പിണറായി വിജയനെതിരായ ഇ.ഡി റെയ്ഡിനോട് യോജിക്കുന്നില്ല; ബി.ജെ.പി ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുകയാണ്: ഷിബു ബേബി ജോണ്‍
Kerala
പിണറായി വിജയനെതിരായ ഇ.ഡി റെയ്ഡിനോട് യോജിക്കുന്നില്ല; ബി.ജെ.പി ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുകയാണ്: ഷിബു ബേബി ജോണ്‍
നിഷാന. വി.വി
Friday, 29th May 2026, 8:27 am

കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി റെയ്ഡിനെ അപലപിക്കുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ.ഡി റെയ്ഡിനെ ആര്‍.എസ്.പി ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും അദ്ദേം പറഞ്ഞു.

ഇ.ഡിയെ ബി.ജെ.പി രാഷ്ട്രീയ ഉപകരണമായി മാറ്റിയിട്ട് കാലങ്ങളായെന്നും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന സ്ഥാപനമായി ഇ.ഡിയെ മാറ്റിയിട്ടുണ്ടെന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മറ്റ് സംസ്ഥാനങ്ങളിലെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്തതാണ് കേരളത്തില്‍ ആവര്‍ത്തിക്കുന്നതെങ്കില്‍ അതിനെ ശക്തമായി അപലപിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടന്നത്. കണ്ണൂര്‍ പാണ്ടാല്യമുക്കിലെ പിണറായി വിജയന്റെ വീട്ടില്‍ ബുധനാഴ്ച രാവിലെ 8.30നാണ് ഇഡി പരിശോധന ആരംഭിച്ചത്.

മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ കേസുമായി ബന്ധപ്പെട്ട യാതൊരു രേഖകളും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ മഹസറില്‍ രേഖപ്പെടുത്തി നല്‍കി.

കണ്ണൂരില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും കൂകിവിളിക്കുകയും ചെയ്തു. ഒടുവില്‍ പാര്‍ട്ടി നേതാക്കളുടെ ഇടപെടലിലൂടെയാണ് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാനുള്ള വഴി ഒരുക്കിയത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിണറായി വിജയ്‌ന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

Content Highlight: Disagree with ED raid against Pinarayi Vijayan; BJP is using ED as a political weapon: Shibu Baby John

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.