ഒരു ഭീരുവിനെ വളര്‍ത്തിയ നിങ്ങളുടെ അച്ഛനെപ്പോലെ, നട്ടെല്ലില്ലാത്ത ഒരു മകനെയല്ല ആ 'ഫെയില്‍ഡ് ഫിലിം മേക്കര്‍' വളര്‍ത്തിയത്; പേളിക്ക് സിബി മലയിലിന്റെ മകന്റെ മറുപടി
‘ ഫെയില്‍ഡ് ഫിലിം മേക്കര്‍’ എന്ന് വിളിച്ചായിരുന്നു പേളിയുടെ പരിഹാസം. സമാധാനവും സുരക്ഷിതത്വവും അഹിംസയും ആഗ്രഹിക്കുന്ന ആളാണെന്ന് പറഞ്ഞിട്ടുപോലും തന്റെ പോസ്റ്റ് ചിലരെ പ്രകോപിപ്പിച്ചെന്നും തന്റെ നാല് പേജുള്ള പോസ്റ്റിനെക്കുറിച്ച് 10 പേജുള്ള സ്‌ക്രിപ്റ്റ് എഴുതുന്ന ‘ഒരു പരാജയപ്പെട്ട ഫിലിം മേക്കര്‍’ തന്നെ കഴിയുന്നത്ര മോശമാക്കാന്‍ അതില്‍ മുളകുപൊടിയും അജിനോമോട്ടോയും ചേര്‍ത്തെന്നായിരുന്നു പേളിയുടെ വിമര്‍ശനം.
ഇതിന് മറുപടിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ജോ മലയില്‍.
‘ആ പരാജയപ്പെട്ട സിനിമാ സംവിധായകന്‍ തന്റെ അച്ഛാനാണെന്നും നിങ്ങള്‍ ആരോടാണ് കളിക്കുന്നതെന്ന് നന്നായിട്ട് അന്വേഷിച്ചിട്ട് പോരെയെന്നും ജോ ചോദിച്ചു.
ഏഴ് സ്ലൈഡുകള്‍ വായിക്കാന്‍ നിങ്ങള്‍ക്ക് എത്ര മടിയാണ്? നിങ്ങളുടെ 5.7 മില്യണ്‍ ഫോളോവേഴ്സ് നിങ്ങളുടെ അപക്വമായ ഡിപ്ലോമാറ്റിക് എഴുത്ത് വായിക്കണമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു, എന്നാല്‍ ഏഴ് സ്ലൈഡുകള്‍ വായിക്കുന്നത് നിങ്ങള്‍ക്ക് വളരെ കൂടുതലായി തോന്നുന്നു.
നിങ്ങള്‍ ഇത് വ്യക്തിപരമായ അധിക്ഷേപമാക്കിയ സ്ഥിതിക്ക്, ഇനി കളി തുടങ്ങാം. ഒരു ഭീരുവിനെ വളര്‍ത്തിയ നിങ്ങളുടെ അച്ഛനെപ്പോലെയല്ല, നട്ടെല്ലില്ലാത്ത ഒരു മകനെയല്ല ആ ‘പരാജയപ്പെട്ട സിനിമാ സംവിധായകന്‍’ വളര്‍ത്തിയത്.
PS: അദ്ദേഹത്തിന്റെ പേര് സിബി മലയില്‍ എന്നാണ്. മുന്നോട്ട് പോകൂ. നിങ്ങള്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യൂ.’ ജോ മലയില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി സമരത്തില്‍ മോദി സര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ടുള്ള പേളി മാണിയുടെ പോസ്റ്റിനെതിരെ നേരത്തെ ജോ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതില്‍ പ്രകോപിതയായാണ് സിബി മലയിലിനെ അടക്കം അധിക്ഷേപിക്കുന്ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുമായി പേളി എത്തിയത്.
പേളി മാണിയുടെ പോസ്റ്റിന് ജോ മലയില്‍ നല്‍കിയ മറുപടി.
ഹായ് പേളി, ഞാന്‍ ജോ. നമ്മള്‍ പരസ്പരം അറിയുന്നവരല്ല. പക്ഷെ അത് കുഴപ്പമില്ല. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള നിങ്ങളുടെ പോസ്റ്റും, അതിനടിയില്‍ ‘ഈ പോസ്റ്റിന്റെ കമന്റ് സെക്ഷന്‍ എന്റെ ‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ’ യഥാര്‍ത്ഥ പ്രതിഫലനമായിരിക്കും’ എന്ന് എഴുതിയ വിവരരണവും ഞാന്‍ കാണാനിടയായി.
