മലയാള ചലച്ചിത്ര മേഖലക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. മൂന്ന് പതിറ്റാണ്ടിലേറെയുള്ള അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ നാല്പതിലധികം സിനിമകൾ അദ്ദേഹം ചെയ്തു. കുടുംബ ബന്ധങ്ങളുടെയും പ്രണയസങ്കല്പങ്ങളുടെയും കഥ പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാകാൻ കമലിന് കഴിഞ്ഞിട്ടുണ്ട്. മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടപെട്ട സിനിമകളിൽ എപ്പോഴും മുൻപന്തിയിൽത്തന്നെ അദ്ദേഹത്തിന്റെ സിനിമകളുമുണ്ട്.

1996ൽ പുറത്തിറങ്ങിയ ‘ഈ പുഴയും കടന്ന്’ എന്ന സിനിമയിലെ മഞ്ജുവിന്റെ പ്രകടനത്തെപ്പറ്റി ഷോസ്കേപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽ. മഞ്ജു വാര്യർ എന്ന നടിയുടെ സിനിമ കരിയറിലെ മികച്ചതും ബോൾഡായതുമായ ഒരു കഥാപാത്രത്തെ ഈ സിനിമയിലൂടെ പുറത്തെടുക്കാൻ കഴിഞ്ഞുവെന്നാണ് കമൽ പറയുന്നത്.

‘ഇങ്ങനത്തെ ഒരു ബോൾഡ് ആയിട്ടുള്ള ക്യാരക്ടറിനെ മഞ്ജുവിനു ചെയ്യാൻ പറ്റുമെന്ന് തന്നെ ആർക്കും അറിയില്ലായിരുന്നു. പക്ഷേ അങ്ങനെയൊരു ക്യാരക്ടറിലേക്ക് മഞ്ജുവിനെ മാറ്റി എടുക്കുകയായിരുന്നു. സല്ലാപത്തിൽ നർമമൊന്നുമില്ലാത്ത വൈബ്രന്റ് അല്ലാത്ത അടുക്കളക്കാരിയായ ചെറിയ തമാശകൾ പറയുന്ന കഥാപാത്രമാണ് മഞ്ജുവിന്റേത്. തൂവൽ കൊട്ടാരത്തിലാണെങ്കിൽ ഡിപ്രഷനും ദുർവാശിയുമുള്ള കുട്ടിയാണ്. ഈ പുഴയും കടന്നെന്ന സിനിമയിൽ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളാണ്.

മഞ്ജു വാര്യർ.Photo.Screen Grab/Youtube.com

ഇപ്പോഴുള്ള പെൺകുട്ടികളുടെ സെൽഫ് സഫിഷ്യന്റ് അല്ലെങ്കിൽ സ്ത്രീ എംപവർമെന്റിനെ കുറിച്ചൊക്കെ നമ്മൾ പറയുന്നുണ്ട്. ഈ പുഴയും കടന്നെന്ന സിനിമയിൽ മഞ്ജുവിന്റെ കഥാപാത്രം അതാണ്. കഷ്ടപ്പെട്ട് ജോലി ചെയ്ത് രണ്ട് ചേച്ചിമാരെയും ഭരിക്കുകയാണ് അവൾ. നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യണം എന്നൊക്കെ പറഞ്ഞിട്ട് ആ രീതിയിലേക്ക് വരുന്ന ഒരു ബോൾഡ് ആയിട്ടുള്ള ക്യാരക്ടർ ആണ് അവളുടേതെങ്കിലും അതിന്റെ ഇടയിൽ ഒരുപാട് നർമ്മം അവളുടെ ക്യാരക്ടറിൽ ഉണ്ട്.’ കമൽ പറഞ്ഞു.

നായകൻറെ കഥാപാത്രത്തിനേക്കാളും കൂടുതൽ താൻ സമയം സ്പെൻഡ്‌ ചെയ്യുന്നത് നായികയുടെ കഥാപാത്രത്തെ കൊണ്ട് പെർഫോം ചെയ്യിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. അതവർക്ക് അഭിനയിക്കാൻ അറിയാത്തതുകൊണ്ടല്ലെന്നും പല നായികമാരും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടവരായതുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ അത്തരം നായിക സങ്കല്പങ്ങളിൽ നിന്ന് പുറത്തുള്ള ചില കഥാപാത്രങ്ങളെ അഭിനയിപ്പിക്കണമെങ്കിൽ അവരിലേക്ക് നമ്മൾ സൂക്ഷ്മമായിട്ട് ഇറങ്ങി ചെല്ലേണ്ടതുണ്ടെന്നാണ് കമൽ പറയുന്നത്.

‘ഈ പുഴയും കടന്ന്’ എന്ന സിനിമയിലെ അഭിനയത്തിന് മഞ്ജു വാര്യറിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ‘ഉണ്ണികളേ ഒരു കഥ പറയാം’,’കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ’,’സ്വപ്നക്കൂട്’,’അഴകിയ രാവണൻ’ തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് സിനിമകൾ.

Content Highlight: Director Kamal stated that no one had thought Manju would be able to portray such a bold character