'എന്റെ വീട് അപ്പൂന്റേം' പ്രിയപ്പെട്ടതാവുന്നത് അതുകൊണ്ടാണ്, എല്ലാവർക്കും അത്ഭുതമായിരുന്നു: സിബി മലയിൽ
Malayalam Cinema
'എന്റെ വീട് അപ്പൂന്റേം' പ്രിയപ്പെട്ടതാവുന്നത് അതുകൊണ്ടാണ്, എല്ലാവർക്കും അത്ഭുതമായിരുന്നു: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd October 2023, 10:21 am

വ്യത്യസ്തമായ പ്രമേയത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയെടുത്ത മികച്ച ചിത്രമാണ് സി. ബി മലയിൽ ഒരുക്കിയ ‘എന്റെ വീട് അപ്പൂന്റേം’. കാളിദാസ് ജയറാം മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയത് ഈ ചിത്രത്തിലെ പ്രകടനത്തിലൂടെയായിരുന്നു.

ഒരുപാട് നല്ല സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. തന്നെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ട ചിത്രമാണ് എന്റെ വീട് അപ്പൂന്റേം എന്നാണ് സിബി പറയുന്നത്.


‘എന്നെ സംബന്ധിച്ച് ഈ ചിത്രം എനിക്ക് വളരെ പ്രിയപ്പെട്ടതാവാനുള്ള കാരണം എനിക്ക് ആദ്യമായി മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് കിട്ടുന്ന സിനിമയാണ് എന്റെ വീട് അപ്പൂന്റേം,’സിബി പറയുന്നു.
കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ സംബന്ധിച്ച് ഈ ചിത്രം എനിക്ക് വളരെ പ്രിയപ്പെട്ടതാവാനുള്ള കാരണം എനിക്ക് ആദ്യമായി മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് കിട്ടുന്ന സിനിമയാണ് എന്റെ വീട് അപ്പൂന്റേം. എന്റെ കരിയറിൽ ഞാൻ സംവിധാനം ചെയ്യുന്ന മുപ്പത്തിയഞ്ചാമത്തെ ചിത്രമാണെന്ന് തോന്നുന്നു ഇത്. പക്ഷെ പലരുടെയും വിചാരം സംസ്ഥാന അവാർഡ് ഞാൻ മുൻപും നേടിയിട്ടുണ്ട് എന്നായിരുന്നു.

കാരണം ഈ ചിത്രത്തിൽ അവാർഡ് നേടിയതിനു ശേഷം എന്നെ കാണാൻ വന്ന മാധ്യമപ്രവർത്തകരും എന്നെ വിളിച്ച ആളുകളും എല്ലാം ഒരേ പോലെ ചോദിച്ചത് ഇത് എത്രാമത്തെ സംസ്ഥാന അവാർഡ് ആണ് എന്നായിരുന്നു.

ഞാനവരോട് ഇതെന്റെ ആദ്യത്തെ അവാർഡ് ആണെന്ന് പറയുമ്പോൾ എല്ലാവർക്കും അത്ഭുതം തോന്നിയിരുന്നു. കാരണം എനിക്ക് മുൻപും അവാർഡ് ലഭിച്ചിട്ടുണ്ടെന്നായിരുന്നു അവരുടെ ധാരണ. അവരെന്നോട് ചോദിച്ചത് കിരീടത്തിന് കിട്ടിയിട്ടില്ലേ ഭരതത്തിനും സദയത്തിനും ഒന്നും കിട്ടിയിട്ടില്ലേ എന്നായിരുന്നു. മികച്ച സംവിധായകനുള്ള എന്റെ ആദ്യത്തെ അവാർഡാണ് അതെന്ന് അറിഞ്ഞപ്പോൾ ആളുകൾക്ക് കൗതുകമായിരുന്നു.

എല്ലാവരുടെ അടുത്തുനിന്നും അത്തരത്തിലുള്ള ചോദ്യങ്ങൾ വരുമ്പോൾ എനിക്കൊരുപാട് സന്തോഷവും അഭിമാനവും തോന്നാറുണ്ട്. കാരണം ആ സിനിമകളെല്ലാം ഒരുപാട് അർഹതപ്പെട്ട ചിത്രങ്ങൾ ആയിരുന്നു. സംസ്ഥാന പുരസ്കാരം തീർച്ചയായും കിട്ടേണ്ടിയിരുന്ന, അതിന് ഏറ്റവും യോഗ്യമായ സിനിമകളായിരുന്നു അവ. പക്ഷെ അത് കിട്ടാതെ പോയെങ്കിലും ആളുകൾ അതെല്ലാം അവാർഡ് നേടിയ സിനിമകളാണെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതാണ് അവാർഡിനേക്കാള്‍ മൂല്യമുള്ളതായി ഞാൻ കരുതുന്നത്.

വർഷങ്ങൾക്ക് ശേഷം ഈ സിനിമയിലാണ് എനിക്കങ്ങനെ ഒരു ഭാഗ്യം ലഭിച്ചത്. ഒരുപക്ഷേ എന്റെ ഈ സിനിമയ്ക്ക് അവാർഡ് കിട്ടിയത് പലരെയും അത്ഭുതപ്പെടുത്തിയിരിക്കാം. എന്നെ സംബന്ധിച്ചിടത്തോളം കുറച്ചു വൈകിയാണെങ്കിലും ആ പുരസ്‌കാരം എനിക്ക് കിട്ടി. ഒടുവിൽ ആ സന്തോഷം എന്നെ തേടിയെത്തി. കിട്ടാതെ പോയതിനെ കുറിച്ച് ഓർത്തു വിഷമിച്ചിട്ടു കാര്യമില്ലല്ലോ കിട്ടിയതിനെക്കുറിച്ച് സന്തോഷിക്കുക എന്നതാണ് വലിയ കാര്യം,’സിബി മലയിൽ പറയുന്നു.

 

 

Content Highlight: Director Sibi Malayil Talk About Ente Veedu Appuntem Film