അത് കണക്കിലെടുത്താണ് ഞാന്‍ നിങ്ങളുടെ കമന്റ് സെക്ഷനില്‍ ‘shame on you’ (നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു) എന്ന് കമന്റ് ചെയ്തത്. എന്നാല്‍ നിങ്ങള്‍ എടുത്ത നിലപാടിലെ തെറ്റുകളെക്കുറിച്ച് വിശദമായി പറയാനുള്ള കാര്യങ്ങള്‍ ഒരു കമന്റ് സെക്ഷനില്‍ ഒതുങ്ങുന്നതിലും വലുതാണ്. അതുകൊണ്ടാണ് ഈ പോസ്റ്റ്.
പേളി മാണി Photo: facebook.com
വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റ പ്രക്ഷോഭത്തിന്റെ ചിത്രങ്ങളും വീഡിയോകളും കണ്ടത് ഹൃദയഭേദകമായിരുന്നു എന്നും, അത് നിങ്ങളില്‍ എന്തോ മാറ്റമുണ്ടാക്കി എന്നും നിങ്ങള്‍ അവകാശപ്പെടുന്നു. പേളി, നിങ്ങള്‍ എന്താണ് കണ്ടതെന്ന് നിങ്ങള്‍ക്ക് മാത്രമേ അറിയൂ. എന്നാല്‍ ലോകം മുഴുവന്‍ കണ്ടത് നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയ ആയുധങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ ക്രൂരതയാണ്.
ചില വിദ്യാര്‍ത്ഥികള്‍ സ്വന്തം ജീവനൊടുക്കി. അവര്‍ തയാറെടുത്തതും, കഠിനാധ്വാനം ചെയ്തതും, മണിക്കൂറുകളോളം പഠിച്ചതും, മാതാപിതാക്കളുടെയും കൂട്ടുകാരുടെയും സമ്മര്‍ദവുമെല്ലാം സഹിച്ചത് പഠിച്ച് പരീക്ഷ ജയിക്കാന്‍ മാത്രമായിരുന്നു. അതാണ് അവരില്‍ നിന്ന് തട്ടിപ്പറിച്ചെടുത്തത്. ആ ചെറുപ്പക്കാരുടെ മനസുകള്‍ക്ക് അത് താങ്ങാനായില്ല, അവര്‍ ആത്മഹത്യ ചെയ്തു. അവര്‍ മരിച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ഒരു ഭരണകൂടമാണ് അവരെ കൊന്നത്.
ആ പ്രതിഷേധത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയത് പൊലീസിന്റെ ക്രൂരത, ആണികള്‍ തറച്ച ലാത്തികള്‍, കണ്ണീര്‍ വാതകം, വാട്ടര്‍ പീരങ്കി എന്നിവ കൊണ്ടാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ മര്‍ദ്ദനമേറ്റു. 10 വയസ്സുള്ള ഒരു കുട്ടിയുടെ കരണത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അടിച്ചു. അവിടെ വെറുതെ നിന്നു എന്ന കാരണത്താല്‍ ഒരു സ്ത്രീയെ ദല്‍ഹി പോലീസിലെ അഡീഷണല്‍ ഡി.സി.പി തല്ലി. വെറുതെ നില്‍ക്കുക മാത്രമാണ് അവര്‍ ചെയ്തത്.
ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ ആഗ്രഹമുള്ളത് മാത്രം കാണാന്‍ തെരഞ്ഞെടുക്കാം, അത് നിങ്ങളുടെ ഇഷ്ടം. കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ ഞാന്‍ ഒരു ഉദാഹരണം പറയാം. പേപ്പട്ടി വിഷബാധയുള്ള ഒരു നായ നിങ്ങളെ കടിക്കാന്‍ ഓടിക്കുകയാണെങ്കില്‍, നിങ്ങള്‍ അതിനുനേരെ കല്ലെറിയുകയോ വടി കൊണ്ട് അടിക്കുകയോ അല്ലെങ്കില്‍ ജീവനും കൊണ്ട് ഓടുകയോ ചെയ്‌തേക്കാം. നിങ്ങള്‍ അവിടെത്തന്നെ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചാല്‍, നിങ്ങള്‍ക്ക് കടിയേല്‍ക്കാനും നായയ്ക്ക് കല്ലേറോ വടിയുടെ അടിയോ കിട്ടാനും സാധ്യതയുണ്ട്.
