ഇന്നലെ അന്തരിച്ച ബോളിവുഡ് ഇതിഹാസ നടന്‍ ധര്‍മേന്ദ്രയെ അനുസ്മരിച്ച് സംവിധായകന്‍ എം.പത്മകുമാര്‍. ഇന്ത്യന്‍ സിനിമ കണ്ട വലിയ ഹീ-മാന്‍, പ്രണയരംഗങ്ങളുടെ തീവ്രതയും അസാമാന്യമായ ആക്ഷന്‍ പ്രകടനങ്ങളും കൊണ്ട് ഒരു തലമുറയെ കീഴടക്കിയ സൂപ്പര്‍ഹീറോ ധര്‍മേന്ദ്ര എന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.
ധര്‍മേന്ദ്രയെ ആദ്യമായി കണ്ട് മുട്ടിയ അനുഭവവും ജോസഫ് സിനിമയെ കുറിച്ച് ഉണ്ടായ സംഭാഷണങ്ങളും എം. പത്മകുമാര്‍ പങ്കുവെക്കുകയുണ്ടായി. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ ഓര്‍മകള്‍ പത്മകുമാര്‍ പങ്കുവെച്ചത്. ധരംജി എന്നും വിളിക്കപ്പെട്ട അദ്ദേഹവുമായി തന്റെ കണ്ടുമുട്ടല്‍ അതീവ വികാരാധീനമായിരുന്നുവെന്ന് പത്മകുമാര്‍ പറയുന്നു.
താന്‍ സംവിധാനം ചെയ്ത ജോസഫ് എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ചര്‍ച്ചക്കായി ഹിന്ദി നായകന്‍ സണ്ണി ഡിയോളിനെ കാണാന്‍ മണാലിയിലെ വീട്ടില്‍ പോയപ്പോഴായിരുന്നു ധരംജിയെ താന്‍ ആദ്യമായി കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ഹൃദ്യമായി ആണ് ധരംജി തന്നെ സ്വീകരിച്ചതെന്നും മലയാള സിനിമ, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവയും അദ്ദേഹത്തിന്റെ സംസാര വിഷയങ്ങളായിരുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു.
തങ്ങള്‍ സണ്ണി ഡിയോളുമായി സംസാരിക്കുമ്പോള്‍ ധരംജിയും കുടുംബവും അവരുടെ ഹോം തിയേറ്ററില്‍ ‘ജോസഫ്’ കണ്ടിരുന്നുവെന്നും ചര്‍ച്ചകള്‍ കഴിഞ്ഞ് സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ ധരംജി തങ്ങളെ കാത്തിരിപ്പുണ്ടായിരുന്നുവെന്നും പത്മകുമാര്‍ ഓര്‍ത്തെടുത്തു പറഞ്ഞു.
സിനിമയില്‍ ജോസഫായി അഭിനയിച്ചത് ആരാണെന്ന് ചോദിച്ചുവെന്നും ജോജുവിനെ കുറിച്ച് താന്‍ അപ്പോള്‍ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം പത്മകുമാറിന്റെ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം
‘ഇന്ത്യന്‍ സിനിമ കണ്ട വലിയ ഹീമാന്‍. പ്രണയരംഗങ്ങളുടെ തീവ്രതയും അസാമാന്യമായ ആക്ഷന്‍ പ്രകടനങ്ങളും കൊണ്ട് ഒരു തലമുറയെ കീഴടക്കിയ സൂപ്പര്‍ഹീറോ ധര്‍േമന്ദ്ര. ധരംജി എന്നും വിളിക്കപ്പെട്ട അദ്ദേഹവുമായി എന്റെ കണ്ടുമുട്ടല്‍ അതീവ വികാരാധീനമായിരുന്നു.
2022-ല്‍ ‘ജോസഫ്’ എന്ന ഞാന്‍ സംവിധാനം ചെയ്ത സിനിമയുടെ ഹിന്ദി റീമേക്ക് ചര്‍ച്ചക്കായി ഹിന്ദി നായകന്‍ സണ്ണി ഡിയോളിനെ കാണാന്‍ മണാലിയിലെ വീട്ടില്‍ പോയപ്പോഴായിരുന്നു ധരംജിയെ ആദ്യം കാണുന്നത്. അനുമാനിച്ചതിനേക്കാള്‍ ഹൃദ്യമായി ആണ് ധരംജി എന്നെ സ്വീകരിച്ചത്. മലയാള സിനിമ, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവയും അദ്ദേഹത്തിന്റെ സംസാരവിഷയങ്ങളായിരുന്നു.
