‘വാഴ’, ‘ജയ ജയ ജയ ജയ ഹേ’ ഉള്‍പ്പെടെയുള്ള തന്റെ സിനിമകളില്‍ സാമൂഹിക വിഷയങ്ങള്‍ ബോധപൂര്‍വ്വമാണ് ഉള്‍പ്പെടുത്തുന്നതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ വിപിന്‍ ദാസ്. പാരന്റിങ്, വിദ്യാഭ്യാസ വ്യവസ്ഥ, മയക്കുമരുന്ന് തുടങ്ങിയ വിഷയങ്ങള്‍ സിനിമയിലൂടെ ചര്‍ച്ചയാക്കുന്നത് എന്തുകൊണ്ടാണെന്നും, ഇത്തരം വിഷയങ്ങളോട് താന്‍ പുലര്‍ത്തുന്ന സമീപനം എന്താണെന്നും അദ്ദേഹം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സിനിമ സമൂഹത്തെ സ്വാധീനിക്കില്ല എന്ന വാദത്തോട് തനിക്ക് യോജിപ്പില്ലെന്ന് വിപിന്‍ ദാസ് പറയുന്നു. വായനയേക്കാള്‍ കൂടുതല്‍ സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും, തന്റെ വ്യക്തിത്വവും സാമൂഹിക കാഴ്ചപ്പാടുകളും രൂപപ്പെടുത്തിയത് സിനിമകളാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ സിനിമയിലൂടെ പറയുന്നത് അന്തിമ സത്യമാണെന്നോ, ഞാനാണ് ശരിയെന്നോ അവകാശപ്പെടുന്നില്ല. കാണികള്‍ക്കിടയില്‍ ഒരു ചര്‍ച്ച തുടങ്ങിവെക്കുക മാത്രമാണ് ലക്ഷ്യം.
ഒരുപക്ഷെ പത്ത് വര്‍ഷം കഴിയുമ്പോള്‍ ഞാന്‍ പറഞ്ഞത് തെറ്റായി മാറാം. ഉദാഹരണത്തിന് ‘ജയ ജയ ജയ ജയ ഹേ’യില്‍ പറയുന്ന സ്ത്രീ തുല്യത, ഒരു 50 വര്‍ഷം കഴിയുമ്പോള്‍ സമൂഹത്തില്‍ സ്വാഭാവികമായ ഒന്നായി മാറിയേക്കാം. അന്ന് ആ സിനിമ കാണുന്നവര്‍ക്ക് ‘ഇതില്‍ എന്താണ് ഇത്ര പറയാനുള്ളത്, ഇത് ഓള്‍റെഡി ഇങ്ങനെയാണല്ലോ’ എന്ന് തോന്നാം. അതിനാല്‍ വിഷയങ്ങള്‍ ടേബിളില്‍ കൊണ്ടു വെക്കുക എന്നതിനപ്പുറം ഞാനൊരു ഡിസിഷന്‍ മേക്കര്‍ ആകുന്നില്ല. ശരിയും തെറ്റും പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.’, വിപിന്‍ ദാസ് പറയുന്നു.
ജയ ജയയിലെ കോര്‍ട്ട്റൂം രംഗം, വാഴ ഒന്നിലെ ബേസിലിന്റെ പൊലീസ് സ്റ്റേഷന്‍ രംഗം, വാഴ 2-വിലെ അല്‍ഫോണ്‍സ് പുത്രന്റെ പി.ടി.എ മീറ്റിങ് രംഗം എന്നിവയെല്ലാം സാമൂഹിക വിഷയങ്ങളോടുള്ള പ്രതികരണങ്ങളാണ്. എന്നാല്‍ ഇതൊരു ഉപദേശമായി മാറുന്നുണ്ടോ എന്ന് ഒപ്പമുള്ളവര്‍ തന്നെ ആ സമയത്ത് ചോദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വാഴ 2 ല്‍ അല്‍ഫോണ്‍സ് പുത്രന്റെ സീന്‍ ഒരു ഘട്ടത്തില്‍ അല്‍പം ഉപദേശക്കൂടുതലായോ എന്ന് തോന്നിയിരുന്നു. അത് ഭയങ്കരമായി പ്രീച്ചി ആകാതിരിക്കാനും പ്രേക്ഷകര്‍ക്ക് മുഷിപ്പ് ഒഴിവാക്കാനുമാണ് വാഷ്‌റൂമിലേക്കും പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കുമുള്ള ഇന്റര്‍കട്ടുകള്‍ നല്‍കി ആ രംഗം മാനേജ് ചെയ്തത്.
എന്നാല്‍ എല്ലാ സിനിമകളും സാമൂഹിക പ്രശ്‌നങ്ങള്‍ പറയാനുള്ളതല്ല. ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രം വളരെ ബോധപൂര്‍വ്വം ഒരു ‘പോപ്പ്കോണ്‍ എന്റര്‍ടെയ്‌നര്‍’ ആയി മാത്രം എടുത്തതാണ്.
അതില്‍ വലിയ ഡെപ്ത് ഇല്ലെന്ന് ആളുകള്‍ പറയുന്നതും അതുകൊണ്ട് തന്നെയാണ്. വേണമെങ്കില്‍ അതിലും കുറച്ച് ഇമോഷന്‍സ് കുത്തിനിറച്ച്, ഉപദേശങ്ങളൊക്കെ വെച്ച് ഒന്ന് മാറ്റിയെടുക്കാമായിരുന്നു. പക്ഷെ ആ സിനിമ അതിനുള്ളതല്ല.
കാഴ്ചയ്ക്കപ്പുറം മറ്റൊന്നും അതില്‍ വേണ്ടെന്നത് തീരുമാനിക്കുകയായിരുന്നു. അതേസമയം പൊളിറ്റിക്കലി റോങ് ആവാതിരിക്കാനും ശ്രദ്ധിച്ചിരുന്നു.
എന്നാല്‍ ‘വാഴ’, ‘ജയഹേ’ എന്നീ ചിത്രങ്ങള്‍ അങ്ങനെയല്ല. ഈ വിഷയങ്ങള്‍ അഡ്രസ് ചെയ്യാന്‍ വേണ്ടി തന്നെയാണ് ആ സിനിമകള്‍ ചെയ്തത്. സാമൂഹിക വിഷയങ്ങള്‍ ഇല്ലാതെ ഈ മൂന്ന് സിനിമകളും ഇല്ല, പിന്നെ എന്തിനാണ് ഈ സിനിമകള്‍ ചെയ്യുന്നത്,’ വിപിന്‍ ദാസ് ചോദിക്കുന്നു.
Content Highlight: Director Vipin Das about politucal Issues in his Movies
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.