എന്നാല്‍ ഓര്‍ക്കുക, പേപ്പട്ടി വിഷബാധയുള്ള ഒരു നായ അവിടെ വെറുതെ നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്, ആരെയും കടിക്കാന്‍ ഓടിക്കുന്നില്ല എങ്കില്‍, ബുദ്ധിയുള്ള ആരും ആ നായയുടെ പുറകെ ഓടിപ്പോയി അതിനെ അടിക്കില്ല. ഓരോ വിദ്യാര്‍ത്ഥിയും ആരുടെയൊക്കെയോ കുട്ടിയാണെന്നൊക്കെ നിങ്ങള്‍ പറയുന്നുണ്ട്. സത്യമാണ്. അതുകൊണ്ടാണ് മനസസാക്ഷിയുള്ള ആളുകള്‍, നീതിയില്ലാതെ മരിച്ചുപോയ ആരുടെയോ ഒരു കുട്ടിക്കുവേണ്ടി നീതി ലഭിക്കാന്‍ ഒന്നിച്ചു കൂടിയത്.
‘ആര്‍ക്കും പരിക്കേല്‍ക്കരുത്, ദയവായി സുരക്ഷിതരായിരിക്കുക, ജീവന്‍ അപകടത്തിലാണെങ്കില്‍ വീട്ടിലേക്ക് മടങ്ങുക, ഒരു ജീവന്‍ നഷ്ടപ്പെടുത്താന്‍ തക്ക മൂല്യം ഒരു ലക്ഷ്യത്തിനുമില്ല എന്ന് മാത്രമാണ് എനിക്ക് ചിന്തിക്കാന്‍ കഴിഞ്ഞത്.’ എന്ന് നിങ്ങള്‍ എഴുതിയത് കണ്ടു. ഇത് വിവരക്കേടിന്റെ അറ്റമാണ്!
ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സ്ത്രീകളുടെയും പുരുഷന്മാരുടെയും കല്ലറകളിലാണ് നിങ്ങള്‍ തുപ്പിയത്. ഈ കഴിവുകെട്ട സര്‍ക്കാര്‍ കാരണം ജീവന്‍ നഷ്ടപ്പെട്ട ഓരോ വിദ്യാര്‍ത്ഥിയെയും നിങ്ങള്‍ അപമാനിച്ചു.
നിങ്ങള്‍ യാതൊരു തടസവുമില്ലാതെ നിലയുറപ്പിക്കുകയും ഈ മണ്ടന്‍ പോസ്റ്റ് എഴുതുകയും ചെയ്ത ഈ മണ്ണ്, ഭൂരിഭാഗം ആളുകളും നിങ്ങളെപ്പോലെ ചിന്തിക്കാത്തതുകൊണ്ടാണ് നിലനില്‍ക്കുന്നത്. ഇതുപോലെയുള്ള വിഡ്ഢികള്‍ക്ക് തങ്ങളെ അപമാനിക്കാന്‍ വേണ്ടിയാണ് അവര്‍ ത്യാഗം സഹിച്ചത്. നിങ്ങള്‍ക്ക് മനസ്സിലായില്ലെങ്കില്‍ പറയുകയാണ്, ഇതൊരു പരിഹാസമാണ് (sarcasm).
ഈ സമരത്തെ പിന്തുണച്ച ആരും തന്നെ ഈ പ്രക്ഷോഭത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ തമസ്‌കരിച്ചിട്ടില്ല. ഈ രാജ്യത്തെ ഓരോ ഉത്തരവാദിത്തമില്ലായ്മയ്ക്കെതിരെയും പ്രക്ഷോഭങ്ങള്‍ ഉയര്‍ത്താന്‍ ഈ സമരം കാരണമാകും. എനിക്ക് നിങ്ങള്‍ക്ക് ഒരു സോഷ്യല്‍ സ്റ്റഡീസ് ക്ലാസ് എടുത്തുതരാനുള്ള ഊര്‍ജ്ജമില്ല. ഈ രാജ്യത്ത് നടക്കുന്ന തെറ്റുകള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാവുന്ന ഏതെങ്കിലും കൂട്ടുകാരോ കുടുംബാംഗങ്ങളോ നിങ്ങള്‍ക്കുണ്ടെങ്കില്‍, ദയവായി അവരോട് സംസാരിച്ച് ഈ വിഷയങ്ങളെക്കുറിച്ച് സ്വയം പഠിക്കുക.
അപ്പോള്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നിന്നാണ് ഈ പ്രതിഷേധം തുടങ്ങിയതെന്നും, സര്‍ക്കാരിന്റെ പരാജയം കാരണം ഇനിയും പല കാര്യങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും നിങ്ങള്‍ക്ക് മനസ്സിലാകും.
