കളങ്കാവല്‍ സാങ്കല്‍പിക കഥ; യഥാര്‍ത്ഥ സംഭവങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടത്: ജിതിന്‍ കെ.ജോസ്
Malayalam Cinema
കളങ്കാവല്‍ സാങ്കല്‍പിക കഥ; യഥാര്‍ത്ഥ സംഭവങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടത്: ജിതിന്‍ കെ.ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th August 2025, 4:32 pm

കുറുപ്പ് എന്ന സിനിമയിലൂടെ തിരകഥാകൃത്തായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ജിതിന്‍ കെ.ജോസ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന സിനിമയാണ് കളങ്കാവല്‍. മമ്മൂട്ടി വില്ലനും വിനായകന്‍ നായകനുമായെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കുറുപ്പ് ഒരു ബയോഗ്രഫിക്കല്‍ പീരിയഡ് ഡ്രാമയായിരുന്നു. കളങ്കാവലും യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന്  പ്രചോദനമുള്‍ക്കൊണ്ട സിനിമയാണെന്ന് പറയുന്നു. ഇപ്പോള്‍ ഇഷ്ട മേഖല ഇത്തരത്തിലുള്ള സിനിമകള്‍ ചെയ്യുന്നതാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം.

‘കുറുപ്പ് എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ കളങ്കാവല്‍ കുറച്ചുകൂടി സാങ്കല്പികമായിരിക്കും. കുറുപ്പിലും കളങ്കാവലിലും യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുക എന്ന പ്രക്രിയ യാദൃച്ഛികമായി സംഭവിച്ചതാണ്. ഇനിയും അങ്ങനെ സംഭവിക്കണമെന്നില്ല. എനിക്ക് ക്രൈം ത്രില്ലറുകളോട്
പ്രത്യേകതാത്പര്യമുണ്ട്. അതിനപ്പുറം യഥാര്‍ഥസംഭവങ്ങള്‍ മാത്രം തേടിപ്പിടിച്ച് ചെയ്യണമെന്ന നിര്‍ബന്ധമില്ല.

കളങ്കാവല്‍ യഥാര്‍ഥത്തില്‍ സാങ്കല്പികകഥയാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ നടന്നിട്ടുള്ള ഒന്നില്‍ക്കൂടുതല്‍ സംഭവങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടിട്ടാണ് എഴുതിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങള്‍, വിക്കീപീഡിയ. സമാനമായ മറ്റു പ്ലാറ്റ്‌ഫോമുകളില്‍നിന്നൊക്കെയും പലതരത്തിലുള്ള വിവരങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍, ഒരു സിനിമയെ സംബന്ധിച്ച് സിനിമയുടെ ഭാഗമായവര്‍ പങ്കുവെക്കുന്നതാണ് ആധികാരികമായ വിവരങ്ങള്‍. മറ്റുള്ളവയെല്ലാം ഊഹാപോഹങ്ങളും ഭാവനകളുമാണ്,’ ജിതിന്‍ കെ.ജോസ് പറയുന്നു.

സംവിധായകനാകാനുള്ള തയ്യാറെടുപ്പുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘സിനിമയുടെ ദൃശ്യം, ശബ്ദം, പശ്ചാത്തലസംഗീതം എന്നിവ ഏതുരീതിയില്‍ വേണമെന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാംസ്‌കാരികപരമായും ഭൂമിശാസ്ത്രപരമായും രണ്ട് വ്യത്യസ്ത തലങ്ങളെക്കുറിച്ച് സിനിമ സംവദിക്കുന്നുണ്ട്. ധാരാളം യാത്രകള്‍ നടത്തിയാണ് സിനിമ ചിത്രീകരിക്കാനുള്ള സ്ഥലങ്ങള്‍ തെ രഞ്ഞെടുക്കുന്നത്. യഥാര്‍ഥത്തില്‍ നടന്നിട്ടുള്ള ചില സംഭവങ്ങളില്‍നിന്നും പ്രചോദന മുള്‍ക്കൊണ്ടിട്ടാണെങ്കിലും അതിനപ്പുറത്തേക്ക് ഒരു സാങ്കല്പികകഥയില്‍ കൗതുകം തോന്നിയതുകൊണ്ടാണ് ഇത് ചെയ്യാനുള്ള തീരുമാനമെടുക്കുന്നത്,’ ജിതിന്‍ കെ.ജോസ് കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Director Jithin K. Jose talks about the story of Kalankaval and the Kurup movie