റോഷാക്കിന് പൂജ്യം മാര്‍ക്ക് തന്നവരുണ്ട്; ഐ നോബഡിയുടെ സെക്കന്റ് ഹാഫ് ഈ രീതിയില്‍ ആയിരുന്നെങ്കില്‍ ആളുകള്‍ കണ്‍വിന്‍സ് ആയേനെ: നിസാം ബഷീര്‍
Malayalam Cinema
റോഷാക്കിന് പൂജ്യം മാര്‍ക്ക് തന്നവരുണ്ട്; ഐ നോബഡിയുടെ സെക്കന്റ് ഹാഫ് ഈ രീതിയില്‍ ആയിരുന്നെങ്കില്‍ ആളുകള്‍ കണ്‍വിന്‍സ് ആയേനെ: നിസാം ബഷീര്‍
ആര്യ.പി
Tuesday, 14th July 2026, 11:13 am

‘കെട്ട്യോളാണെന്റെ മാലാഖ’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഐ, നോബഡി’. സമ്മിശ്ര പ്രതികരണവുമായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിന്റെ ദൈര്‍ഘ്യത്തെയും ഴോണറിനേയും ചൊല്ലി ചില കോണുകളില്‍ നിന്ന് സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ദി ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ നിസാം ബഷീര്‍.

സിനിമയുടെ ആദ്യ പകുതി തിയേറ്ററില്‍ ഉണ്ടാക്കിയ വേഗത രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ കുറഞ്ഞു പോയി എന്നതായിരുന്നു പ്രധാന വിമര്‍ശനമെന്നും ഇത് ബോധപൂര്‍വ്വം ചെയ്ത ഒരു പരീക്ഷണമായിരുന്നുവെന്നും നിസാം ബഷീര്‍ പറയുന്നു.

പൃഥ്വിരാജ്, ഐ നോബഡിയില്‍ നിന്നുള്ള രംഗം photo: The Realprithvi/Instagram

‘എനിക്ക് ഇതില്‍ ഏറ്റവും പ്രസക്തമായി തോന്നിയത് രാജീവന്റെ കുടുംബവും അവന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമാണ്. ഇത് ആര് മൂലമാണ് രാജീവന്‍ അനുഭവിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. ആ പോയിന്റ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സ്വാഭാവികമായും ആദ്യ പകുതിയില്‍ നമ്മള്‍ സെറ്റ് ചെയ്തു വെച്ച സൈക്കോളജിയില്‍ നിന്നും രണ്ടാം പകുതിയില്‍ അല്പം താഴേക്ക് വരേണ്ടി വരും,’ സംവിധായകന്‍ പറയുന്നു.

ചിത്രത്തിന്റെ ഴോണര്‍ മിക്‌സിങ്ങിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതൊരു ക്രൈം ആക്ഷന്‍ ത്രില്ലര്‍ അല്ലെന്നും, രാജീവന്‍ നേരിട്ട പ്രതിസന്ധികള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കാന്‍ സിനിമയില്‍ പൊളിറ്റിക്കല്‍ സറ്റയര്‍ ഉപയോഗിക്കേണ്ടി വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസ്ഥിതിയാണ് രാജീവനെ ഈ അവസ്ഥയിലാക്കിയത്. ആ രാഷ്ട്രീയത്തിലേക്ക് കടന്നപ്പോഴാണ് സിനിമയ്ക്ക് സ്ലോ പേസ് വന്നതായി ആളുകള്‍ക്ക് തോന്നിയത്.

നിസാം ബഷീര്‍ photot: The Cue

‘നമ്മള്‍ തന്നെ സെറ്റ് ചെയ്തു വെച്ച ഫസ്റ്റ് ഹാഫിന്റെ സൈക്കോളജിയുണ്ട്. തുടക്കം തന്നെ നല്ല ഹൈപ്പില്‍ കൊണ്ടുവന്നിട്ട്, സെക്കന്റ് ഹാഫിലേക്ക് എത്തിയപ്പോള്‍ എന്താണ് ഇങ്ങനെ എന്ന് ആളുകള്‍ക്ക് തോന്നി. ഒരുപക്ഷേ സെക്കന്‍ഡ് ഹാഫില്‍ നമ്മള്‍ സെറ്റ് ചെയ്തു വെച്ച ആ പേസ് ഒന്ന് തിരിച്ചായിരുന്നെങ്കില്‍ ആളുകള്‍ കണ്‍വിന്‍സ് ആയേനെ.

അത് എക്‌സ്‌പെരിമെന്റല്‍ ആയിട്ട് ചെയ്തതാണ്. ചിലര്‍ക്ക് അത് ഇഷ്ടപ്പെട്ടിട്ടുണ്ട്, വര്‍ക്ക് ആയിട്ടുണ്ട്. ‘ഫസ്റ്റ് ഹാഫ് ഈസ് ഡാം ഗുഡ്, സെക്കന്‍ഡ് ഹാഫ് ഈസ് ഗുഡ്’ എന്നുള്ള ഒരു സാധനത്തിലേക്ക് വന്നിട്ടുണ്ട്,’ നിസാം പറഞ്ഞു.

തന്റെ മുന്‍ ചിത്രമായ മമ്മൂട്ടി ചിത്രം ‘റോഷാക്കി’നും സമാനമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും നിസാം ബഷീര്‍ പറഞ്ഞു.

‘റോഷാക്കിനും ഇങ്ങനെയുള്ള റിവ്യൂസ് എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് പൂജ്യം മാര്‍ക്ക് തന്ന റിവ്യൂവേഴ്‌സുമുണ്ട്, പത്തില്‍ ഇരുപത് മാര്‍ക്ക് തന്നവരുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതികരണങ്ങള്‍ എന്നെ സംബന്ധിച്ച് പുതിയതല്ല. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ ഉണ്ടാകട്ടെ എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്,’ നിസാം ബഷീര്‍ പറഞ്ഞു.

Director Nisam Basheer responds to criticism against ‘I, Nobody

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.