ആസിഫ് അലിയെ നായകനാക്കി കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുത്ത് വെച്ച സംവിധായകനാണ് നിസാം ബഷീര്‍. ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ റോഷാക്ക് എന്ന ചിത്രത്തിലൂടെ നിസാം ബഷീര്‍ തന്റെ ക്ലാസ് മോളിവുഡിന് കാണിച്ചുകൊടുത്തിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഐ നോബഡിയാണ് നിസാം ബഷീറിന്റെ മൂന്നാം ചിത്രം. ചിത്രം ജൂലൈ ഒമ്പതിന് തിയേറ്ററുകളിലെത്തിയിരുന്നു.
വലിയ പ്രതീക്ഷകളോടെയായിരുന്നു എത്തിയതെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് നേടാന്‍ സാധിച്ചത്. ആദ്യ പകുതി ഗംഭീരമായെന്നും എന്നാല്‍ രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ എന്താണ് സംവിധായകന്‍ ഉദ്ദേശിച്ചതെന്ന് അറിയാന്‍ സാധിക്കാത്ത വിധത്തില്‍ ആശയക്കുഴപ്പം ഉണ്ടായി എന്നുമായിരുന്നു പലരും പ്രതികരിച്ചത്.
ഐ നോബഡി പോസ്റ്റർ. Photo: IMDb
ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെയടക്കം ഇത് കാര്യമായി ബാധിച്ചിരുന്നു.
ഇപ്പോള്‍ ചിത്രത്തിനായി നാല് സെക്കന്‍ഡ് ഹാഫുകള്‍ ഒരുക്കിയിരുന്നു എന്ന് പറയുകയാണ് നിസാം ബഷീര്‍. നാല് ഫൈനല്‍ ഡ്രാഫ്റ്റുകള്‍ ഉണ്ടായിരുന്നുവെന്നും, വേറെ നാല് കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കുകയാണ് അദ്ദേഹം.
ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
നിസാം ബഷീര്‍
‘നോബഡിയുടെ കാര്യത്തില്‍ ആക്ച്വലി നമുക്ക് നാല് സെക്കന്‍ഡ് ഹാഫ് ഉണ്ടായിരുന്നു, സെക്കന്‍ഡ് ഹാഫിന് നാല് വ്യത്യസ്ത വേര്‍ഷനുകള്‍ ഉണ്ടായിരുന്നു.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കഥ തികച്ചും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന നാല് തരത്തിലുള്ള രണ്ടാം പകുതികള്‍ തന്നെ ഫൈനല്‍ ഡ്രാഫ്റ്റിനായി ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. നാല് വേറെ ക്യാരക്ടേഴ്സ് തന്നെ ഉണ്ടായിരുന്നു.
എന്നാല്‍ കാലം മാറുംതോറും തിരക്കഥ പുതുക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് കഥ നിരന്തരം പുതുക്കി പുതുക്കി വന്നപ്പോഴാണ് സിനിമ ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ഈയൊരു അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്,’ നിസാം ബഷീര്‍ പറഞ്ഞു.
ചിത്രത്തില്‍ നിന്നും
ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.
‘എല്ലാത്തിനെയും സ്വീകരിക്കും എല്ലാം ആക്സെപ്റ്റ് ചെയ്യും. നമ്മള്‍ എല്ലാം അറിയുന്ന ആള്‍ക്കാരല്ലല്ലോ. ചെയ്തുചെയ്താണ് ഞാന്‍ പഠിച്ചിട്ടുള്ളത്. എങ്ങനെയാണ് ആളുകള്‍ നമ്മുടെ സിനിമയെ സ്വീകരിക്കുന്നത് എന്നതും ഒരു ലേണിങ്ങിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ട് തന്നെ പോസ്റ്റീവ് റിവ്യൂസും നെഗറ്റീവ് റിവ്യൂസും സ്വീകരിക്കുന്നു.
നെഗറ്റീവ് റിവ്യൂസിലാണെങ്കിലും പോസിറ്റീവിലാണെങ്കിലും ഇതെന്ത് കൊണ്ട് വര്‍ക്കൗട്ട് ആയി അല്ലെങ്കില്‍ ഇതെന്ത് കൊണ്ട് വര്‍ക്കൗട്ടായില്ല എന്ന രീതിയിലേക്കും നമ്മള്‍ ഒന്ന് റീ തിങ്ക് ചെയ്യും. എവിടെയാണ് പാളിയതെന്നോ എവിടെയാണ് വര്‍ക്കൗട്ട് ആയതെന്നോ ഉള്ള കാര്യം ഞങ്ങള്‍ പഠിക്കും,’ നിസാം ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിക്ക് പുറമെ പാര്‍വതി തിരുവോത്ത്, വിജയരാഘവന്‍, അശോകന്‍, ഹക്കീം ഷാ, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. സമീര്‍ അബ്ദുല്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്.
Content Highlight: Director Nissam Basheer reveals that the movie ‘I Nobody’ had four different second halves.