നമുക്ക് ചുറ്റിലും ജീവിക്കുന്ന പലരുടെയും ഉളളില്‍ ഒരു പൈശാചിക വശമുണ്ടായേക്കാമെന്നും ഒരു നിയമവ്യവസ്ഥക്കുള്ളില്‍ ജീവിക്കുന്നത് കൊണ്ടാവും അത് പുറത്ത് വരാത്തതെന്നും സംവിധായകന്‍ ജിതിന്‍.കെ.ജോസ്. നാളെ തിയേറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാഡിസം ഡിജിറ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജിതിന്റെ പ്രതികരണം.
ചിത്രത്തിന്റെ ട്രെയിലറില്‍ എഴുതി കാണിച്ച വാചകങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
Mammootty/ kalamkaaval
‘ഒരു പൈശാചികമായ വശം എല്ലാവരുടെ ഉള്ളിലും ഉണ്ടാവാം. പക്ഷേ നമുക്ക് അത് ജനറലൈസ് ചെയ്ത് പറയാന്‍ പറ്റില്ല. ബാഡ് സോള്‍ എന്ന് പറയുന്ന ഒരു കൂട്ടം ആളുകളെ എടുത്താല്‍ അതില്‍ ഒരു വിധം ആളുകളും പലതും പൊതുസമൂഹത്തില്‍ നിന്നും ഒളിച്ചു വെക്കുന്നവരാകാം. അവരുടെ ഉള്ളിലുള്ള നെഗറ്റിവിറ്റിയെ തുറന്ന് കാണിക്കാന്‍ പറ്റിയ ഒരു സമൂഹത്തിലല്ല നമ്മള്‍ ജീവിക്കുന്നത്. സമൂഹത്തിലെ നിയമവ്യവസ്ഥ ഒരു പ്രൊട്ടക്ടീവ് ലെയറു പോലെ അവരില്‍ നിന്നും മറ്റുള്ളവരെ സംരക്ഷിക്കുന്നുണ്ട്.
അതുകൊണ്ട് പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. എല്ലാവരെയും കുറിച്ചല്ല ഞാന്‍ പറയുന്നത്, ചെറിയ ഒരു വിഭാഗം ആളുകളെക്കുറിച്ചാണ്. എന്നിരുന്നാലും എല്ലാ മനുഷ്യരുടെ ഉളളിലും അവര്‍ക്ക് മാത്രം അറിയാവുന്ന റിയാലിറ്റീസ് ഉണ്ടായിരിക്കും. പക്ഷേ അത് പൊതുബോധത്തില്‍ നെഗറ്റീവായിരിക്കും. എനിക്കറിയാവുന്ന ഞാനും, സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തിന് മുമ്പിലുള്ള ഞാനും വ്യത്യസ്തനാണ്,’ ജിതിന്‍ പറയുന്നു.
പല കാലങ്ങളിലായി പല സ്ഥലങ്ങളില്‍ നടന്ന, സമൂഹത്തെ വിറപ്പിച്ച ചില സംഭവങ്ങളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഒരുക്കിയ സാങ്കല്പിക കഥയാണ് കളങ്കാവലെന്നും സംവിധായകന്‍ പറഞ്ഞു. അതിനാല്‍ ഒരു വ്യക്തിയുടെയോ ദേശത്തിന്റെയോ കഥയായി ചിത്രത്തെ കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ലെ ഹിറ്റ് ചിത്രമായ കുറുപ്പിന്റെ കഥയെഴുതിയ ജിതിന്റെ ആദ്യ സംവിധാന സംരഭമാണ് കളങ്കാവല്‍. മമ്മൂട്ടി പ്രതിനായകവേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തില്‍ നടന്‍ വിനായകനും പ്രധാന വേഷത്തിലെത്തുന്നു. കൊച്ചിയില്‍ നടന്ന പ്രൊമോഷന്‍ ചടങ്ങില്‍ ചിത്രത്തിലെ 21 ഓളം വരുന്ന നായികമാരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വരുന്ന ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.