പ്രഭുവും മഞ്ജുവും ചേര്‍ന്നുള്ള പാട്ട് ഷൂട്ട് ചെയ്തു; പിന്നീട് പ്രഭുവിന് പകരം വന്നത് സുരേഷ് ഗോപി: സിബി മലയില്‍
Fim news
പ്രഭുവും മഞ്ജുവും ചേര്‍ന്നുള്ള പാട്ട് ഷൂട്ട് ചെയ്തു; പിന്നീട് പ്രഭുവിന് പകരം വന്നത് സുരേഷ് ഗോപി: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th October 2023, 6:19 pm

തമിഴില്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയെ പിന്നീട് ‘സമ്മര്‍ ഇന്‍ ബത്ലഹേം’ എന്ന പേരില്‍ മലയാളത്തില്‍ ചെയ്ത സാഹചര്യത്തെ പറ്റി പറയുകയാണ് സിബി മലയില്‍. തമിഴില്‍ മഞ്ജുവിനെയും ജയറാമിനെയും പ്രഭുവിനെയുമായിരുന്നു തീരുമാനിച്ചിരുന്നതെന്നും അതിനായി പ്രഭുവും മഞ്ജുവും ചേര്‍ന്ന് പാട്ടിന്റെ സന്ദര്‍ഭം മദ്രാസില്‍ ഷൂട്ട് ചെയ്തിരുന്നെന്നും സിബി മലയില്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘1990കളുടെ മധ്യത്തില്‍ ആണെന്ന് തോന്നുന്നു, പ്രശസ്ത നിര്‍മാതാവായ കെ.ടി. കുഞ്ഞുമോന്‍ ഒരു സിനിമ ചെയ്യുന്ന കാര്യത്തെ പറ്റി സംസാരിക്കാന്‍ എന്നെ സമീപിച്ചു. അദ്ദേഹം അന്ന് തമിഴില്‍ വമ്പന്‍ ഹിറ്റുകള്‍ ചെയ്യുന്ന സമയമാണ്.

ശങ്കറിനെ പോലെയുള്ള സംവിധായകരെ വെച്ചാണ് അദ്ദേഹം വര്‍ക്കുകള്‍ ചെയ്തിരുന്നത്. അതൊക്കെ വലിയ സിനിമകളാണ്. ഞാന്‍ അന്ന് അദ്ദേഹത്തിന് വേണ്ടിയുള്ള സിനിമക്ക് കഥ ആലോചിച്ചു തുടങ്ങി.

അതേസമയം രഞ്ജിത്തുമായി എനിക്ക് ‘മായാമയൂരം’ സിനിമ ചെയ്തതിന്റെ സൗഹൃദം ഉണ്ടായിരുന്നു. അവന്‍ ഒരിക്കല്‍ മദ്രാസില്‍ വന്ന സമയത്ത് ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ കാണാന്‍ പോയി. ‘ഹം ആപ്‌ക്കേ ഹേ കോന്‍’ എന്ന സിനിമയായിരുന്നു അത്.

ആ സിനിമ വളരെ കളര്‍ഫുള്‍ ആയിരുന്നു. നല്ല ഒരു ഫാമിലി ബോണ്ടിങ്ങാണ് ആ സിനിമയില്‍ പറയുന്നത്. ഒരുപാട് പാട്ടുകളും നൃത്തങ്ങളും ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ രഞ്ജിത്തിനോട് നമുക്കും ഇതുപോലെ ഒരു സിനിമയെടുക്കാമെന്ന് പറഞ്ഞു. എനിക്ക് നല്ല ഫാമിലി ബോണ്ടിങ്ങുള്ള സിനിമയാകണം ഇനി ചെയ്യേണ്ടത് എന്നുണ്ടായിരുന്നു.

അങ്ങനെയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമയുടെ കഥയുടെ ചിന്തയിലേക്ക് എത്തുന്നത്. ആ കഥയുടെ ഏകദ്ദേശം ഒരു രൂപമായപ്പോള്‍ കെ.ടി കുഞ്ഞുമോനുമായി സംസാരിച്ചു.

അപ്പോഴാണ് പറയുന്നത് അദ്ദേഹത്തിന് വേണ്ടത് വലിയ ആക്ഷനും ചേസുമൊക്കെയുള്ള സിനിമയാണെന്ന്. അതായത് അക്കാലത്ത് അദ്ദേഹം ചെയ്ത് കൊണ്ടിരിക്കുന്ന സിനിമകളുടെ അതേ സ്വഭാവം ഉള്ളതാകണം. ഒരു മെഗാ സിനിമയാണ് ഉദ്ദേശിക്കുന്നത്.

നമ്മളുടെ കഥ ഒരു റൊമാന്റിക്-ഫീല്‍ഗുഡ് ഒക്കെ ആയിരുന്നു. ആ കഥ ഒരിക്കലും അദ്ദേഹം ഉദ്ദേശിക്കുന്ന തലത്തിലേക്ക് മാറ്റാന്‍ കഴിയില്ല. അതോടെ ആ പ്രൊജക്റ്റ് വേണ്ടെന്ന് വെച്ചു. പിന്നെ ഞങ്ങള്‍ അതിനെ പറ്റി സംസാരിച്ചില്ല.

പിന്നീട് ഒരിക്കല്‍ കമലിന് വേണ്ടി രഞ്ജിത്ത് ആ കഥ ചെയ്യാന്‍ ആലോചിച്ചു. അന്ന് ജയറാമിനെയും പ്രഭുവിനെയുമായിരുന്നു കാസ്റ്റ് ചെയ്തത്. ‘കുങ്കുമം’ എന്നായിരുന്നു പേര് അനൗണ്‍സ് ചെയ്തത്. പിന്നീട് അതും നടക്കാതെ പോവുകയായിരുന്നു.

