സന്ദീപിന് ഇന്നുള്ള മാര്‍ക്കറ്റ് വാല്യൂ അന്നില്ല; നിര്‍മാതാവായി ജയറാമില്ലെങ്കില്‍ ഈ സിനിമ നടക്കില്ലായിരുന്നു: ദിന്‍ജിത്ത് അയ്യത്താന്‍
Malayalam Cinema
സന്ദീപിന് ഇന്നുള്ള മാര്‍ക്കറ്റ് വാല്യൂ അന്നില്ല; നിര്‍മാതാവായി ജയറാമില്ലെങ്കില്‍ ഈ സിനിമ നടക്കില്ലായിരുന്നു: ദിന്‍ജിത്ത് അയ്യത്താന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd December 2025, 6:24 pm

 

എം.ആര്‍.കെ. ജയറാമിനെ പോലെ ഒരു നിര്‍മാതാവ് ഇല്ലായിരുന്നുവെങ്കില്‍ എക്കോ പോലൊരു ചിത്രം ചെയ്യാന്‍ സാധിക്കില്ലായിരുന്നുവെന്ന് ഡയറക്ടര്‍ ദിന്‍ജിത്ത് അയ്യത്താന്‍. നവംബര്‍ 21 ന് റിലീസായ ചിത്രം ഇതിനോടകം തന്നെ 25 കോടിയോളം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വനിത യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിന്‍ജിത്തിന്റെ പ്രതികരണം.

eko. Photo: theatrical poster

‘കിഷ്‌കിന്ധാ കാണ്ഡത്തിന്റെ ഷൂട്ടിന് മുമ്പ് തന്നെ എക്കോയെക്കുറിച്ച് ഞാനും ബാഹുലും ചര്‍ച്ച ചെയ്തിരുന്നു. ചിത്രം തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെയാണ് എക്കോ ചെയ്യാനുള്ള ധൈര്യം ഞങ്ങള്‍ക്ക് ലഭിച്ചത്. എന്നിരുന്നാലും ഒരു നിര്‍മാതാവിനെ കണ്ടെത്തുക എന്നത് വെല്ലുവിളിയായിരുന്നു. കേട്ടു കേള്‍വിയില്ലാത്ത കഥാശൈലിയും പ്രധാന കഥാപാത്രമായി ഒരു യുവതാരമാണെന്നതും ഒരു നിര്‍മ്മാതാവിനെ സംബന്ധിച്ച് ധൈര്യം നല്‍കുന്ന കാര്യമല്ല.

ചിത്രത്തെക്കുറിച്ച് ആലോചിക്കുന്ന സമയത്ത് പടക്കളവും ജിംഖാനയും റിലീസ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സന്ദീപിന് ഇന്നുള്ള മാര്‍ക്കറ്റ് വാല്യൂ അന്നില്ല. ഈ ഘട്ടത്തിലാണ് എന്റെ സുഹൃത്തായ ജയറാമിനോട് ചിത്രത്തെക്കുറിച്ച് പറയുന്നത്. ജയറാം എല്ലാത്തിനും ഒപ്പത്തിനൊപ്പമായിരുന്നു. എല്ലാത്തിനും കൂടെയുണ്ടെന്ന ധൈര്യം ജയറാം തന്നു. അങ്ങനെയാണ് ചിത്രം ഓണായത്.

വേറൊരു നിര്‍മാതാവാണെങ്കില്‍ രണ്ടാമതൊന്നു കൂടെ ആലോചിച്ചേനെ. പലരും ജയറാമിനോട് ചോദിച്ചിട്ടുണ്ട് നിങ്ങളെന്ത് ധൈര്യത്തിലാണ് ഈ തിരക്കഥ സെലക്ട് ചെയ്തതെന്ന്. ഒരു റിസ്‌കായിരുന്നു അദ്ദേഹം എടുത്തത്. പക്ഷേ എല്ലാ രീതിയിലും ജയറാം ഞങ്ങളോട് സഹകരിച്ചു,’ ദിന്‍ജിത്ത് പറഞ്ഞു.

സന്ദീപ് പ്രദീപ്. Photo: screen grab/ movie trailer

5 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം മുടക്കു മുതല്‍ തിരിച്ചു പിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം ബാഹുല്‍ രമേശ്-ദിന്‍ജിത്ത് അയ്യത്താന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സന്ദീപ് പ്രദീപ്, നരെന്‍, വിനീത്, അശോകന്‍, ബിനു പപ്പു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: director of eko dinjith ayyathan talks about producer mrk jhayaram