അടുത്തിടെ തിയേറ്ററുകളിലെത്തി മികച്ച വിജയം സ്വന്തമാക്കിയ ആമിര്‍ ഖാന്‍ ചിത്രമായിരുന്നു സിതാരേ സമീന്‍ പര്‍. സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കായി പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് ആര്‍. എസ്. പ്രസന്നയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷയായി 90 ദിവസത്തേക്ക് സാമൂഹ്യ സേവനം ചെയ്യേണ്ടിവരുന്ന ഒരു ബാസ്‌കറ്റ് ബോള്‍ കോച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്.
സിനിമയില്‍ ആമിര്‍ഖാന്‍ പുറമെ ജെനീലിയ, ഗോപി കൃഷ്ണ, ദശ്മുഖ് എന്നിവരും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. ഇപ്പോള്‍ സിനിമയില്‍ ഗോപി കൃഷ്ണ അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആര്‍. എസ്. പ്രസന്ന.
‘സിനിമയിലെ ഗുഡു എന്ന കഥാപാത്രം മലയാളിയായ ഗോപീകൃഷ്ണന്‍ വര്‍മയാണ് ചെയ്തത്. അവന് ഹിന്ദിയറിയില്ല. ഗോപിയുടെ അമ്മയാണ് ഡയലോഗുകള്‍ പഠിപ്പിക്കുക. എനിക്ക് തമിഴും അല്‍പം മലയാളവും വഴങ്ങും. അവനോട് സംസാരിക്കാന്‍ ഞാന്‍ കൂടുതലും തമിഴാണ് ഉപയോഗിച്ചത്. ‘തിരികെ’ സിനിമ കണ്ടിട്ടാണ് ഗോപിയിലേക്കെത്തിയത്. ഏതൊരു സംവിധായകന്റെയും സ്വപ്നമാണ് അവന്‍. വെറുതേ കോപ്പി ചെയ്യുകയല്ല, അവന്റേതായ രീതിയില്‍ കഥാപാത്രത്തെ മാറ്റിയെടുക്കും,’ ആര്‍.എസ്. പ്രസന്ന പറയുന്നു.
താനൊരു പാതി മലയാളിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. മുത്തച്ഛന്‍ പാലക്കാട്ടുകാരനാണെന്നും ബന്ധുക്കളില്‍ ചിലര്‍ തൃശൂരിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെ എല്‍.വി.പ്രസാദ് ഫിലിം ആന്‍ഡ് ടി.വി അക്കാദമിയില്‍ നിന്നാണ് സംവിധാനം പഠിച്ചിറങ്ങിയതെന്നും പ്രസന്ന പറഞ്ഞു.
‘2013ലായിരുന്നു ആദ്യ ചിത്രം കല്യാണ സമയല്‍ സാദം റിലീസായത്. സൂപ്പര്‍ ഹിറ്റായിരുന്നു. തുടര്‍ന്ന്, അതേ പ്രമേയത്തില്‍, എന്നാല്‍ റീമേക്കായല്ലാതെ ചെയ്ത ‘ശുഭ് മംഗള്‍ സാവ്ധാന്‍’ ബോളിവുഡ് പ്രേക്ഷകരും ഏറ്റെടുത്തു. അതിനു ശേഷമാണ് സിതാരെ സമീന്‍ പര്‍ ചെയ്തത്. മലയാളം സിനിമകള്‍ ഞാന്‍ കാണാറുണ്ട്. മോഹന്‍ലാല്‍-മമ്മൂക്ക ഫാനാണ്. ഫഹദ് ഫാസിലിന്റെ അഭിനയവും വളരെ ഇഷ്ടമാണ്. ട്രാഫിക്, ജയ ജയ ജയ ജയ ഹേ തുടങ്ങിയ സിനിമയെല്ലാം എന്തു ഭംഗിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. തമാശകളുണ്ട്, ചിന്തകളെ ഉണര്‍ത്തുന്നുമുണ്ട്. അതാണ് മലയാള സിനിമകളുടെ പ്രത്യേകത,’ പ്രസന്ന പറയുന്നു.
Content highlight: Director R.S. Prasanna talks about the movie Sitaare Zameen Par