അവസാനമായി, പലരും നിങ്ങളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹിച്ചുവെന്നും, മറ്റു ചിലര്‍ നിങ്ങളുടെ മൗനത്തെ ചോദ്യം ചെയ്തുവെന്നും നിങ്ങള്‍ പറഞ്ഞു. സംസാരിക്കാന്‍ നിങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍ നിങ്ങളുടെ സുഹൃത്തുക്കളാണെങ്കില്‍, അവരുമായുള്ള സൗഹൃദം അവസാനിപ്പിക്കുക. നിങ്ങളുടെ മൗനത്തെ ചോദ്യം ചെയ്തവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍, അവര്‍ ശത്രുക്കളായിത്തന്നെ തുടരട്ടെ. നിങ്ങളെ പ്രോത്സാഹിപ്പിച്ചതിനും ചോദ്യം ചെയ്തതിനും ഈ രണ്ട് കൂട്ടരും തെറ്റുകാരാണ്.
നിങ്ങള്‍ പോസ്റ്റ് ചെയ്തത് മണ്ടത്തരമാണെന്ന് നിങ്ങളെ വിളിച്ച് പറഞ്ഞ ആരെങ്കിലും ഉണ്ടെങ്കില്‍, എന്റെ പ്രിയപ്പെട്ട കൂട്ടുകാരി, അതാണ് യഥാര്‍ത്ഥ സുഹൃത്ത്. അവരെ ചേര്‍ത്തുപിടിക്കുക. ഒരുപാട് ആളുകളിലേക്ക് വാക്കുകള്‍ എത്തുന്ന ഒരാളാണ് നിങ്ങള്‍. അതുകൊണ്ട് ശരിയായ കാര്യം പറയാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കണമായിരുന്നു. ഇത് നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് നിങ്ങള്‍ പറയുന്നു. എങ്കില്‍ ആ വ്യക്തിപരമായ അഭിപ്രായം സോഷ്യല്‍ മീഡിയയിലല്ല, നിങ്ങളുടെ വ്യക്തിപരമായ ഇടങ്ങളിലാണ് പങ്കുവെക്കേണ്ടിയിരുന്നത്.
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഇങ്ങനെയാണോ തോന്നുന്നത്? എന്റെ ദൈവമേ! ഈ അസംബന്ധം പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ നിങ്ങള്‍ അറിയേണ്ട എല്ലാ വസ്തുതകളും ഇവിടെ ഉണ്ടായിരുന്നു. ഇതൊക്കെ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് നിങ്ങള്‍ അത് പരിശോധിച്ചില്ല, എന്നിട്ടാണോ ഇപ്പോള്‍ ഇതാണ് തോന്നുന്നതെന്ന് പറയുന്നത്? ഇതൊരു പ്രക്ഷോഭമാണ്, അഴിമതിക്കെതിരെ വിദ്യാര്‍ത്ഥികളും സാധാരണക്കാരും മുന്നിട്ടിറങ്ങുന്ന ഒന്നാണ്. അല്ലാതെ നിങ്ങളുടെ മൂഡ് മാറ്റങ്ങള്‍ക്ക് അനുസരിച്ച് പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ തലസ്ഥാനത്ത് നടക്കുന്ന വല്ല പാര്‍ട്ടിയുമല്ല ഇത്.
നിങ്ങള്‍ക്കുവേണ്ടി ഈ പ്രസ്താവന എഴുതിയുണ്ടാക്കിയ ഒരു പി.ആര്‍ ടീം ഉണ്ടെങ്കില്‍, അവരെ ഉടന്‍ തന്നെ പിരിച്ചുവിടുക. ഇനി ഇത് പൂര്‍ണമായും നിങ്ങളുടെ ചിന്തയാണെങ്കില്‍, കേരളത്തിലെ സാക്ഷരത നിരക്ക് 94% മാത്രമാണ്, അതുകൊണ്ട് എനിക്ക് മനസ്സിലാകും! നിങ്ങളുടെ ഭാവിയും മക്കളുടെ ഭാവിയും നിങ്ങളോട് ദയയുള്ളതായിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഒരു സൗഹൃദ ഉപദേശം: നിങ്ങള്‍ ഇതില്‍ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ലെങ്കില്‍, പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത് എന്നും നട്ടെല്ലില്ലാത്തവളാണെന്നും ആളുകള്‍ കരുതിയേനെ. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ എന്തോ പറഞ്ഞതുകൊണ്ട് അത് അങ്ങനെയല്ലെന്ന് ആളുകള്‍ക്ക് ഉറപ്പായി. കൂടാതെ നിങ്ങളുടെ വിഡ്ഢിത്തത്തെക്കുറിച്ചും അവര്‍ക്ക ഇപ്പോള്‍ ബോധ്യമായി. പോസ്റ്റിനായി തെരഞ്ഞെടുത്ത നിറങ്ങള്‍ കൊള്ളാം, വളരെ സൂക്ഷ്മമായ സൂചനയാണ് ??. മൊത്തത്തില്‍, കൊള്ളാം.
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.