ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യുകയെന്നത് കരിയറില്‍ ഒഴിച്ചുകൂടാനാവാത്തത്; 'സല്യൂട്ട്' പാക്ക് അപ്പ് വേളയില്‍ ദുല്‍ഖറിനും മുഴുവന്‍ ടീമിനും ''ബിഗ് സല്യൂട്ട്'' അടിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്
Malayalam Cinema
ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യുകയെന്നത് കരിയറില്‍ ഒഴിച്ചുകൂടാനാവാത്തത്; 'സല്യൂട്ട്' പാക്ക് അപ്പ് വേളയില്‍ ദുല്‍ഖറിനും മുഴുവന്‍ ടീമിനും ''ബിഗ് സല്യൂട്ട്'' അടിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th April 2021, 6:54 pm

കൊച്ചി: മുഴുനീള പൊലീസ് വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വേളയില്‍ ദുല്‍ഖര്‍ സല്‍മാനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് റോഷന്‍ ആന്‍ഡ്രൂസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് കരിയറില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു അനുഭവമാണെന്നും തന്റെ സുഹൃത്തുക്കളായ എല്ലാ സംവിധായകരോടും ഇക്കാര്യം തീര്‍ച്ചയായും പറയുമെന്നും റോഷന്‍ ഇന്‍സ്റ്റഗ്രാമിലെഴുതിയിരുന്നു.

 

‘എന്റെ എന്നത്തേയും ഒരു സ്വപ്നമായ താങ്കളോടൊപ്പം ഒരു സിനിമ എന്നത് യാഥാര്‍ഥ്യമാക്കി തന്ന അങ്ങേക്ക് ഹൃദയത്തില്‍ നിന്നും നന്ദിയര്‍പ്പിക്കുന്നു. ഒന്നിച്ചു പ്രവര്‍ത്തിച്ച ഓരോ നാളിലും താങ്കള്‍ എത്രയേറെ നന്മയുള്ള വ്യക്തിയാണ് എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. ആ ഒരു മേന്മ തന്നെയാണ് താങ്കളെ മികച്ചൊരു അഭിനേതാവും ആക്കിത്തീര്‍ത്തിരിക്കുന്നത്. ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് കരിയറില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു അനുഭവമാണെന്ന് തന്നെ ഞാന്‍ എന്റെ സുഹൃത്തുക്കളായ എല്ലാ സംവിധായകരോടും തീര്‍ച്ചയായും പറയും’ റോഷന്‍ ആന്‍ഡ്രൂസ് ഇന്‍സ്റ്റഗ്രാമിലെഴുതി.

 

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്‍. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം അസ്‌ലം പുരയില്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, ആര്‍ട്ട് സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്‍, ഫര്‍സ്റ്റ് എ. ഡി. അമര്‍ ഹാന്‍സ്പല്‍ അസിസ്റ്റന്റ് ഡയറക്ടര്‍സ് അലക്‌സ് ആയിരൂര്‍, ബിനു കെ. നാരായണന്‍, സുബീഷ് സുരേന്ദ്രന്‍ , രഞ്ജിത്ത് മടത്തില്‍.

 

റോഷന്‍ ആന്‍ഡ്രൂസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

DQ.. ഏറെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും നമ്മള്‍ എല്ലാവരും വിളിക്കുന്നത് അങ്ങനെയാണ്. എന്റെ എന്നത്തേയും ഒരു സ്വപ്നമായ താങ്കളോടൊപ്പം ഒരു സിനിമ എന്നത് യാഥാര്‍ഥ്യമാക്കി തന്ന അങ്ങേക്ക് ഹൃദയത്തില്‍ നിന്നും നന്ദിയര്‍പ്പിക്കുന്നു. ഒന്നിച്ചു പ്രവര്‍ത്തിച്ച ഓരോ നാളിലും താങ്കള്‍ എത്രയേറെ നന്മയുള്ള വ്യക്തിയാണ് എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. ആ ഒരു മേന്മ തന്നെയാണ് താങ്കളെ മികച്ചൊരു അഭിനേതാവും ആക്കിത്തീര്‍ത്തിരിക്കുന്നത്.

ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് കരിയറില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു അനുഭവമാണെന്ന് തന്നെ ഞാന്‍ എന്റെ സുഹൃത്തുക്കളായ എല്ലാ സംവിധായകരോടും തീര്‍ച്ചയായും പറയും. കൂടാതെ താങ്കളുടെ പ്രൊഡക്ഷന്‍ കമ്പനി മലയാളത്തിലെ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നാണ്. ആ കമ്പനിക്ക് വേണ്ടി ഒരു സിനിമ ചെയ്യുവാന്‍ സാധിച്ചത് ഞാന്‍ ഒരു ഭാഗ്യമായി കരുതുന്നു. ഏറ്റവും മികച്ച പ്രൊഡക്ഷന്‍ കമ്പനികളില്‍ ഒന്നിനോടൊപ്പവും ഏറ്റവും മികച്ച നടന്മാരില്‍ ഒരാളോടൊപ്പവും ഏറ്റവും നല്ല മനുഷ്യന്മാരില്‍ ഒരാളോടൊപ്പവും അതോടൊപ്പം സിനിമ ലോകത്ത് നിന്നും ഞാന്‍ നേടിയെടുത്ത ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളോടൊപ്പവും വര്‍ക്ക് ചെയ്യുവാനുള്ള അസുലഭ അവസരമാണ് താങ്കള്‍ എനിക്ക് നല്‍കിയത്. നമ്മള്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തെ തലത്തിലേക്ക് അരവിന്ദ് കരുണാകരനെ എത്തിക്കുവാന്‍ സഹായിച്ച താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ഇത് എഴുതുമ്പോഴും അരവിന്ദ് കരുണാകരനെ അയാളാക്കി തീര്‍ക്കുവാന്‍ താങ്കള്‍ പകര്‍ന്നേകിയ ഓരോ ചലനങ്ങളും മാനറിസങ്ങളും ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല. ഈ കൊറോണ സമയത്തും വിചാരിച്ചതിനും മുന്‍പേ ചിത്രീകരണം പൂര്‍ത്തിയാക്കുവാന്‍ സഹകരിച്ച മുഴുവന്‍ ടീമംഗങ്ങള്‍ക്കും പ്രത്യേക നന്ദി. വേഫെറര്‍ ടീമും നമ്മളും ഒന്നിച്ച് നടത്തിയ കഠിനാദ്ധ്വാനം തന്നെയാണ് ഇതെല്ലാം സാധ്യമാക്കിയത്. മനോജേട്ടാ.. താങ്കളെനിക്ക് ഒരു ജ്യേഷ്ഠന്‍ തന്നെയാണ്. ഏതു സാഹചര്യത്തിലും എന്നോട് കൂടെ നില്‍ക്കുന്ന ഒരാള്‍. ഈ സിനിമയില്‍ ഞങ്ങളോട് ഒപ്പം പ്രവര്‍ത്തിച്ച എല്ലാ അഭിനേതാക്കള്‍ക്കും ടെക്നീഷ്യന്‍സിനും എന്റെ എല്ലാമെല്ലാമായ ബോബിക്കും സഞ്ജയിനും (ഏതാണ് ബ്രോ നമ്മുടെ അടുത്ത പ്രൊജക്റ്റ്..?) ഈ സ്വപ്നം യാഥാര്‍ഥ്യമാക്കി തീര്‍ത്തതിന് ഒരു ബിഗ് സല്യൂട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Director Roshan Andrews Instagram Post Praising Dulquer Salman And Salute Team