അടുത്തിനിയെന്ത് സംഭവിക്കുമെന്ന് ഓരോ നിമിഷവും ആകാംഷയോടെ ചോദിപ്പിച്ച ചിത്രം; ത്രില്ലര്‍ ചിത്രത്തിന്റെ ആവേശം പങ്കുവെച്ച് ലാല്‍ ജോസ്
Film News
അടുത്തിനിയെന്ത് സംഭവിക്കുമെന്ന് ഓരോ നിമിഷവും ആകാംഷയോടെ ചോദിപ്പിച്ച ചിത്രം; ത്രില്ലര്‍ ചിത്രത്തിന്റെ ആവേശം പങ്കുവെച്ച് ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th April 2022, 3:53 pm

നാളുകള്‍ക്ക് ശേഷമായിരുന്നു ഒരു പ്യുവര്‍ ത്രില്ലര്‍ മോഡിലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്. വലിയ അവകാശവാദങ്ങളൊന്നും തന്നെയില്ലാതെ തിയേറ്ററുകളിലെത്തിയ അനൂപ് മേനോന്‍ ചിത്രം 21 ഗ്രാംസ് അത്തരത്തിലൊന്നായിരുന്നു.

മികച്ച അഭിപ്രായങ്ങളുമായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും നേടിയാണ് ചിത്രം മുന്നോട്ടുകുതിക്കുന്നത്.

ഇപ്പോള്‍ ചിത്രം കണ്ടതിന്റെ ആവേശം പങ്കുവെക്കുകയാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് മേക്കര്‍മാരില്‍ ഒരാളായ ലാല്‍ ജോസ്. അടുത്തിനിയെന്ത് സംഭവിക്കും എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനില്‍ ജനിപ്പിക്കുന്ന ചിത്രമാണിതെന്നായിരുന്നു ലാല്‍ജോസ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ലാല്‍ജോസ് ഇക്കാര്യം പറയുന്നത്.

’21 ഗ്രാംസ് കണ്ടു. നല്ല തീയേറ്റര്‍ എക്‌സിപീരിയന്‍സ്. അടുത്തിനിയെന്ത് സംഭവിക്കും എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനില്‍ ജനിപ്പിക്കുന്ന ചിത്രം. വമ്പന്‍ പടങ്ങള്‍ക്കിടയിലും തീയറ്റര്‍ നിറയ്ക്കാന്‍ ഈ സിനിമക്ക് സാധിക്കുന്നുവെന്നത് വലിയ കാര്യം. നവാഗത സംവിധായകന്‍ ബിബിന്‍ കൃഷ്ണ കൈയ്യൊതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു. അനൂപ് മേനോനും ഒപ്പം അഭിനയിച്ചവരും നന്നായി. അഭിനന്ദനങ്ങള്‍ ടീം 21 ഗ്രാംസ്,’ അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

മലയാളത്തില്‍ ഒരു പിടി മികച്ച ത്രില്ലറുകള്‍ സമ്മാനിച്ച ജിത്തു ജോസഫ്, മിഥുന്‍ മാനുവല്‍ തുടങ്ങിയ സംവിധായകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

അനൂപ് മേനോനൊപ്പം മലയാളത്തിന്റെ ലെജന്‍ഡുകളും യുവതാരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഫയര്‍ ബ്രാന്റ് ഡയലോഗുകളുടെ സ്രഷ്ടാക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഇരുവരുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. അനൂപ് മേനോന് പുറമേ, ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Director Laljose about 21 Grams Movie