രാജ് ബി.ഷെട്ടിയെ കണ്ടുമുട്ടിയത് സിനിമാ ജീവിതത്തെ മാറ്റിമറിച്ചു; സു ഫ്രം സോയില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേര്‍ മലയാളികള്‍: സംവിധായകന്‍ ജെ.പി തുമിനാട്
Malayalam Cinema
രാജ് ബി.ഷെട്ടിയെ കണ്ടുമുട്ടിയത് സിനിമാ ജീവിതത്തെ മാറ്റിമറിച്ചു; സു ഫ്രം സോയില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേര്‍ മലയാളികള്‍: സംവിധായകന്‍ ജെ.പി തുമിനാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th August 2025, 7:39 am

അടുത്തിടെ പുറത്തിറങ്ങി ഹിറ്റായി മാറിയ കന്നഡ ചിത്രമാണ് സു ഫ്രം സോ. ജെ.പി. തുമിനാട് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് രാജ് ബി. ഷെട്ടിയാണ്. മംഗലാപുരത്തെ ഒരു സാധാരണ ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് സു ഫ്രം സോ.

എട്ട് കോടി ബജറ്റിലൊരുങ്ങിയ ചിത്രം കര്‍ണാടകയില്‍ നിന്ന് മാത്രം 105 കോടിയോളം കളക്ട് ചെയ്തു. മൊഴിമാറ്റം ചെയ്ത് മലയാളത്തിലെത്തിയ ചിത്രം കേരളത്തിലും വലിയ ശ്രദ്ധ നേടി. ഇപ്പോള്‍ തന്റെ സിനിമായാത്രയെ കുറിച്ചും സു ഫ്രം സോ എന്ന ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവെക്കുകയാണ് സംവിധായകന്‍ ജെ.പി തുമിനാട്.

നാടകത്തിലായിരുന്നു താന്‍ അഭിനയിച്ചു തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. മഞ്ചേശ്വരം ശാരദാസില്‍ അഭിനയിച്ചു തുടങ്ങിയെന്നും പിന്നീട് സംവിധാനത്തിലേക്ക് തിരിയുകയായിരുന്നുവെന്നും ജെ.പി പറയുന്നു. തമാശ നിറഞ്ഞ കഥകളായിരുന്നു പണ്ട് മുതലേ ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2017ലാണ് ഞാന്‍ സിനിമയിലെത്തുന്നത്. 2018ല്‍ ഹാസ്യ വേഷത്തിന് ഒരു പുരസ്‌കാരവും കിട്ടി. രാജ് ബി.ഷെട്ടിയെ കണ്ടുമുട്ടിയതാണ് എന്റെ സിനിമാ ജീവിതത്തെ മാറ്റിമറിച്ചത്. ഒരു ഓഡിഷനിലായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടല്‍. പക്ഷേ, അഭിനയിച്ച ആദ്യ സിനിമ പുറത്തുവന്നില്ല. അഭിനയിച്ചു തുടങ്ങിയ ശേഷം അദ്ദേഹമാണ് സിനിമ സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടത്. തിരക്കഥ എഴുതാനായി ഒരു നോവലും പരിചയപ്പെടുത്തി. അതില്‍ 6 മാസത്തോളം ജോലിയെടുത്തപ്പോഴാണ് പകര്‍പ്പവകാശം മറ്റൊ രാള്‍ സ്വന്തമാക്കിയതായി അറിഞ്ഞത്. അങ്ങനെ ആ ശ്രമം പാതിവഴിയില്‍ അവസാനിച്ചു,’ ജെ.പി പറയുന്നു.

സു ഫ്രം സോ പിറന്ന കഥയേ കുറിച്ച് തുമിനാട് സംസാരിക്കുന്നു. ഇതിലെ കഥാപാത്രങ്ങള്‍ പലരും താന്‍ ജീവിതത്തിന്റെ പല സമയത്തായി കണ്ടുമുട്ടിയവരുടെ തനിപ്പകര്‍പ്പാണെന്ന് അദ്ദേഹം പറയുന്നു. അതിന്റെ ഒരു പുതുമയും കഥാപാത്രങ്ങളോട് വ്യക്തിപരമായി തോന്നുന്ന അടുപ്പവും സിനിമയ്ക്ക് സ്വീകാര്യത കൂട്ടിയെന്ന് പലരും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാട്ടിലെ മന്ത്രവാദികളും വാര്‍ത്തകളിലൂടെ കേള്‍ക്കുന്ന ബാധയൊഴിപ്പിക്കല്‍ കഥകളുമൊക്കെ മനസില്‍ കിടന്ന് തനിയെ തെളിഞ്ഞു വന്നതാണ് സിനിമയുടെ ആശയം. അതോടെ മറ്റെല്ലാം മറന്ന് സിനിമയിലേക്ക് മുഴുകി. സു ഫ്രം സോയില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേര്‍ മലയാളികളാണ്. അവരെല്ലാം സിനിമ കണ്ടു കഴിഞ്ഞ് ഈ കഥ മലയാളത്തിലും ശ്രദ്ധിക്കപ്പെടുമെന്ന് അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് മൊഴിമാറ്റി എത്തിച്ചത്. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കപ്പുറം ഇവിടുത്തെ പ്രേക്ഷകരും സിനിമയെ ഏറ്റെടുക്കുകയായിരുന്നു,’ ജെ.പി തുമിനാട് പറഞ്ഞു.

Content Highlight: Director J.P. Thuminad shares his cinematic journey and the details of the film Su from So