സയനൈഡ് മോഹനെ അറിയുന്നവര്‍ക്ക് മുമ്പിലേക്ക് കളങ്കാവല്‍ എത്തിക്കുന്നത് വെല്ലുവിളിയായി തോന്നി: ജിതിന്‍.കെ.ജോസ്
Malayalam Cinema
സയനൈഡ് മോഹനെ അറിയുന്നവര്‍ക്ക് മുമ്പിലേക്ക് കളങ്കാവല്‍ എത്തിക്കുന്നത് വെല്ലുവിളിയായി തോന്നി: ജിതിന്‍.കെ.ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th December 2025, 7:56 am

ജിതിന്‍.കെ.ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങളായ കളങ്കാവലിന് മികച്ച പ്രതികരണമാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. റിലീസ് ചെയ്ത് ആറാം ദിവസം പിന്നിട്ടപ്പോള്‍ തന്നെ ചിത്രം 50 കോടി ക്ലബില്‍ കയറിയെന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കേരളം കണ്ട കൊടും കുറ്റവാളികളിലൊരാളായ സയനൈഡ് മോഹന്റെ കഥയെ ആസ്പദമാക്കി സിനിമയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ക്യൂ സ്റ്റുഡിയേക്ക് നല്‍കിയ അഭിമുഖത്തില്‍.

കളങ്കാവല്‍. Photo: kalamkaaval/ theatrical poster

 

‘കുറുപ്പിന്റെ ഷൂട്ടിന് മുമ്പ് സുഹൃത്തായ ജിഷ്ണുവാണ് ഇതിലൊരു സിനിമാ സാധ്യതയുണ്ടെന്ന് ആദ്യമായി എന്നോട് പറയുന്നത്. സംഭവം ഇന്‍ട്രസ്റ്റിംങ് ആണെങ്കിലും ഇതിലാരു സിനിമാറ്റിക് ആംഗിള്‍ കൊണ്ടുവരാന്‍ പറ്റുമോ എന്ന ഡിലെമയിലായിരുന്നു ഞാന്‍. സംഭവത്തിന്റെ ഇന്റന്‍സിറ്റി അവിടെ നില്‍ക്കെ തന്നെ കേസിലെ പൊലീസ് അന്വേഷണത്തിലൊന്നും തന്നെ യാതൊരു എക്‌സൈറ്റഡ് ആയ എലമെന്റും ഇല്ലായിരുന്നു.

അങ്ങനെയിരിക്കെ ഗോകുലത്തിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ കൃഷ്ണമൂര്‍ത്തി ചേട്ടനാണ് ചിത്രത്തിലെ മമ്മൂക്കയുടെ തൊഴിലുമായി ബന്ധപ്പെടുത്താന്‍ പറഞ്ഞത്. ഇതെല്ലാം കൂടെ ആലോചിച്ചപ്പോഴാണ് ചിത്രം ചെയ്യാം എന്ന തീരുമാനത്തിലെത്തിയത്. അതുകൊണ്ട് തന്നെ ഇന്റര്‍വെല്‍ ബ്ലോക്കിലാണ് സിനിമ ജനിച്ചതെന്ന് പറയാം.

ഇന്നത്തെക്കാലത്ത് യൂട്യൂബ് വീഡിയോകള്‍ വഴിയും അല്ലാതെയും ഒരുപാട് പേര്‍ക്ക് കേസിനെക്കുറിച്ചറിയാം ഇതു തന്നെയായിരുന്നു സിനിമയെക്കുറിച്ചാലോചിച്ചപ്പോള്‍ നേരിട്ട മറ്റൊരു പ്രധാന പ്രശ്‌നം. അതിനെ ടാക്കിള്‍ ചെയ്യാന്‍ പറ്റിയെങ്കില്‍ മാത്രമേ ഇതിനെ സിനിമയായി ആലോചിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ എന്നായിരുന്നു എന്റെ ചിന്ത,’ സംവിധായകന്‍ പറയുന്നു.

ജിതിനും മമ്മൂട്ടിയും ചിത്രത്തിന്റെ സെറ്റില്‍. Photo: OTT play

‘ഷൂട്ടിങ് തുടങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് കേസിനെ ആസ്പദമാക്കി ബാബു രാമചന്ദ്രന്റെ വീഡിയോ വരുന്നതും ഹിന്ദി വെബ് സിരീസ് വരുന്നതും. ഏകദേശം 25 ലക്ഷത്തോളം പേരെയാണ് വീഡിയോക്ക് കാഴ്ച്ചക്കാരായി ലഭിച്ചത്. എന്നിരുന്നാലും ഒരു പരിധിക്ക് അപ്പുറത്തേക്ക് ഞങ്ങള്‍ക്ക് ഭയം തോന്നിയിട്ടില്ല. കാരണം കേസിന് ചുറ്റും ഞങ്ങളുണ്ടാക്കിയ ലോകം വ്യത്യസ്തമായിരുന്നു.

പൂര്‍ണ്ണമായിട്ടും കഥയറിഞ്ഞ് വരുന്ന ആളെ പോലും ഏതെങ്കിലും വിധത്തില്‍ നമുക്ക് സാറ്റിസ്‌ഫൈ ചെയ്യാന്‍ പറ്റിയേക്കാം എന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. കേസിന്റെ എല്ലാ വശങ്ങളും അറിഞ്ഞിട്ട് വരുന്നവര്‍ക്കു പോലും ഇന്റര്‍വെല്‍ ബ്ലോക്ക് ആവുമ്പോള്‍ ഹൈ വന്നേക്കാം,’ ജിതിന്‍ പറഞ്ഞു.

ജിതിന്‍.കെ. ജോസും, ജിഷ്ണു ശ്രീകുമാറും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മൂജീബ് മജീദ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Director jithin k jose talks about inspiration from cyanide mohan to make kalamkaaval