് നിയമപരമായി സുപ്രീം കോടതി വരെയും പോകേണ്ടിവരുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും നമുക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘മുനമ്പത്തെ ജനത കാലങ്ങളായി താമസിച്ചുകൊണ്ട് നിൽക്കുന്ന സ്ഥലത്ത് നിന്നും കുടിയിറക്കപ്പെടും എന്ന മുനമ്പത്ത് നിൽക്കുമ്പോഴാണ് കേന്ദ്ര സർക്കാർ വഖഫ് ബില്ലിൽ അമെൻഡ്മെന്റ് കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെയും കുടിയിറക്ക ഭീഷണി നേരിടുന്ന ആ ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കത്തോലിക്കാ സഭ കേന്ദ്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരികയുണ്ടായി. എന്നാൽ ഇപ്പോൾ നമുക്ക് മനസിലാകുന്നതനുസരിച്ച് വഖഫ് ബില്ലിന്റെ ചില അനുച്ഛേദങ്ങൾ ഇന്ത്യൻ ഭരണഘടനാ ഉറപ്പ് നൽകുന്ന സ്വത്തവകാശത്തിനും മനുഷ്യാവകാശത്തിനും എതിരാണെന്ന് വ്യക്തമാണല്ലോ.
പ്രത്യേകിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ പറയുന്നതനുസരിച്ചുള്ള സ്വത്തവകാശത്തെ ഹനിക്കുന്നതാണ് വഖഫ് നിയമത്തിന്റെ മുപ്പതാം അനുച്ഛേദം എന്ന് നമുക്കെല്ലാവർക്കും അറിയാം. അതുപോലെ തന്നെയാണ് 52 എ, 40 അനുച്ഛേദങ്ങളും. ഈ നിയമ ഭേദഗതിയിലൂടെ നാല്പതാം അനുച്ഛേദം പൂർണമായും എടുത്ത് മാറ്റിയിട്ടുണ്ടെന്നും അതുപോലെ 52 എയിൽ അമെൻഡ്മെന്റ് നടത്തിയത് പോലെ ഏകദേശം 44 ഭേദഗതികൾ ബില്ലിൽ വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ 152 ദിവസങ്ങളായി സാധാരണക്കാരായ മുനമ്പത്തെ ആളുകൾക്ക് ഭൂമി ലഭിക്കാനുള്ള സമരം നടത്തി വരുകയാണ്. എന്നാൽ അതിന് ഒരു പരിഹാരം ലഭിക്കുന്നില്ല എന്നത് നിരാശ ജനകമാണ്. ആശങ്ക ഉളവാക്കുന്ന കാര്യമാണ്. അതുകൊണ്ട് നിയമപരമായി മുന്നോട്ട് പോകേണ്ട ആവശ്യകതയുണ്ട്. രാഷ്ട്രീയ പാർട്ടികൾ ജങ്ങളെ ഒത്തിരിയേറെ തെറ്റിധരിപ്പിച്ചിട്ടുണ്ട്. ആ തെറ്റിദ്ധാരണയുടെ പുറത്തായിരിക്കും മുനമ്പത്തെ ജനത ചില രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂലമായി പ്രതികരിച്ചത്. ഈ പ്രശനത്തിനുള്ള ശാശ്വതമായ പരിഹാരം വഖഫ് ഭേദഗതി ബില്ലിലൂടെ ഉണ്ടാകുന്നില്ല,’ ആന്റണി വടക്കേക്കര പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾക്ക് ഏതു വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകും. ഇക്കാര്യത്തിൽ ഞങ്ങൾ രാഷ്ട്രീയം കാണുന്നില്ലെന്നും ആന്റണി വടക്കേക്കര മാധ്യമങ്ങളോട് പറഞ്ഞു
അതേസമയം കഴിഞ്ഞ ദിവസം വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്തിന് നീതി ലഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു സമ്മതിച്ചിരുന്നു. സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരണം. അവിടെ ഭേദഗതി മുനമ്പം ജനതക്ക് നീതി ലഭിക്കാൻ ഇടയാക്കും എന്നും മന്ത്രി പ്രതികരിച്ചു. ഇതോടെ വഖഫ് നിയമ ഭേദഗതി മുനമ്പ പ്രശ്ന പരിഹാരത്തിന് വഴിതുറക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദം കേന്ദ്രമന്ത്രി തന്നെ തള്ളിയത്. ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി റിജിജു.
Content Highlight: Disappointed in Munambam issue, law disappointing: Syro-Malabar Church