ഈ വേഷം വിനായകന്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞത് മമ്മൂക്ക, രണ്ടുപേരും അസാധ്യ ആര്‍ട്ടിസ്റ്റുകള്‍: ജിതിന്‍ കെ. ജോസ്
Malayalam Cinema
ഈ വേഷം വിനായകന്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞത് മമ്മൂക്ക, രണ്ടുപേരും അസാധ്യ ആര്‍ട്ടിസ്റ്റുകള്‍: ജിതിന്‍ കെ. ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th July 2025, 10:39 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി വില്ലനായെത്തുന്ന ചിത്രത്തില്‍ വിനായകനാണ്  നായകവേഷത്തിലെത്തുന്നത്. ക്രൈം ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിതിന്‍ കെ. ജോസ്. ഒരുപാട് കാലമായി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തന്ന നടനാണ് മമ്മൂട്ടിയെന്ന് ജിതിന്‍ കെ. ജോസ് പറയുന്നു. അടുത്തകാലത്ത് അദ്ദേഹം പല സിനിമകളിലൂടെയും വിസ്മയിപ്പിച്ചിട്ടുണ്ടെന്നും കളങ്കാവലിലും അദ്ദേഹം ഞെട്ടിക്കുമെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങുന്നതിന് മുമ്പ് അത് സ്വീകരിക്കപ്പെടുമെന്ന് ഉറപ്പായിരുന്നെന്നും എന്നാല്‍ ഇത്രക്ക് റീച്ച് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിലെ പ്രധാനവേഷത്തിലേക്ക് വിനായകന്റെ പേര് നിര്‍ദേശിച്ചത് മമ്മൂട്ടി തന്നെയായിരുന്നെന്നും രണ്ടുപേരും അസാധ്യ ആര്‍ട്ടിസ്റ്റുകളാണെന്നും ജിതിന്‍ പറഞ്ഞു.

‘ഒരുപാട് കാലമായി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. ഈയടുത്ത് പല സിനിമകളിലൂടെയും അദ്ദേഹം നമ്മളെ വിസ്മയിപ്പിക്കുകയാണ്. ഈ സിനിമയിലും അദ്ദേഹം നമ്മളെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. കഥയെക്കുറിച്ച് കൂടുതല്‍ പറയാന്‍ നിര്‍വാഹമില്ല. ക്രൈം ഡ്രാമയായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

വിനായകനെ സജസ്റ്റ് ചെയ്തത് മമ്മൂക്കയായിരുന്നു. ‘ഈ വേഷം അയാള്‍ ചെയ്താല്‍ നന്നാകും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രണ്ടുപേരും അസാധ്യ ആര്‍ട്ടിസ്റ്റുകളാണ്. നമ്മള്‍ എഴുതിവെച്ചതിനും മുകളില്‍ പെര്‍ഫോം ചെയ്യുന്ന രണ്ട് ആര്‍ട്ടിസ്റ്റുകളെ കിട്ടിയപ്പോള്‍ എല്ലാ നന്നായി വന്നിട്ടുണ്ട്. ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നതിന് മുമ്പ് അത് ഹിറ്റാകുമെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇത്രക്ക് ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിച്ചില്ല,’ ജിതിന്‍ കെ. ജോസ് പറഞ്ഞു.

മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയെ ഞെട്ടിച്ച സയനൈഡ് മോഹന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്കും വിനായകനും പുറമെ രജിഷ വിജയന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സെപ്റ്റംബറില്‍ ചിത്രം തിയേറ്ററിലെത്തുമെന്ന് കരുതുന്നു.

Content Highlight: Director Jithin K Jose saying Mammootty suggested Vinayakan in Kalamkaaval movie