വെറും രണ്ട് സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് പ്രേം കുമാര്‍. നഷ്ടപ്രണയത്തിന്റെ മനോഹാരിതയും വേദനയും ഒരുപോലെ കാണിച്ച 96ഉം, ബന്ധങ്ങളുടെ കഥ പറഞ്ഞ മെയ്യഴകനും സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. കഥപറച്ചിലിന്റെ ഭംഗിയാണ് പ്രേം കുമാറിന്റെ സിനിമകളുടെ പ്രത്യേകത.
മെയ്യഴകന് ശേഷം 96ന്റെ രണ്ടാം ഭാഗവും ചിയാന്‍ വിക്രവുമൊത്തുള്ള പ്രൊജക്ടുമായിരുന്നു പ്രേം കുമാറിന്റെ ലൈനപ്പിലുണ്ടായിരുന്നത്. എന്നാല്‍ അടുത്തിടെ തന്റെ അടുത്ത പ്രൊജക്ടുകളെപ്പറ്റി സംസാരിച്ചപ്പോള്‍ ഈ രണ്ട് സിനിമകളും അദ്ദേഹം ഒഴിവാക്കിയിരുന്നു. അനൗണ്‍സ് ചെയ്തതിന് ശേഷം എന്തുകൊണ്ട് ആ രണ്ട് സിനിമകളും ഒഴിവാക്കിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് പ്രേം കുമാര്‍.
96ന്റെ രണ്ടാം ഭാഗം കുറച്ചുകാലമായി മനസിലുണ്ടായിരുന്നെന്നും സുഹൃത്തുക്കളോട് കഥ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഇഷ്ടമായെന്നും പ്രേം കുമാര്‍ പറഞ്ഞു. സാധാരണയായി ബൗണ്ട് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയതിന് ശേഷമേ താന്‍ നിര്‍മാതാവിനോടും നടനോടും കഥ പറയാറുള്ളൂവെന്നും 96ന്റെ കഥ അങ്ങനെയാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഫൈനല്‍ ഡ്രാഫ്‌റ്റോ അല്ലെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ ഡ്രാഫ്റ്റാണ് ഞാന്‍ സാധാരണ നടന്മാരോട് പറയുന്നുത്. 96ന്റെ രണ്ടാം ഭാഗം അത്തരത്തില്‍ എഴുതിയെങ്കിലും നടന്നില്ല. എന്തൊക്കെയോ ഫാക്ടറുകള്‍ അതില്‍ മിസ്സാണെന്നാണ് പ്രൊഡക്ഷന്‍ ഹൗസ് പറഞ്ഞത്. അതില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തില്ല. കാരണം, അതൊക്കെയാണ് സിനിമയുടെ ഭംഗി. ആ അനിശ്ചിതത്വം സിനിമയില്‍ എല്ലാ കാലത്തുമുണ്ടാകും.
ചിയാന്‍ സാറിന്റെ കാര്യത്തില്‍ നടന്നത് മറ്റൊന്നാണ്. അദ്ദേഹത്തോട് ആദ്യം ചെറിയൊരു നരേഷന്‍ മാത്രമായിരുന്നു നടത്തിയത്. നാലഞ്ച് കഥ പറഞ്ഞതില്‍ ഒരു കഥ അദ്ദേഹത്തിന് ഇഷ്ടമായി. അത് ചെയ്യാമെന്ന് ഉറപ്പിച്ചു. അങ്ങനെ ഞാന്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി. എന്നാല്‍ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം അദ്ദേഹം വേറൊരു കഥ പ്രിഫര്‍ ചെയ്തു.
അതൊരു ലവ് സ്റ്റോറിയായിരുന്നു. പക്ഷേ, ഞാന്‍ മറ്റൊരു കഥ ആദ്യമേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അദ്ദേഹം ആവശ്യപ്പെട്ട കഥ ചെയ്യാന്‍ എനിക്ക് കുറച്ചധികം സമയം വേണ്ടിവന്നു. കാരണം, അതൊരു വലിയ കാന്‍വാസിലെടുക്കേണ്ട ഒന്നാണ്. ഒരുപാട് യാത്രകള്‍ ചെയ്യേണ്ടി വരുന്നുണ്ട്. അതൊക്കെ കൊണ്ട് ആ പ്രൊജക്ടും മാറ്റിവെക്കേണ്ട അവസ്ഥയായി,’ പ്രേം കുമാര്‍ പറയുന്നു.
Content Highlight: Director Prem Kumar about why the project with Chiyaan Vikram didn’t happened