തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് റാം. ദേശീയ പുരസ്‌ക്കാര ജേതാവായ ഇദ്ദേഹം രാജ്കുമാര്‍ സന്തോഷി, ബാലു മഹേന്ദ്ര എന്നിവരുടെ ശിക്ഷ്യനാണ്. 2007ല്‍ പുറത്തിറങ്ങിയ കട്ട്രദു തമിഴ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് തങ്ക മീങ്കള്‍, തരമണി, പേരന്‍മ്പ്, ഏഴു കടല്‍ ഏഴു മലൈ എന്നീ ചിത്രങ്ങള്‍ റാം സംവിധാനം ചെയ്തു. രണ്ട് പതിറ്റാണ്ടിലേറെ നീളുന്ന കരിയറില്‍ ഇതുവരെ ആറ് സിനിമകള്‍ മാത്രമാണ് ചെയ്തത്.
റാമിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് പറന്തു പോ. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ പേരന്‍മ്പ് എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് റാം. നടി പത്മപ്രിയ വഴിയാണ് മമ്മൂട്ടിയുടെ അടുത്ത് തനിക്ക് ചിത്രത്തിന്റെ കഥ പറയാന്‍ അവസരം ലഭിച്ചതെന്നും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ സിനിമ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
‘മമ്മൂക്കയുടെ അടുത്ത് പേരന്‍മ്പിന്റെ കഥ പറഞ്ഞു, അദ്ദേഹം അത് കേട്ട ഉടനെ ചെയ്യാമെന്ന് പറഞ്ഞു. നടി പത്മപ്രിയയെ അറിയില്ലേ, അവര്‍ എന്റെ തങ്ക മീങ്കള്‍ എന്ന സിനിമയില്‍ ഒരു ഗെസ്റ്റ് അപ്പിയറന്‍സില്‍ വന്നിരുന്നു. ‘എന്റെ അടുത്ത് ഒരു ഐഡിയ ഉണ്ട്, മമ്മൂട്ടിയെ പോലെ ഏതെങ്കിലും ഒരു അഭിനേതാവ് ഓക്കെ പറഞ്ഞാല്‍ മാത്രമേ അത് നടക്കുകയുള്ളുവെന്ന്’ പത്മപ്രിയയോട് ഞാന്‍ പറഞ്ഞു.
അവര്‍ ഒരു പ്രാവശ്യം മമ്മൂക്കയെ കണ്ടപ്പോള്‍ തമിഴ് നാട്ടില്‍ നിന്ന് ഇതുപോലെ ഒരു സംവിധായകനുണ്ട്, ഒന്ന് കഥ കേള്‍ക്കൂ എന്ന് പറഞ്ഞു. അങ്ങനെ മമ്മൂക്ക പാലക്കാട് വന്നപ്പോള്‍ ഞാന്‍ പോയി കഥ പറഞ്ഞു. ആദ്യത്തെ പ്രാവശ്യം തന്നെ കഥ പറഞ്ഞപ്പോള്‍ മമ്മൂക്ക ഓക്കേ പറഞ്ഞു.
അങ്ങനെയാണ് പേരന്‍മ്പ് എന്ന സിനിമ സംഭവിക്കുന്നത്. പിന്നീട് മമ്മൂട്ടി സാറിന്റെ സിനിമ തമിഴിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ ഡയലോഗെല്ലാം തമിഴിലേക്ക് ആക്കികൊടുക്കുന്നത് ഞാനാണ്,’ റാം പറയുന്നു.