കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ ഡിസേബിള്‍ഡ് ഭിന്നശേഷി സൗഹൃദ സൗകര്യങ്ങള്‍ ലഭ്യമാക്കാത്ത ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി ഭിന്നശേഷിക്കാരനായ യുവാവ്. കൊയിലാണ്ടി കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫോര്‍ ഒ ക്ലോക്ക് ഹോട്ടലില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രവേശിക്കാനുള്ള റാമ്പ് സൗകര്യമില്ലാത്തതിലാണ് പ്രതിഷേധം. ഭിന്നശേഷിക്കാരനായ കൊല്ലം സ്വദേശി അശ്വിന് ബാബുവാണ് ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ തനിക്ക് റാമ്പ് സൗകര്യമില്ലാത്തതിനാല്‍ ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്ന് അശ്വിന് ബാബു പറഞ്ഞു. തുടര്‍ന്ന് താന്‍ എത്തിയ കാറിലേക്ക് ചായ എത്തിച്ചുനല്കാന് ആവശ്യപ്പെട്ടെങ്കിലും ഹോട്ടലിലെ തിരക്ക് കാരണം പുറത്തേക്ക് ചായ എത്തിച്ചുനല്കാന് ബുദ്ധിമുട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതോടെയാണ് ഹോട്ടല്‍ നടത്തിപ്പുകാരുമായി തര്‍ക്കമുണ്ടായതും തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചതും.


സമരത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 25-നകം ഹോട്ടലില്‍ റാമ്പ് ഉള്‍പ്പെടെയുള്ള ഭിന്നശേഷി സൗഹൃദ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ബാത്ത്റൂം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരിക്കുമെന്നും ഹോട്ടല്‍ അധികൃതര്‍ രേഖാമൂലം ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് അശ്വിന് ബാബു സമരം അവസാനിപ്പിച്ചത്.
കൊയിലാണ്ടിയിലെ ബഹുഭൂരിപക്ഷം ഹോട്ടലുകളിലും ഭിന്നശേഷിക്കാര്‍ക്ക് സുഗമമായി പ്രവേശിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള അടിസ്ഥാന സംവിധാനങ്ങളില്ലെന്ന് അശ്വിന് ബാബു ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങളില്‍ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Disabled Person Protested In front of Restaurant Which Not Provide Ramp Accessibility
