സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി തന്റെ സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. പിന്നീട് 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അദ്ദേഹം ആദ്യമായി സംവിധായകനായത്.
ശേഷം സിനിമാപ്രേമികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ നല്‍കാന്‍ ലാല്‍ ജോസിന് സാധിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ വിടമാട്ടൈ ബൈ കീര്‍ത്തി എന്ന യൂട്യൂബ് ചാനലില്‍ നടി സുകുമാരിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.
‘സുകുമാരിയമ്മ സെറ്റിലെ എല്ലാ ആളുകളെയും ഒരുപോലെ കാണുന്ന ആളായിരുന്നു. എന്നെ പോലെയുള്ള എത്രയോ ആളുകള്‍ക്ക് സുകുമാരിയമ്മയെ കുറിച്ച് പറയാനുണ്ടാകും. അത്തരത്തിലുള്ള മാര്‍ക്ക് ഉണ്ടാക്കിയിട്ട് പോയ നടിയാണ് അവര്‍.
സെറ്റില്‍ എല്ലാവരുടെയും കാര്യം സുകുമാരിയമ്മ അന്വേഷിക്കുമായിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചോ എന്നൊക്കെ അന്വേഷിക്കും. ഓരോരുത്തരുടെയും വീട്ടിലെ കാര്യങ്ങളും സുകുമാരിയമ്മ അന്വേഷിക്കും എന്നതാണ് സത്യം.
അത് പറഞ്ഞപ്പോഴാണ് ഞാന്‍ മറ്റൊരു കാര്യം ഓര്‍ത്തത്. സുകുമാരിയമ്മ എനിക്ക് ഒരിക്കല്‍ നല്ലൊരു പാര വെച്ചിരുന്നു. ഒരു ദിവസം എന്റെ ഭാര്യയായ ലീന സെറ്റില്‍ വന്നിരുന്നു. അന്ന് ലീനയോട് പറഞ്ഞത് ‘മോളേ ഇവനെ ശ്രദ്ധിക്കണം’ എന്നായിരുന്നു.
‘സംവിധായകനായിട്ട് അവന്റെ പടം ഹിറ്റായി. ഇനി ആളുകള്‍ ഇവനെ ഇംപ്രസ് ചെയ്യാന്‍ വേണ്ടി ശ്രമിക്കും. അതിനായിട്ട് അവര്‍ കൊടുക്കുന്നത് ചിലപ്പോള്‍ മദ്യകുപ്പികളാകും. കഴിക്കാന്‍ താത്പര്യമില്ലാത്ത ആള്‍ ചിലപ്പോള്‍ ആ കുപ്പി അവിടെ ഇരിക്കുന്നത് കാണുകയും എന്നാല്‍ ഒന്ന് അടിച്ചേക്കാമെന്ന് കരുതുകയും ചെയ്യും.
അങ്ങനെയാണ് പലരും വലിയ മദ്യപാനികളായിട്ട് മരിച്ച് പോയത്’ എന്നാണ് ഉപദേശിച്ചത്. ഞാന്‍ അങ്ങനെ ആരുടെയും കയ്യില്‍ നിന്ന് ഗിഫ്‌റ്റൊന്നും വാങ്ങാറില്ലായിരുന്നു. എന്റെ കരിയറിന്റെ തുടക്കമായിരുന്നു അത്. ലീന ഇപ്പോഴും പറയാറുണ്ട് ‘അന്ന് ചേച്ചി പറഞ്ഞത് എത്ര സത്യമായ കാര്യമാണ്’ എന്ന് (ചിരി),’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Director Lal Jose Shares An Experience With Sukumari