തൊണ്ണൂറുകളില്‍ പുറത്തിറങ്ങി വിജയിച്ച മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജസേനന്‍. 1984 ല്‍ പുറത്തിറങ്ങിയ ആഗ്രഹം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച രാജസേനന്‍ റിപ്പീറ്റ് വാല്യൂവുള്ള ഒട്ടനവധി ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ജയറാമിനെ നായകനാക്കി സംവിധായകന്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങളാണ് ഇതില്‍ ഭൂരിഭാഗവും എന്നതും ശ്രദ്ധേയമാണ്.

രാജസേനന്‍. Photo: The Times Of India

കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മേലെപറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി തുടങ്ങി ആരാധകരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ഒട്ടനവധി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. ഇത്തരത്തില്‍ ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു 1998ല്‍ പുറത്തിറങ്ങിയ കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍. ജയറാമിനൊപ്പം ശ്രുതി, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

ജയറാമിന് പകരം ചിത്രത്തില്‍ മോഹന്‍ലാലിയിരുന്നു നായകനാായിരുന്നതെങ്കില്‍ എന്നതിനെ കുറിച്ച് രാജസേനന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയിരുന്നെങ്കില്‍ ജയറാമിനെക്കാളും നന്നായി കഥാപാത്രത്തെ അവതരിപ്പിച്ചേനെ എന്നാണ് രാജസേനന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

‘ആ കഥ മോഹന്‍ലാലിനോട് പോയി പറഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ തീര്‍ച്ചയായും ആക്‌സെപ്റ്റ് ചെയ്‌തേനെ. പ്രത്യേകിച്ച് സ്‌നേഹിച്ച പെണ്ണ് മറ്റൊരാളുടെ കൂടെ പോകുമ്പോള്‍ അവള്‍ക്കെന്നെ മനസിലായില്ലല്ലോ എന്ന് പറഞ്ഞ് ഒരു വെട്ടുകത്തി എടുത്ത് കൊല്ലാന്‍ പോകുന്ന സ്വീകന്‍സ് തീര്‍ച്ചയായും മോഹന്‍ലാലിന്റെ കൈയില്‍ വേറെ ലെവലായേനെ.

കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍. Photo: Speed Cineplex

തീര്‍ച്ചയായും ജയറാമിന്റെ കൈയില്‍ അത് ഭദ്രമായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ മോഹന്‍ലാലിന്റെ കൈയില്‍ അത് അങ്ങനെയല്ല. മോഹന്‍ലാല്‍ കൈ കൊണ്ട് അധികം അഭിനയിക്കാറില്ലല്ലോ. അദ്ദേഹത്തിന്റെ കൈകള്‍, വിരലുകള്‍, ചലനങ്ങള്‍ തുടങ്ങി എല്ലാം ഒരു ഇന്‍സ്റ്റിറ്റ്യൂട്ടാണ്. അങ്ങനെ ഒരാളുടെ കൈയിലാണ് ആ കത്തി ഇരിക്കുന്നതെങ്കില്‍ അയാളുടെ ഫിഗറിലും ആ നടന്നുവരവിലും ഇവള്‍ തീര്‍ന്നു എന്ന് തന്നെ വിചാരിക്കാം. ആ ഒരു വിശ്വസിനീയതയാണ് ആ നടനില്‍ പല സിനിമകള്‍ ചെയ്യുമ്പോള്‍ സംവിധായകര്‍ക്കും ഓഡിയന്‍സിനും കിട്ടുന്നത്. അത് അത്യപൂര്‍വമായ ജന്മമാണ്,’ രാജസേനന്‍ പറഞ്ഞു.

 

Content Highlight: Director Rajasenan talks about Kottaram veettil apuuttan movie