മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1997 ല്‍ ഷാജി കൈലാസ് സംവിധാന ചെയ്ത ചിത്രമാണ് ആറാംതമ്പുരാന്‍. അക്കാലത്തെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ ചിത്രം ഷാജി കൈലാസിന്റെ റിപീറ്റ് വാല്യുവുള്ള ചിത്രങ്ങളില്‍ ഒന്നുകൂടിയാണ്.
അതുപോലെ തന്നെ സിനിമയിലെ ഗാനങ്ങള്‍ എല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചവയും ആയിരുന്നു. ഗാനഗന്ധര്‍വന്‍ യേശുദാസ് ആലപിച്ച ഹരിമുരളീരവം എന്ന ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.
ചിത്രത്തിലെ ഈ ഗാനം ഷൂട്ട് ചെയ്തത് ഷാജി കൈലാസ് അല്ലെന്നുള്ള ചില വാര്‍ത്തകള്‍ അക്കാലത്ത് വന്നിരുന്നു. ഷാജി കൈലാസിന് പകരം സംവിധായകന്‍ പ്രിയദര്‍ശനാണ് ഗാനരംഗം ഷൂട്ട് ചെയ്തതെന്നും ഹരിമുരളീരവത്തിലെ ഒരു ഷോട്ടില്‍ അഭിനയിച്ചിരിക്കുന്നത് നടി ഉര്‍വശിയാണെന്നുമൊക്കെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ്.
ഹരിമുരളീരവം എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് തനിക്ക് മകന്‍ ജനിക്കുന്നതെന്നും എത്രയും വേഗം ഷൂട്ട് തീര്‍ക്കേണ്ടി വന്നതോടെ താന്‍ പ്രിയദര്‍ശന്റെ സഹായം തേടിയെന്നും ഷാജി കൈലാസ് പറയുന്നു. ഗാനരംഗത്തിലെ ഒരു ബിജിഎം സീക്വന്‍സാണ് പ്രിയന്‍ ഷൂട്ട് ചെയ്തതെന്നും ഷാജി കൈലാസ് പറഞ്ഞു.
‘ഹരിമുരളീരവം’ പാട്ടിന്റെ കാര്യം പറയുകയാണെങ്കില്‍ അത് ചെന്നൈയിലെ എ.വി.എം ഫ്‌ളോറിലായിരുന്നു ഷൂട്ട് ചെയ്തത്. മൂന്ന് ദിവസത്തോളം ഞാന്‍ തുടര്‍ച്ചയായി ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഫൈനലൊക്കെ എടുത്തു കഴിഞ്ഞു. അതിനിടയിലുള്ള കുറച്ച് ഭാഗങ്ങള്‍ മാത്രം എടുക്കാനുണ്ട്. ബിജീഎം ഉള്‍പ്പെടെയുള്ള ഭാഗത്തെ ഷോട്ടുകള്‍.
ആ സമയത്താണ് എന്റെ മകന്‍ ജനിക്കുന്നത്. പ്രൊഡ്യൂസര്‍ സുരേഷ് കുമാറാണ് എസ്.ടി.ഡി ബൂത്തില്‍ പോയി ഇരിക്കുന്നത്. അവിടേക്ക് കോള്‍ വരും. ഇവിടെ സ്റ്റുഡിയോയുടെ അകത്താണ് ഷൂട്ട് നടക്കുന്നത്.
ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റാക്കിയപ്പോള്‍ തന്നെ, ഞാന്‍ ഉടന്‍ എത്തിക്കോളാമെന്ന് പറഞ്ഞിരുന്നു. അവര്‍ എന്നെ പ്രതീക്ഷിച്ചിരിക്കും. എനിക്കാണെങ്കില്‍ ഇവിടുന്ന് ഇറങ്ങാനും പറ്റുന്നില്ല. ഷൂട്ട് നടന്നുകൊണ്ടിരിക്കുകയല്ലേ. ലാലിന് ഇത് കഴിഞ്ഞിട്ട് ഒരു അമേരിക്കന്‍ ടൂറുണ്ട്. അതുകൊണ്ട് തന്നെ സോങ് വേഗം എടുത്ത് തീര്‍ക്കണം.
ഷാജി കൈലാസും കുടുംബവും photo: Indian Actors World
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ആണ്‍കുട്ടി ജനിച്ചു എന്ന് പറഞ്ഞ് അവിടെ നിന്നും ഫോണ്‍ വരുന്നത്.
ലഡുവുമായിട്ടാണ് സുരേഷ് കുമാര്‍ സ്റ്റുഡിയോയിലേക്ക് കയറി വരുന്നത്. ഷാജി പോയിട്ട് വന്നോളൂ കുട്ടിയെ കാണണ്ടേ, ആദ്യത്തെ കുട്ടിയല്ലേ എന്ന് എല്ലാവരും പറയുന്നുണ്ട്. എനിക്കാണെങ്കില്‍ ഇത്രയും ഷോട്ടുകള്‍ ഇനിയും ബാക്കിയുണ്ട്.
പ്രിയദര്‍ശന്‍
അങ്ങനെ ഞാന്‍ പെട്ടെന്ന് പ്രിയനെ വിളിച്ചു. എന്നെ ഒന്ന് സഹായിക്കണം, എനിക്ക് ഈ സീക്വന്‍സ് ഒന്ന് എടുത്തുതരണം എന്നു പറഞ്ഞു. അങ്ങനെയാണ് പ്രിയന്‍ വരുന്നതും ആ ബിജിഎം പോഷന്‍ എടുക്കുന്നതും.
പിന്നെ ആ സീനില്‍ മുഖംമറച്ച് കാണിക്കുന്നത് ഉര്‍വശിയല്ല, ആ ഡാന്‍സില്‍ ഉള്ള ഏതൊരു കുട്ടിയാണ് ചെയ്തത്. ബാക്കിയെല്ലാം റൂമര്‍ മാത്രമാണ്,’ ഷാജി കൈലാസ് പറഞ്ഞു.
Content Highlight: Director Shaji Kailas about Priyadarshan and Harimuraleeravam song Shoot
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.