ഇതും ഒരു വെടിക്കെട്ടാണ് അല്ലാതെ മോണ്‍സ്റ്ററിന്റെ സാംപിള്‍ അല്ല; പുതിയ ചിത്രത്തെക്കുറിച്ച് വൈശാഖ്
Entertainment news
ഇതും ഒരു വെടിക്കെട്ടാണ് അല്ലാതെ മോണ്‍സ്റ്ററിന്റെ സാംപിള്‍ അല്ല; പുതിയ ചിത്രത്തെക്കുറിച്ച് വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th March 2022, 11:02 am

റോഷന്‍ മാത്യു അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് റിലീസിന് തയാറെടുത്തിരിക്കുകയാണ്.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം മോണ്‍സ്റ്ററും പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്.

മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ പുലിമുരുകന് ശേഷം മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ട് ഒന്നിക്കുന്നു എന്നതിനാല്‍ തന്നെ മോണ്‍സ്റ്ററിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

മോണ്‍സ്റ്ററിനെക്കുറിച്ചും നൈറ്റ് ഡ്രൈവിനെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ വൈശാഖ്. നൈറ്റ് ഡ്രൈവിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

മോണ്‍സ്റ്ററിന് മുമ്പുള്ള സാംപിള്‍ വെടിക്കെട്ടായി നൈറ്റ് ഡ്രൈവിനെ കാണാന്‍ പറ്റുമോ എന്ന അവതാരകന്റെ ചോദ്യത്തിന് നൈറ്റ് ഡ്രൈവും ഒരു വെടിക്കെട്ട് തന്നെയാണെന്നും മോണ്‍സ്റ്ററിന് നല്‍കിയ അതേ പ്രാധാന്യത്തോടെയാണ് ചിത്രം ചെയ്തിരിക്കുന്നതെന്നുമാണ് വൈശാഖ് പറയുന്നത്.

”ഇതും ഒരു വെടിക്കെട്ടാണ്, സാംപിള്‍ അല്ല. കാര്യമായിട്ട് തന്നെ എടുത്തതാണ്. ഒന്നിന് പിറകേ ഒന്ന് എന്ന രീതിയില്‍ കാണേണ്ടതില്ല.

എല്ലാം ഒരേ പ്രാധാന്യത്തോടെ തന്നെയാണ് ചെയ്യുന്നത്. മോണ്‍സ്റ്ററിന് ഞാന്‍ കൊടുത്തിരിക്കുന്ന എല്ലാ പ്രാധാന്യത്തോടെയും സ്‌നേഹത്തോടെയുമാണ് നൈറ്റ് ഡ്രൈവും ഞാന്‍ ചെയ്തിരിക്കുന്നത്.

നൈറ്റ് ഡ്രൈവ് വേറൊരു തരത്തിലുള്ള സിനിമയാണ്, എന്റര്‍ടെയിനറാണ്. മോണ്‍സ്റ്റര്‍ വേറൊരു തരത്തിലുള്ള സിനിമയാണ്, അതും എന്റര്‍ടെയിനറാണ്,” വൈശാഖ് പറഞ്ഞു.

ഇന്ദ്രജിത്തും നൈറ്റ് ഡ്രൈവില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Content Highlight: Director Vyshakh about Night Drive movie with Anna Ben, Roshan Mathew, Indrajith and Monster with Mohanlal