ആദ്യം തനിക്കത് ചെയ്യാന്‍ പേടിയാണെന്ന് ശ്രീനി പറഞ്ഞു, പിന്നെ എല്ലാവരെയുംകൊണ്ട് കയ്യടിപ്പിച്ചു: സിദ്ദീഖ്
Entertainment news
ആദ്യം തനിക്കത് ചെയ്യാന്‍ പേടിയാണെന്ന് ശ്രീനി പറഞ്ഞു, പിന്നെ എല്ലാവരെയുംകൊണ്ട് കയ്യടിപ്പിച്ചു: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th January 2023, 9:09 am

ഫ്രണ്ട്‌സ് സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സിദ്ദീഖ്. സിനിമയിലെ ഗാനരംഗത്തില്‍ പാട്ട് പാടി അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്നാണ് നടന്‍ ശ്രീനിവാസന്‍ പറഞ്ഞതെന്നും തുടര്‍ന്നുണ്ടായ ചില സംഭവങ്ങളുമാണ് സിദ്ദീഖ് പങ്കുവെച്ചത്. ആനപ്പുറത്ത് കയറുക, പാമ്പിനെ കാണുക, പാട്ട് പാടുക എന്നീ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് പേടിയാണെന്ന് ശ്രീനിവാസന്‍ പറഞ്ഞെന്നും സിദ്ദീഖ് പറഞ്ഞു.

എന്നാല്‍ താനും നിര്‍മാതാവായ ലാലും ചേര്‍ന്ന് അതിന് കൃത്യമായൊരു പരിഹാരം കണ്ടെത്തിയെന്നും, മനോഹരമായി ശ്രീനിവാസന്‍ ആ പാട്ടില്‍ അഭിനയിച്ചെന്നും സംവിധായകന്‍ന്‍ പറഞ്ഞു. ലവ്ഫുള്ളി യുവേഴ്‌സ് വേദ എന്ന സിനിമയുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് അദ്ദേഹം പഴയ കഥ പങ്കുവെച്ചത്.

‘വിനീതും ധ്യാനും ദുല്‍ഖറുമൊക്കെ അന്ന് വളരെ ചെറിയ കുട്ടികളാണ്. ശ്രീനിയിവിടെ പാട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ പഴയ ഒരു കാര്യം ഓര്‍ത്തുപോവുകയാണ്. ഫ്രണ്ട്‌സ് സിനിമയിലെ പാട്ടിനെ കുറിച്ചാണ് പറയുന്നത്. ശ്രീനിക്ക് ഓര്‍മയുണ്ടോ എന്ന് എനിക്കറിയില്ല. സിനിമയില്‍ മുകേഷും ജയറാമും ശ്രീനിയും കൂടിയുള്ള ഒരു പാട്ടാണ് എടുക്കുന്നത്.

ആ പാട്ട് ഷൂട്ട് ചെയ്യുന്നതിന്റെ അന്ന് രാവിലെ ശ്രീനി എന്നെയും ലാലിനെയും വിളിച്ചിട്ട് പറഞ്ഞു എനിക്ക് ജീവിതത്തില്‍ പേടിയുള്ള മൂന്ന് കാര്യങ്ങളാണുള്ളത്. ഒന്ന് ആനപ്പുറത്ത് കയറുക, രണ്ട് പാമ്പ്, മൂന്നാമത്തേത് പാട്ടാണെന്ന്. പാടി അഭിനയിക്കുക എന്ന് പറയുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ടെന്‍ഷനുള്ള കാര്യമാണെന്നും പറഞ്ഞു.

പാട്ട് മാത്രമല്ല ഇതിനകത്ത് ഡാന്‍സുമുണ്ട്. സ്റ്റെപ്പ് വെക്കണമെന്നൊക്കെ ഡാന്‍സ് മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട് ഇപ്പോള്‍ തന്നെ ഞാന്‍ നല്ല ടെന്‍ഷനിലാണെന്നും ശ്രീനി പറഞ്ഞു. അങ്ങനെ ഞങ്ങളൊന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞ് ഞാനും ലാലും കൂടി മാറി നിന്നിട്ട് സംസാരിച്ചു. എന്നിട്ട് ശ്രീനിയോട് പറഞ്ഞു, എങ്കില്‍ നമുക്ക് ശ്രീനിയുടെ മാത്രമായിട്ടൊരു ഷോട്ട് എടുക്കാമെന്ന്. അത് കേട്ടപ്പോള്‍ തന്നെ പുള്ളിക്ക് ആശ്വാസമായി.

തന്നെ പാട്ടില്‍ നിന്ന് ഒഴിവാക്കുകയായിരിക്കുമെന്ന് ശ്രീനി കരുതി. ശ്രീനിയെ കാണിക്കുന്നത് ഒരു ആനപ്പുറത്താണെന്ന് ലാല്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ തന്നെ ശ്രീനി ഞെട്ടി. ആനപ്പുറത്ത് ഒരു കയ്യില്‍ പാമ്പുണ്ടാകും, എന്നിട്ട് അവിടെയിരുന്നു പാടുകയും ഇരുന്നുകൊണ്ട് ചുവട് വെക്കുകയും വേണമെന്നും ലാല്‍ പറഞ്ഞു. ഇങ്ങനെ വന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് ഞങ്ങള്‍ ചോദിച്ചു. ഇതൊരു വല്ലാത്ത ചെയ്ത്തായി പോയെന്ന് ശ്രീനി പറഞ്ഞു.

പേടി മാറണമെങ്കില്‍ ഇങ്ങനെയൊക്കെ വരണമെന്ന് ഞങ്ങള്‍ തമാശയില്‍ പറഞ്ഞു. എന്നാല്‍ ആ പടത്തില്‍ അതിമനോഹരമായിട്ട് സ്‌റ്റെപ്പ് വെക്കുകയും, മനോഹരമായിട്ട് ശ്രീനി പാടുകയും ചെയ്തു. ഇന്നും ആ പാട്ട് കാണുമ്പോള്‍ നമ്മള്‍ എല്ലാവരും കയ്യടിക്കുകയും ചെയ്യാറുണ്ട്,’ സിദ്ദീഖ് പറഞ്ഞു.

ജയറാം, മുകേഷ്, മീന, ജഗതി ശ്രീകുമാര്‍, ദിവ്യ ഉണ്ണി തുടങ്ങിയവരാണ് ഫ്രണ്ട്‌സില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമ ഇന്നും പ്രേക്ഷക പ്രിയമാണ്.

content highlight: director siddhique talks about friends movie song