ലിഫ്റ്റില്‍ നിന്ന് ഇറങ്ങിവന്ന എന്നെക്കണ്ട് മുഖം തരാതിരിക്കാന്‍ കലാഭവന്‍ മണി ഓടി; മുറിയിലേക്ക് ചെന്നപ്പോള്‍ അവിടെ ഇരുന്ന് കരയുന്നു: വിനയന്‍
Entertainment news
ലിഫ്റ്റില്‍ നിന്ന് ഇറങ്ങിവന്ന എന്നെക്കണ്ട് മുഖം തരാതിരിക്കാന്‍ കലാഭവന്‍ മണി ഓടി; മുറിയിലേക്ക് ചെന്നപ്പോള്‍ അവിടെ ഇരുന്ന് കരയുന്നു: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th September 2022, 9:05 am

കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളിലൂടെ കലാഭവന്‍ മണി എന്ന നടനെ നായകനാക്കി പ്രതിഷ്ഠിച്ച സംവിധായകനാണ് വിനയന്‍. മലയാള സിനിമാ രംഗത്ത് നിരവധി താരങ്ങളുടെ എതിര്‍പ്പുകളും സംഘടനകളുടെ ‘വിലക്കുകളും’ നേരിടേണ്ടി വന്ന സമയത്ത് കലാഭവന്‍ മണിക്ക് തന്നെ തിരിച്ച് സഹായിക്കാന്‍ പറ്റാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് വിനയന്‍.

തന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍ സ്റ്റോപ്പ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാഭവന്‍ മണി തന്റെ നിസഹായാവസ്ഥയെ കുറിച്ച് പറഞ്ഞ കാര്യം വിനയന്‍ ഓര്‍ത്തെടുത്തത്.

സിനിമാ രംഗത്തെ എതിര്‍പ്പ് മറികടന്ന് പല നടന്മാരെയും എസ്റ്റാബ്ലിഷ് ചെയ്തിട്ടുണ്ടല്ലോ, എന്നാല്‍ അവരില്‍ നിന്നും ആ പിന്തുണ തിരിച്ച് ലഭിക്കാറുണ്ടോ, എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനയന്‍.

”അതങ്ങനെ കിട്ടത്തില്ലല്ലോ, അങ്ങനെ ചിന്തിക്കേണ്ട. എത്ര കോടി രൂപയുടെ വരുമാനമുള്ളവരാണ് ഇവരൊക്കെ. ഈ ലെവലിലെത്തുമ്പോള്‍ ഇവരുടെ ലൈഫ്‌സൈറ്റൈല്‍ തന്നെ മാറില്ലേ.

പണ്ട് നമ്മളുടെ കൂടെ നിന്ന, ഒരുമിച്ച് യാത്ര ചെയ്ത ആളെന്ന നിലക്ക് ഇയാള്‍ക്ക് വേണ്ടി എന്തിനാ നില്‍ക്കുന്നത് എന്ന് വിചാരിക്കില്ലേ. എല്ലാ ബഹുമാനത്തോടും കൂടി തന്നെ ഇദ്ദേഹത്തിന് വേണ്ടി എന്തിനാ ബുദ്ധിമുട്ടുന്നതെന്ന് കരുതില്ലേ.

അത് നമ്മള്‍ പ്രതീക്ഷിക്കുകയും ചെയ്യരുത്. നമ്മള്‍ അതല്ല, പ്രത്യേകിച്ച് ഈ സിനിമാ ഫീല്‍ഡ്. രാഷ്ട്രീയത്തില്‍ കുറച്ചെങ്കിലും ഉണ്ട്. സിനിമാ ഫീല്‍ഡില്‍ ഈ ആറ്റിറ്റിയൂഡ് കാണിക്കാനേ പറ്റില്ല. കാണിച്ചാല്‍ ചിലപ്പോള്‍ ഒരു കൊച്ചു സംഭവം പോലും അവരുടെ നിലനില്‍പിനെ തന്നെ ബാധിക്കും.

അതുകൊണ്ട് എന്റെ മോശം സമയത്ത് ആരും വന്നില്ല, എന്നെ സഹായിച്ചില്ല എന്ന പരാതി പറയാറില്ല.

പണ്ട് ഒരിക്കല്‍ മദ്രാസില്‍ പോയ സമയത്ത് കലാഭവന്‍ മണി എന്നെ കണ്ട് കോറിഡോറിലൂടെ ഓടി, എനിക്ക് മുഖം തരാതിരിക്കാന്‍. മണി ഉള്ളപ്പോള്‍ തന്നെ ഞാന്‍ ഇത് അഭിമുഖങ്ങളില്‍ പറയാറുണ്ട്.

ഞാന്‍ ലിഫ്റ്റില്‍ ചെന്ന് ഇറങ്ങിയപ്പോള്‍ കലാഭവന്‍ മണി എന്നെ കണ്ട് ഓടിക്കളഞ്ഞു. മുറിയിലേക്ക് ഞാന്‍ ഇടിച്ചുകയറിചെന്നപ്പോള്‍ അയാള്‍ അവിടെ ഇരുന്ന് കരയുകയാ.

സാറിനെ പോലെ ഒരാള്‍ക്കെതിരെ ഇങ്ങനെ നടക്കുമ്പോള്‍ അതിനെതിരെ പരസ്യമായി ഒരു പ്രസ് മീറ്റ് നടത്താനോ സാറിന്റെ കൂടെ നില്‍ക്കാനോ എനിക്കിപ്പോള്‍ പറ്റുന്നില്ല. സാറിന് സാമ്പത്തിക പ്രശ്‌നമുണ്ടെങ്കില്‍ നമുക്ക് ഒരു കാസറ്റ് ചെയ്യാം (അന്ന് ഇവന്റെ കാസറ്റിന് വലിയ മാര്‍ക്കറ്റാണ്), എന്ന് എന്നോട് വിളിച്ചുപറഞ്ഞു.

പിന്നേ നിന്റെ കാസറ്റ് കൊണ്ട് വേണമല്ലോ ഞാന്‍ ജീവിക്കാന്‍, ഞാനിവിടെ പാലാരിവട്ടത്ത് എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കും, എന്ന് ഞാന്‍ തമാശയില്‍ പറഞ്ഞു. അതൊക്കെ മുഴുവന്‍ മനസിലുണ്ടായിരുന്നു.

അയാളൊരു ഭയങ്കര ശുദ്ധനായ മനുഷ്യനാണ്. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് എന്നോട് പറഞ്ഞത്,” വിനയന്‍ പറഞ്ഞു.

അതേസമയം, സിജു വില്‍സണെ കേന്ദ്ര കഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് മികച്ച അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര കഥാപാത്രമായാണ് സിജു വില്‍സണ്‍ എത്തുന്നത്.

ചെമ്പന്‍ വിനോദ്, ഹണി റോസ്, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, ദീപ്തി സതി, സെന്തില്‍ കൃഷ്ണ, പൂനം ബജ്വ, സുദേവ് നായര്‍ എന്നിവരാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ കഥാപാത്രത്തെ നെഗറ്റീവ് ഷേഡില്‍ അവതരിപ്പിച്ചത് ചര്‍ച്ചയായിട്ടുണ്ട്.

Content Highlight: Director Vinayan recalls an experience with Kalabhavan Mani