പ്രേം കുമാർ തിരക്കഥയും സംവിധാനവും ഒരുക്കിയ തമിഴ് ചിത്രമാണ് 96. തമിഴിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ മുൻ പന്തിയിൽ തന്നെയുള്ള ചിത്രമായ 96 പ്രേം കുമാറിന്റെ ആദ്യ ചിത്രമായിരുന്നു. ആദ്യ സിനിമക്ക് ശേഷം ആറ് വർഷത്തിനിപ്പുറം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് മെയ്യഴകൻ.
96 എന്ന സിനിമ അഭിഷേക് ബച്ചനെ നായകനാക്കി ഹിന്ദിയിൽ ചെയ്യാനായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്ന് സംവിധായകൻ പ്രേം പറയുന്നു. എന്നാൽ അത് തമിഴിൽ നല്ല രീതിയിൽ സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയിൽ സിനിമ ചെയ്യുകയാണെങ്കിൽ വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള പ്രേക്ഷകരിലേക്ക് ആ സിനിമ എത്തുമെന്നും അതുകൊണ്ടാണ് തനിക്ക് ഹിന്ദിയിൽ സിനിമ ചെയ്യാൻ ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുചിൻ മെഹ്രോത്രയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രേം.
‘96 എന്ന സിനിമ സത്യത്തിൽ ഞാൻ ഹിന്ദിയിൽ ചെയ്യാൻ വേണ്ടി ഇരുന്നതാണ്. ലീഡ് റോളിങ്ങ് അഭിഷേക് ബച്ചൻ വേണമെന്നുമായിരുന്നു എനിക്ക് ആഗ്രഹവും. അങ്ങനെയാണ് ആ സിനിമ ഞാൻ ആലോചിച്ച് വെച്ചിരുന്നത്. എന്നാൽ അപ്പോൾ എനിക്ക് ഹിന്ദി സിനിമാ മേഖലയുമായി യാതൊരു വിധത്തിലുമുള്ള കോണ്ടാക്ടുകളും ഉണ്ടായിരുന്നില്ല. ആരെ വിളിക്കണമെന്നോ ആരുമായി ബന്ധപ്പെടണമെന്നോ എനിക്കറിയില്ലായിരുന്നു.
പക്ഷെ തമിഴിൽ ആ സിനിമ നല്ല രീതിയിൽ തന്നെ സംഭവിച്ചു. എന്റെ സുഹൃത്ത് വിജയ് സേതുപതിയാണ് ചിത്രത്തിൽ നായകനായത്. ഇപ്പോൾ ഞാൻ ഒരു ഹിന്ദി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഉടനെ തന്നെ ഞാൻ ഒരു ഹിന്ദി സിനിമ ചെയ്തേക്കാം. ഹിന്ദിയിൽ സിനിമ ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നത് ഇവിടുത്തെ ഓഡിയൻസിന്റെ ഡൈവേഴ്സിറ്റി കാരണമാണ്.
തമിഴ് ഇൻഡസ്ട്രിയിൽ ഒരു സിനിമ ചെയ്താൽ അത് തമിഴ് നാട്ടിൽ മാത്രമാണ് ഒതുങ്ങുന്നത്. കന്നഡ ഇൻഡസ്ട്രിയിൽ ഒരു സിനിമ ചെയ്താൽ അത് കർണാടകയിൽ മാത്രം ഒതുങ്ങും. എന്നാൽ ഹിന്ദിയിൽ ഒരു സിനിമ ചെയ്‌താൽ അതിൽ ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രേക്ഷകർ ഉണ്ടാകും. തിരക്കഥ ഓരോ സംസ്ഥാനത്തിനും അനുസരിച്ച് നമുക്ക് മാറ്റാൻ കഴിയും. ഓരോ സ്ഥലം മാറുമ്പോഴും തിരക്കഥയുടെയും നിറം മാറും. അതാണ് ഹിന്ദിയിൽ സിനിമ ചെയ്യുന്നതുകൊണ്ട് ഞാൻ കണ്ടൊരു പോസിറ്റീവായ കാര്യം.
ഹിന്ദിയിൽ നിന്ന് ഒരു സംവിധായകൻ വിളിച്ചിട്ട് 96, മെയ്യഴകൻ തുടങ്ങിയ സിനിമകൾ ഹിന്ദിയിൽ ചെയ്യാൻ പറഞ്ഞാൽ ഞാൻ ചെയ്യും. ഇപ്പോഴും എനിക്കവ ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ ആഗ്രഹമുണ്ട്,’ പ്രേം കുമാർ പറയുന്നു.