ബാഹുബലി മൂന്ന് സംഭവിക്കുമോ; മറുപടിയുമായി രാജമൗലി
Entertainment news
ബാഹുബലി മൂന്ന് സംഭവിക്കുമോ; മറുപടിയുമായി രാജമൗലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th March 2022, 3:53 pm

ഇന്ത്യന്‍ സിനിമയെ ലോകസിനിമക്ക് അവതരിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ മൂന്നാം ഭാഗം വരുന്നുണ്ടോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി തെന്നിന്ത്യയുടെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്.എസ്. രാജമൗലി.

ബാഹുബലിയുടെ മൂന്നാം ഭാഗം സംഭവിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നും തനിക്ക് വേണമെന്ന് തോന്നിയാല്‍ മാത്രം ബാഹുബലിക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്നും ഒരു ഫിലിം പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ രാജമൗലി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ളവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ബാഹുബലി പോലൊരു സിനിമ തങ്ങളില്‍ നിന്നും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാമെന്നും ബാഹുബലിയുടെ നിര്‍മാതാവ് ഷോബു യാര്‍ലഗഡ്ഡയുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും രാജമൗലി പറഞ്ഞു.

”ബാഹുബലിയെ ചുറ്റിപ്പറ്റി ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. പല കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ പഠിക്കുകയും പരിശോധിക്കുകയും ചെയ്യന്നുണ്ട്.

കുറച്ച് സമയമെടുക്കും. എങ്കിലും വൈകാതെ തന്നെ ബാഹുബലിയെ സംബന്ധിച്ച എക്‌സൈറ്റിങ് അപ്‌ഡേറ്റുകള്‍ പുറത്തുവരും,” സംവിധായകന്‍ പറഞ്ഞു.

ബാഹുബലിയുടെ മൂന്നാം ഭാഗം വരുമെന്നും ഉടന്‍ പ്രഖ്യാപിക്കുമെന്നുമുള്ള ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ആവേശം പകരുന്നതാണ് രാജമൗലിയുടെ പ്രതികരണം.

ഇതിനിടെ, ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരെ അണിനിരത്തി രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ റിലീസിന് തയാറെടുക്കുകയാണ്.

ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലായി മാര്‍ച്ച് 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ജനുവരി 7ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു.

1920കള്‍ പശ്ചാത്തലമാക്കുന്ന സിനിമ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് പറയുന്നത്.


Content Highlight: Director SS Rajamouli open up about Bahubali sequel, Bahubali 3 will happen or not