ഗോഡ്ഫാദറിലെ നായികയാകേണ്ടിയിരുന്നത് സൂപ്പര്‍താരം, പകരം വന്ന കനകത്തെ കണ്ടപ്പോള്‍ ഞങ്ങള്‍ക്കാകെ ടെന്‍ഷനായി: സിദ്ദിഖ്
Entertainment news
ഗോഡ്ഫാദറിലെ നായികയാകേണ്ടിയിരുന്നത് സൂപ്പര്‍താരം, പകരം വന്ന കനകത്തെ കണ്ടപ്പോള്‍ ഞങ്ങള്‍ക്കാകെ ടെന്‍ഷനായി: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th November 2022, 4:59 pm

1991ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഗോഡ്ഫാദര്‍. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും ഏറെ പ്രേക്ഷക പ്രശംസകള്‍ ഏറ്റുവാങ്ങുന്നുണ്ട്. കനക, സിദ്ദിഖ്, മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, എന്‍. എന്‍. പിള്ള, തിലകന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.

സിനിമയില്‍ ആദ്യം നായികയായി തെരഞ്ഞെടുത്തത് ഉര്‍വ്വശിയെ ആയിരുന്നുവെന്നും പിന്നീട് ചില പ്രശ്‌നങ്ങള്‍ കാരണം കനക ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കനക ആദ്യം സെറ്റിലേക്ക് വന്നപ്പോഴുണ്ടായ കാര്യങ്ങളെക്കുറിച്ചും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞു.

”ആദ്യം ആ റോളിന് വേണ്ടി എടുത്തത് ഉര്‍വ്വശിയെ ആയിരുന്നു. പിന്നീട് ചില പ്രശ്‌നങ്ങള്‍ കാരണം ഉര്‍വ്വശി മാറിയിട്ടാണ് കനക വരുന്നത്. ഷൂട്ടിങ് തുടങ്ങുന്ന ദിവസം തന്നെ കനക വരുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

ഞാനും ലാലുവും വേണുവും ലിഫ്റ്റില്‍ നിന്ന് ഇറങ്ങി വരുകയായിരുന്നു. ആ സമയത്ത് തന്നെ റിസപ്ഷനില്‍ ഈ കുട്ടി നില്‍ക്കുന്നുണ്ട്. ഒരു സോഡകുപ്പി കണ്ണടയോക്കെ വെച്ചിട്ട് കാണുമ്പോള്‍ ഒരിക്കലും ഹീറോയിനാണെന്ന് നമ്മള്‍ വിചാരിച്ചുന്നില്ല. പിന്നെയാണ് ഞങ്ങളെ പരിചയപ്പെടുത്തിയത്.

നമസ്‌കാരം പറഞ്ഞപ്പോള്‍ വേറെ ഏതോ കുട്ടിയാണെന്ന് കരുതി ഞങ്ങളും നമസ്‌കാരം പറഞ്ഞു. മുടി എല്ലാം ഉയര്‍ത്തി കെട്ടി കണ്ണടയൊക്കെ വെച്ച് ഫ്രോക്കാണ് ധരിച്ചത്. കാണാന്‍ ചെറിയ കുട്ടിയേ പോലെയുണ്ട്.

ഞങ്ങള്‍ തിരിച്ച് വണ്ടിയില്‍ കേറിയപ്പോള്‍ വേണു ചോദിച്ചു ആ കുട്ടിയേ മനസിലായോ എന്ന്. അതാണ് നായിക എന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് ഞാന്‍ ഞെട്ടി. ഞങ്ങളാകെ ടെന്‍ഷനായി. ഈ കുട്ടിയേ എങ്ങനെ സിനിമയില്‍ എടുക്കുമെന്ന് ഞാന്‍ ചോദിച്ചു.

അപ്പോഴാണ് മുകേഷ് വന്നത്. ഞാന്‍ അദ്ദേഹത്തോട് കാര്യം പറഞ്ഞു. ഒന്നാമത് ചെറിയ കുട്ടിയാണെന്നും അതിന്റെ കൂടെ സോഡക്കുപ്പി കണ്ണടയും ഇട്ട് മുടിയൊക്കെ പൊക്കി കെട്ടിയാണുള്ളതെന്ന് ഞാന്‍ പറഞ്ഞു. നിങ്ങളൊന്ന് അഭിനയിപ്പിച്ച് നോക്ക് ആ കാര്യത്തില്‍ ഗ്യാരണ്ടിയുണ്ടെന്നും ഗംഭീര ആക്ട്രസ് ആണെന്നും മുകേഷ് പറഞ്ഞു.

മേക്കപ്പ് ഒക്കെ ഇട്ട് വന്ന് മുടിയെല്ലാം അഴിച്ചിട്ടപ്പോള്‍ ആള്‍ കൊള്ളാമായിരുന്നു. അതിന്റെ കൂടെ ഫസ്റ്റ് ഷോട്ട് എടുത്തപ്പോള്‍ തന്നെ കനകത്തിന്റെ ടാലന്റ് ഞങ്ങള്‍ക്ക് മനസിലായി. ശരിയായില്ലെങ്കില്‍ വേറെ ആളെ നോക്കാമെന്നായിരുന്നു ഞങ്ങള്‍ വിചാരിച്ചത്. എന്നാല്‍ ആദ്യത്തെ ഷോട്ടില്‍ തന്നെ വളരെ മനോഹരമായി കനക ചെയ്തു.

ഈ കുട്ടി ശരിയാവില്ലെന്നായിരുന്നു വേണു പറഞ്ഞത്. ഫസ്റ്റ് ഷോട്ട് എടുത്തപ്പോള്‍ അദ്ദേഹം അടുത്ത് വന്നു. കുട്ടി ഡബിള്‍ ഓക്കെയാണ് നല്ല അഭിനയമെന്ന് പറഞ്ഞു. കറക്ട് റിയാക്ഷനും നല്ല ടൈമിങ്ങുമായിരുന്നു കനകക്ക്. മുകേഷ് വല്ലാതെ പേടിച്ചിരുന്നു. കാരണം ഈ കുട്ടി പറ്റില്ലെങ്കില്‍ വേറെ കുട്ടിയെ നോക്കി കണ്ടു പിടിക്കേണ്ടി വരുമായിരുന്നു,” സിദ്ദിഖ് പറഞ്ഞു.

content highlight: director siddique about actress kanka performance in the movie godfather