ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. എന്നിരുന്നാലും ഇരു താരങ്ങളിലും ആരാണ് ഏറ്റവും മികച്ചതെന്ന ആരാധകരുടെ സംവാദങ്ങള്‍ ഇപ്പോഴും അറ്റംകാണാതെ പോകുകയാണ്.
എന്നാല്‍ ഇരുവരിലും ആരാണ് ഒരുപടി മുന്നിലുള്ളത് ലയണല്‍ മെസിയാണെന്ന് പറയുകയാണ് മുന്‍ ലാ ലിഗ മിഡ് ഫീല്‍ഡര്‍ ഡര്‍ക്ക് ബോട്ടെങ് റെക്‌സണ്‍. രണ്ട് പേരും വ്യത്യസ്ത ശൈലിയില്‍ കളിക്കുന്ന താരങ്ങളാണെന്നും എന്നാല്‍ മെസിയുടെ കളിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുന്ന മെസി, Photo:x.Com
‘എന്നെ സംബന്ധിച്ചിടത്തോളം അവര്‍ രണ്ട് പേരും വ്യത്യസ്ത തരം കളിക്കാരാണ്. റൊണാള്‍ഡോയ്ക്ക് എല്ലാം ഉണ്ട്: ശരീരഘടന, ഉയരം, ശരീരം, വേഗത, ശക്തി, അങ്ങനെയെല്ലാം…പക്ഷേ മെസി റൊണാള്‍ഡോയില്‍ നിന്ന് വ്യത്യസ്തനാണ്. മെസിക്കൊപ്പം മൈതാനത്ത് നില്‍ക്കുമ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കില്ല, എന്നാല്‍ അദ്ദേഹം പന്ത് ടച്ച് ചെയ്യുമ്പോഴെല്ലാം നിങ്ങള്‍ അവനെ ബഹുമാനിച്ച് പോകും.
ചിലപ്പോള്‍ മെസി കളിക്കുന്ന രീതി കാണുമ്പോള്‍ അദ്ദേഹം ഒരു മനുഷ്യനല്ലെന്ന് എനിക്ക് തോന്നും. അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിലാണ് അദ്ദേഹം കളിക്കുന്നത്. മത്സരങ്ങളില്‍ ചിലപ്പോള്‍, റൊണാള്‍ഡോയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ നടക്കാത്തപ്പോള്‍ അവന്‍ കളിയെ തന്റെ അടുത്തേക്ക്‌കൊണ്ടുവരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും.
പക്ഷെ മെസിയെ സംബന്ധിച്ചിടത്തോളം, അദ്ദേഹം എപ്പോഴും കളി തന്നിലേക്ക് വരാന്‍ കാത്തിരിക്കുന്ന ആളാണ്. രണ്ടുപേരും മികച്ച കളിക്കാരാണ്, പക്ഷേ നിങ്ങള്‍ എന്നോട് വ്യക്തിപരമായി ചോദിക്കുമ്പോള്‍, ഞാന്‍ എപ്പോഴും മെസിയെ എന്റെ ടീമില്‍ ഉള്‍പ്പെടുത്തും,’ ബോട്ടെങ് പറഞ്ഞു.
2001നും 2013നും ഇടയില്‍ ഘാനയ്ക്ക് വേണ്ടി കളിച്ച താരമാണ് ബോട്ടെങ്. 2017ല്‍ അദ്ദേഹം ഗ്രീക്ക് ക്ലബ്ബായ ഒ.എഫ്.ഐ ക്രീറ്റിലും സാന്നിധ്യമറിയിച്ച ശേഷം വിരമനിക്കുകയായിരുന്നു.
അതേസമയം ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കി കുതിക്കുകയാണ് പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോ. 954 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. 1000 ഗോള്‍ നേട്ടത്തിലേക്കാണ് താരത്തിന്റെ കുതിപ്പ്. മെസി ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമനായും തുടരുകയാണ്. നിലവില്‍ 896 ഗോളുകളാണ് അര്‍ജന്റൈന്‍ താരം അടിച്ചെടുത്തത്.
മെസിയും റൊണാള്‍ഡോയും ഇപ്പോഴും കളത്തില്‍ സജീവമാണ്. നിലവില്‍ റോണോ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടി കളിക്കുകയാണ്. അതേസമയം മേജര്‍ ലീഗ് സോക്കറിലാണ് മെസി. ഇന്റര്‍ മയാമിക്ക് വേണ്ടി ഈ സീസണിലെ എം.എല്‍.എസ് കിരീടം നേടാന്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചിരുന്നു.
Content Highlight: Dirk Boateng talks about Lionel Messi and Cristiano Ronaldo