ഞങ്ങള്‍ സണ്ണിയുമായി സംസാരിക്കുമ്പോള്‍ ധരംജിയും കുടുംബവും അവരുടെ ഹോം തിയേറ്ററില്‍ ‘ജോസഫ്’ കണ്ടു. ചര്‍ച്ചകള്‍ കഴിഞ്ഞ് സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ ധരംജി ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. മറ്റുള്ളവരോടെല്ലാം ഇരിക്കാനാണ് പറഞ്ഞത്, പക്ഷെ ഞാന്‍ അടുത്തെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്നു. എന്റെ മുന്നില്‍ മഹാനടന്‍ ഒരല്പനേരം നിന്നു നോക്കി.
ആ കണ്ണുകളില്‍ സ്‌നേഹവും വാത്സല്യവും നിറഞ്ഞു. പിന്നെ എന്നെ ചേര്‍ത്ത് പിടിച്ച് വെല്‍ഡണ്‍ ബേട്ടാ വെല്‍ഡണ്‍’ എന്ന് പറഞ്ഞു. അതിന് ശേഷം പറഞ്ഞത് വികാരത്തില്‍ എനിക്ക് കേള്‍ക്കാനായില്ല. അവസാനം ‘ജോസഫായി’ അഭിനയിച്ചത് ആരാണെന്ന് ചോദിച്ചു. ജോജുവിനെ കുറിച്ച് ജോജുവിനെ കുറിച്ച് ഞാന്‍ പറഞ്ഞു. ആ വാക്കുകളും ആ അങ്ങാലിംഗനവും എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്.
തുടര്‍ന്ന് രണ്ടുതവണ കൂടി മണാലിയില്‍ പോയപ്പോള്‍ ധരംജിയെ കണ്ടു. അന്നത്തെ അതേ സ്‌നേഹവും എനിക്കു ലഭിച്ചു. ഒരു കുസൃതി നിറഞ്ഞ ഓര്‍മ്മ ,സിനിമയുടെ കാസ്റ്റിങ് ചര്‍ച്ചയില്‍ നായികയെ കുറിച്ചുള്ള ചോദ്യം ഒടുവില്‍ ധരംജിയോടു ചോദിച്ചു. ആരാണ് അനുയോജ്യമെന്ന്? ഒട്ടും ലാഗില്ലാതെ മറുപടി, ‘നായികമാരുടെ കാര്യം മാത്രം എന്നോടു ചോദിക്കരുത്, എല്ലാ നായികമാരേയും എനിക്കിഷ്ടമാണ്! ഒരുപോലെ!’ അന്ന് മുഴങ്ങിയ കൂട്ടച്ചിരി ഇന്നും കാതുകളില്‍.
ജോസഫിന്റെ ഹിന്ദി റീമേക്ക് പൂര്‍ത്തിയായി. ഡിസംബര്‍ ആദ്യം ധരംജിയുടെ ജന്മദിനത്തില്‍ ടൈറ്റില്‍ അനൗണ്‍സ് ചെയ്യാനിരിക്കെ, അദ്ദേഹം വിടവാങ്ങി. സണ്ണി ഡിയോള്‍ ആ കഥാപാത്രത്തെ എത്ര ഉജ്ജ്വലമായി അവതരിപ്പിച്ചു എന്നത് കാണാന്‍ കഴിയാതെ. എങ്കിലും എവിടെയോ നിന്ന് ഞങ്ങളെ അനുഗ്രഹിക്കുമെന്നുറപ്പ്. എന്നെ ചേര്‍ത്തുപിടിച്ചതുപോലെ ഈ സിനിമയേയും തന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കും. എനിക്കുറപ്പുണ്ട്,’
Content highlight: Director M. Padmakumar remembers the Bollywood legend Dharmendra