അങ്ങനെ ഒരു ഘട്ടത്തിലാണ് എനിക്ക് തമിഴിലേക്ക് ഒരു സിനിമ ചെയ്യുന്ന ഓഫര്‍ വന്നപ്പോള്‍ ആ കഥ വീണ്ടും ചിന്തിച്ചു. ഒരുപാട് കഥകള്‍ ആലോചിച്ചിട്ടും കിട്ടാതെ വന്നപ്പോള്‍ ആണ് ഈ കഥ എടുക്കുന്നത്. അന്ന് എന്റെ കൂടെ തമിഴ് സിനിമക്കുള്ള കഥ എഴുതാന്‍ ഉണ്ടായിരുന്നത് ജോണ്‍ പോള്‍ ആയിരുന്നു. ഞാന്‍ ഉടനെ രഞ്ജിത്തിനെ വിളിച്ച് അവിടേക്ക് വരാന്‍ പറഞ്ഞു.

ആ കഥ അവിടെ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. അത് തമിഴില്‍ ചെയ്യാന്‍ തീരുമാനമായി. അങ്ങനെ കാസ്റ്റിങ്ങിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. തമിഴ് സിനിമകള്‍ മുമ്പ് ചെയ്തത് കാരണം ജയറാമിനെ തമിഴില്‍ അത്യാവശ്യം ആളുകള്‍ക്ക് അറിയാമായിരുന്നു. കൂടെ പ്രഭുവിനെയും കൊണ്ടുവരാമെന്ന് തീരുമാനിച്ചു.

നായികയായി എന്റെ മനസ്സില്‍ ഉണ്ടായിരുന്നുത് മഞ്ജു ആയിരുന്നു. മഞ്ജു ആ സമയത്ത് എന്റെ കൂടെ പ്രണയവര്‍ണങ്ങള്‍ എന്ന സിനിമ ചെയ്യുകയായിരുന്നു. മദ്രാസില്‍ തന്നെയായിരുന്നു ഷൂട്ടിങ്ങ്. കണ്ണാടി കൂടും കൂട്ടി പാട്ടിന്റെ ഷൂട്ടിങ്ങ് നടക്കുകയായിരുന്നു.

അന്ന് മഞ്ജുവിനോട് പടത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ആദ്യം സമ്മതം മൂളിയില്ല. തമിഴില്‍ ഒരു സിനിമ ചെയ്യാനുള്ള തീരുമാനം ഒറ്റക്ക് എടുക്കാന്‍ കഴിയുമായിരുന്നില്ല. മഞ്ജുവിനോട് ആലോചിച്ചു തീരുമാനിക്കാന്‍ ഞാന്‍ പറഞ്ഞു. താല്പര്യം ഉണ്ടെങ്കിലും മഞ്ജുവിന് വ്യക്തിപരമായ ചില തടസങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ പിറ്റേന്ന് രാവിലെ ഷൂട്ടിങ്ങിന് വന്നപ്പോള്‍ മഞ്ജു സിനിമക്ക് ഓക്കേ പറഞ്ഞു. അങ്ങനെ പ്രൊഡ്യൂസറിനെ വിളിച്ചു വരുത്തി സംസാരിച്ച് ശരിയാക്കി. തമിഴില്‍ സിനിമയുടെ ബിസിനെസ് രീതി എന്നുപറയുന്നത്, അതിന്റെ ഏതെങ്കിലും ഒരു സീന്‍ മദ്രാസില്‍ ഷൂട്ട് ചെയ്യുക എന്നതാണ്. നമ്മളുടെ സിനിമയാണെങ്കില്‍ എല്ലാ സീനുകളും ഊട്ടിയില്‍ വെച്ചാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ മദ്രാസില്‍ വെച്ച് എന്തെങ്കിലും ലോഞ്ചോ ഷൂട്ടിങ്ങോ നടത്തിയാല്‍ അതിന്റെ ബിസിനസ് സാധ്യതയെ സഹായിക്കുമെന്ന് നിര്‍മാതാവ് പറയുന്നു.

അങ്ങനെ ആ സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പാട്ടിന്റെ സന്ദര്‍ഭം മദ്രാസില്‍ ഷൂട്ട് ചെയ്തു. അതില്‍ അഭിനയിച്ചത് പ്രഭുവും മഞ്ജുവും ആയിരുന്നു. അത് കഴിഞ്ഞുള്ള പ്രധാന ഭാഗങ്ങള്‍ ഊട്ടിയിലാണ് ചിത്രീകരിക്കേണ്ടത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് അതിന്റെ പ്രൊഡ്യൂസര്‍ സിനിമയില്‍ നിന്ന് പിന്മാറുന്നത്.

അങ്ങനെയാണ് ആ സിനിമ പിന്നീട് മലയാളത്തിലേക്ക് വരുന്നത്. അതിനായി പുതിയ കാസ്റ്റിങ്ങുകള്‍ നോക്കാന്‍ തുടങ്ങി. നായികയായി മഞ്ജു തന്നെയാണ്. ജയറാമും ഉണ്ടായിരുന്നു. പ്രഭുവിന്റെ റോളിലേക്ക് പുതിയ ആളെ വേണമായിരുന്നു. അദ്ദേഹത്തിന് പകരം സുരേഷ് ഗോപിയെ കൊണ്ടുവന്നു,’ സിബി മലയില്‍ പറയുന്നു.

Content Highlight: Director Sibi Malayil Talks About Summer In Bethlehem