എനിക്കാകെ ഒമ്പത് എക്‌സ്പ്രഷന്‍ മാത്രമേ അറിയുകയുള്ളൂ എന്നാണ് ഫഹദ് പറഞ്ഞത്: പവന്‍ കുമാര്‍
Film News
എനിക്കാകെ ഒമ്പത് എക്‌സ്പ്രഷന്‍ മാത്രമേ അറിയുകയുള്ളൂ എന്നാണ് ഫഹദ് പറഞ്ഞത്: പവന്‍ കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st June 2023, 11:39 pm

ഫഹദ് ഫാസില്‍ നായികനാവുന്ന ധൂമം റിലീസിനൊരുങ്ങുകയാണ്. കെ.ജി.എഫ്, കാന്താര എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ഹോംബാലെ ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് ധൂമം. പ്രേക്ഷകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തെ പറ്റി കൂടുതല്‍ സംസാരിക്കുകയാണ് സംവിധായകന്‍ പവന്‍ കുമാര്‍.

തനിക്ക് ആകെ എട്ട് എക്‌സ്‌പ്രെഷനുകള്‍ മാത്രമേ അറിയൂ എന്നാണ് ഫഹദ് തന്നോട് പറഞ്ഞതെന്നും നമുക്ക് ഒമ്പതാമത്തെ കണ്ടെത്താം എന്നാണ് താന്‍ മറുപടി നല്‍കിയതെന്നും പവന്‍ പറഞ്ഞു. ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പവന്‍.

‘ആദ്യത്തെ പത്ത് ദിവസത്തിലാണ് അത് സംഭവിച്ചത്. എനിക്ക് ഇത് ഇങ്ങനെ വേണം, ഈ ഫീലാണ് പുറത്തേക്ക് വരേണ്ടത് എന്നൊക്കെ ഞാന്‍ പറഞ്ഞു. നിങ്ങളുടെ സിനിമകളിലെ എല്ലാ അഭിനേതാക്കള്‍ക്കും ഒരുപാട് നിര്‍ദേശങ്ങള്‍ കൊടുക്കാറുണ്ടോ എന്നാണ് ഫഹദ് എന്നോട് ചോദിച്ചത്.

ഞാന്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിയോ എന്ന് ചിന്തിച്ച് പോയി. എന്നാല്‍ അതുപോലെയുള്ള വിഷയങ്ങളില്‍ അദ്ദേഹം ഒരിക്കലും അസ്വസ്ഥനായിരുന്നില്ല. പവന്‍ എനിക്ക് ആകെ എട്ട് എക്‌സ്‌പ്രെഷന്‍ മാത്രമേ അറിയുകയുള്ളൂ എന്ന് ഫഹദ് പറയാന്‍ തുടങ്ങി. എങ്കില്‍ നമുക്ക് ഒമ്പതാമത്തെ കണ്ടുപിടിക്കാം എന്ന് ഞാന്‍ പറഞ്ഞു,’ പവന്‍ പറഞ്ഞു.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. റോഷന്‍ മാത്യു, വിനീത്, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘ധൂമം’ തിയേറ്ററുകളില്‍ എത്തിക്കുന്നത്. 23 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ധൂമം റിലീസ് ചെയ്യും.

Content Highlight: director pawan kumar about fahad faasil