വരവ് സിനിമയ്‌ക്കെതിരെ വരുന്ന നെഗറ്റീവ് റിവ്യൂകളില്‍ മറുപടിയുമായി സംവിധായകന്‍ ഷാജി കൈലാസ്. തന്റെ രീതിയ്ക്കാണ് താന്‍ സിനിമയെടുത്തതെന്നും പഴഞ്ചന്‍ സ്റ്റൈലാണെന്ന് പറഞ്ഞാല്‍ അതില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നും ഷാജി കൈലാസ് പറഞ്ഞു.

ടിവി സീരിയല്‍ പോലെ സിനിമയെടുക്കാന്‍ തനിക്ക് അറിയില്ലെന്നും അങ്ങനെയെടുത്ത സിനിമകളൊക്കെയാണല്ലോ ഇവിടെ വന്‍ ഹിറ്റായതെന്നും ജോജു ചോദിക്കുന്നു. പ്രധാന നടനില്ലെങ്കില്‍ ആ സിനിമയൊക്കെ വന്‍ പരാജയമായിരിക്കുമെന്നും ഷാജി കൈലാസ് പറഞ്ഞു.

‘ ഒരു പ്രാവശ്യത്തേക്ക് അവര്‍ ക്ഷമിക്കട്ടെ. ഞാന്‍ ഉണ്ടാക്കിയ സ്റ്റൈല്‍ പഴഞ്ചനാണെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അങ്ങനെ ആയിപ്പോയി. റോ ആയ ഒരു ഹൈറേഞ്ചില്‍ പോയി ഷൂട്ട് ചെയ്യാമെന്ന് നമ്മള്‍ ഫിക്‌സ് ചെയ്തതാണ്. ആ രീതിയിലാണ് സിനിമ എടുത്തത്.

ഷാജി കൈലാസ് photo: Club Fm

അടുത്തിടെ പുതിയ കുറേ ആള്‍ക്കാരുടെ സിനിമ ഇറങ്ങിയിരുന്നു. ഒരൊറ്റ പടം തിയേറ്ററില്‍ പോയി ആള്‍ക്കാര്‍ കണ്ടിട്ടില്ല. ഈ സിനിമ ആളുകള്‍ തിയേറ്ററില്‍ വന്നിരുന്ന് കാണട്ടെ. അതിനുള്ള സമയം കൊടുക്കൂ.

നിങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിട്ട് വന്ന് പറയാം. ചില സാധനങ്ങള്‍ തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ അതിന് സോറി പറയുകയാണ്.

പിന്നെ എനിക്ക് ഈ ടിവി സീരിയല്‍ പോലെ സിനിമ ചെയ്യാനൊന്നും അറിയില്ല. എനിക്ക് കുറച്ച് ഗുമ്മൊക്കെ വേണം. ഡ്രോണ്‍ വെച്ചാണെങ്കില്‍ ഡ്രോണ്‍ വെച്ച് കളിക്കണം. ചിലര്‍ക്ക് ഇഷ്ടപ്പെടും. ചിലര്‍ ഇവരെന്താ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കും. അത് എന്റെ ആഗ്രഹമാണ്. അവര്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ എന്തുചെയ്യും.

വരവ് photo: Imdb

ഒരു സിനിമയും 100 ശതമാനം ഓക്കെയല്ല. ഇപ്പോള്‍ ടി.വി സീരിയല്‍ പോലെ ചെയ്ത സിനിമയൊക്കെ വന്‍ ഹിറ്റായി. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട പടമാണ്. ചിലത് നല്ല കഥയായിരിക്കും. വലിയ ആര്‍ടിസ്റ്റ് ഉള്ളതുകൊണ്ട് പടം ഓടും. ആ ആര്‍ട്ടിസ്റ്റിനെ മാറ്റി നിര്‍ത്തിയാല്‍ പടം അട്ടര്‍ ഫ്‌ളോപ്പായിരിക്കും.

പിന്നെ ഇതിലെ ടെക്‌നീഷ്യന്‍സിനെ പറഞ്ഞു, അവരൊക്കെ തെളിയിച്ചുകഴിഞ്ഞ ആള്‍ക്കാരാണ്. എഡിറ്ററോട് ഞാന്‍ അഭിപ്രായം പറഞ്ഞിട്ടാണ് അവര്‍ ജോലി ചെയ്യുന്നത്. എന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ ഞാന്‍ ഏറ്റെടുത്തോളാം. അവരെ പറയേണ്ടതില്ല.

കാപ്പയും ചിന്താമണിയുമൊക്കെ വ്യത്യസ്ത മേക്കിങ് അല്ലേ. വരവ് ഇങ്ങനെയൊരു സിനിമയാകണം എന്ന് കരുതി ചെയ്തതാണ്. 90നും 2000ത്തിനും ഇടയിലുള്ള ഒരു സിനിമ ചെയ്യാമെന്ന് കരുതി ചെയ്തതാണ്. അത് പക്ഷേ എഴുതിക്കാണിച്ചില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇത്രയും കുഴപ്പമുണ്ടാകില്ലായിരുന്നു.

നല്ല സ്‌ക്രിപ്റ്റുകള്‍ കിട്ടട്ടേ നന്നായി ചെയ്യാന്‍ ശ്രമിക്കാം. അവര്‍ റിജക്ട് ചെയ്താല്‍ ചെയ്യട്ടെ. എന്തായാലും ഇതോടുകൂടി 90 കളിലെ സിനിമ എടുക്കുന്നത് ഞാന്‍ നിര്‍ത്തി. ഇനി വരാന്‍ പോകുന്നത് ഇടിവെട്ട് സിനിമകളായിരിക്കും. അതില്‍ സംശയം വേണ്ട.

ഷാജി കൈലാസ്

പിന്നെ ഈ നെഗറ്റീവ് റിവ്യൂ കാണുമ്പോള്‍ നമ്മളും നെഗറ്റീവ് ആകും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ വിട്ടേക്ക്. ചിലത് പാളിപ്പോകില്ലേ ഒന്ന് ക്ഷമിക്കൂ, അടുത്തതില്‍ നമുക്ക് പിടിക്കാം. അതി ഗംഭീരമായ ഒരു സ്‌ക്രിപ്റ്റ് വരട്ടെ നമുക്ക് ശരിയാക്കാം.

പിന്നെ വയലന്‍സിനെ പറഞ്ഞു, കുറച്ച് വലയന്‍സ് മാത്രമേ കാണിച്ചിട്ടുള്ളൂ. ജയിലറിലും ധുരന്ധറിലുമൊക്കെയുള്ള വയലന്‍സ് നമ്മള്‍ കണ്ടിട്ടില്ലേ. ഈ സിനിമയുടെ കാര്യത്തില്‍ നമ്മള്‍ ശ്രമിക്കാതിരുന്നിട്ടില്ല. ശ്രമിച്ചിട്ടുണ്ട്,’ ഷാജി കൈലാസ് പറഞ്ഞു.

Content Highlight: Director Shaji Kailas Reply to Reviewers and Serial level making Movies