എന്റെ സിനിമയാണ് ലൂസിഫറിന് പ്രചോദനമായതെന്ന് പൃഥ്വിരാജ് പറഞ്ഞതോടെ ആ സിനിമ റീമേക്ക് ചെയ്യാനുള്ള അവസരം ഞാന്‍ ഉപേക്ഷിച്ചു: സുജീത്
Indian Cinema
എന്റെ സിനിമയാണ് ലൂസിഫറിന് പ്രചോദനമായതെന്ന് പൃഥ്വിരാജ് പറഞ്ഞതോടെ ആ സിനിമ റീമേക്ക് ചെയ്യാനുള്ള അവസരം ഞാന്‍ ഉപേക്ഷിച്ചു: സുജീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th September 2025, 3:06 pm

തെലുങ്കില്‍ നിലവില്‍ ഏറ്റവും ആരാധകരുള്ള സംവിധായകരിലൊരാളാണ് സുജീത്. റണ്‍ രാജാ റണ്‍ എന്ന റോം കോമിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന സുജീത് തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചു. സാഹോ എന്ന ആക്ഷന്‍ ത്രില്ലറിലൂടെ ബിഗ് ബജറ്റ് സിനിമകള്‍ ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് സുജീത് തെളിയിച്ചു.

തന്റെ ഇഷ്ടനടനായ പവന്‍ കല്യാണിനെ നായകനാക്കി ഒരുക്കിയ ഓ.ജി. ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. സാഹോക്ക് ശേഷം ആറ് വര്‍ഷത്തോളം സിനിമാലോകത്ത് കാണാതിരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സുജീത്. ഓ.ജിക്ക് മുമ്പ് ഒരുപാട് പ്രൊജക്ടുകള്‍ തന്നെത്തേടി എത്തിയിരുന്നെന്നും എന്നാല്‍ അതില്‍ പലതും നടന്നില്ലെന്നും സുജീത് പറഞ്ഞു.

‘മലയാളത്തില്‍ ഹിറ്റായ ലൂസിഫറിന്റെ റീമേക്ക് തെലുങ്കില്‍ ചെയ്യാന്‍ വേണ്ടി എന്നെ സമീപിച്ചിരുന്നു. ചിരഞ്ജീവി, റാം ചരണ്‍ തുടങ്ങി വലിയ കാസ്റ്റൊക്കെ ആ സമയത്ത് എന്റെ മുന്നിലെത്തുകയും ചെയ്തു. ലൊക്കേഷനൊക്കെ ഏറെക്കുറെ ഉറപ്പിച്ച് വെച്ചപ്പോഴായിരുന്നു കൊവിഡ് വന്നത്. ലോകം മൊത്തം സ്റ്റക്കായി, സിനിമയും നിര്‍ത്തിവെക്കേണ്ടി വന്നു.

റീമേക്ക് ചെയ്യാന്‍ എനിക്ക് ഒരിക്കലും താത്പര്യമില്ല. ഒറിജിനല്‍ ഐഡിയകള്‍ ചെയ്യാനാണ് എനിക്ക് ആഗ്രഹം. ആ പ്രൊജക്ടില്‍ മലയാളിയായ സുജിത്ത് വാസുദേവായിരുന്നു ഡി.ഓ.പി. അദ്ദേഹവും പൃഥ്വിരാജും ഇടക്ക് കോണ്‍ഫറന്‍സ് കോള്‍ ചെയ്യുമായിരുന്നു. കോളിന് ശേഷം സുജിത് എന്നോട് സംസാരിക്കുകയും ചെയ്തു.

‘ലൂസിഫറിന്റെ ഷൂട്ടിനിടെ ഞങ്ങള്‍ സാഹോയുടെ ടീസര്‍ കണ്ടിരുന്നു. സത്യം പറഞ്ഞാല്‍ അന്തം വിട്ടുപോയി. ആ വേള്‍ഡ് ബില്‍ഡിങ്ങും മേക്കിങ്ങുമെല്ലാം ലൂസിഫര്‍ ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് പ്രചോദനമായി’ എന്നായിരുന്നു സുജിത് പറഞ്ഞത്. അത് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ഒരു ഫീലായിരുന്നു. നമ്മുടെ സിനിമ കണ്ടിട്ട് അവര്‍ അവരുടെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ സിനിമ ചെയ്തു. അതിനെ എന്തിനാണ് റീമേക്ക് ചെയ്യേണ്ടത് എന്ന് ആലോചിച്ച് ഞാന്‍ പിന്മാറുകയായിരുന്നു,’ സുജീത് പറഞ്ഞു.

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തിയ ചിത്രമായിരുന്നു സാഹോ. വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ ശരാശരി വിജയം മാത്രമായിരുന്നു സ്വന്തമാക്കിയത്. 350 കോടി ബജറ്റിലൊരുങ്ങിയ സാഹോ വെറും 420 കോടി മാത്രമായിരുന്നു നേടിയത്. ലോജിക്കില്ലാത്ത ആക്ഷന്‍ സീനുകളായിരുന്നു ചിത്രത്തിന് വിനയായത്.

Content Highlight: Director Sujeeth saying why he quit from Lucifer movie remake