ദാമോദരന്‍ മാസ്റ്ററുടെ തിരക്കഥയില്‍ സുരേഷ് ഗോപി, ശ്രീനിവാസന്‍ എന്നിവരെ പ്രധാനകഥാപാത്രമാക്കി ജി.എസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആനവാല്‍മോതിരം. ചിത്രത്തിലേക്ക് ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് നടി പാര്‍വതിയെ ആയിരുന്നു.
എന്നാല്‍ സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ച അവര്‍ ഒരു തമാശ വാക്കിന്റെ പുറത്ത് ആ സിനിമയില്‍ നിന്ന് പിന്മാറിക്കളഞ്ഞെന്ന് പറയുകയാണ് സംവിധായകന്‍ ജി.എസ് വിജയന്‍. പാര്‍വതിക്ക് പകരം മറ്റൊരു നായികയെ കൊണ്ടുവന്നെങ്കിലും അവര്‍ ദയനീയ പരാജയമായെന്നും കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജി.എസ് വിജയന്‍ പറഞ്ഞു.
ഒരു ദിവസം എനിക്ക് ദാമോദരന്‍ മാസ്റ്ററുടെ ഫോണ്‍ വരികയാണ്. ഒരു സിനിമ ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചിട്ട്. നിങ്ങളുടെ പേര് സെഞ്ച്വറി കൊച്ചുമോനോട് പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ദാമോദരന്‍ മാസ്റ്ററുമായി എനിക്ക് നേരത്തെ തന്നെ നല്ല ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ആനവാല്‍ മോതിരം ചെയ്യുന്നത്.
‘ആനവാല്‍ മോതിരം’ ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായിരുന്നു. സെഞ്ച്വറി കൊച്ചുമോന്റെ ഭാര്യ കണ്ടിട്ട് കൊള്ളാമെന്ന് പറഞ്ഞ ഒരു സിനിമയായിരുന്നു അത്. മാഷ് ആ സിനിമ കണ്ട് അദ്ദേഹം അത് തിരക്കഥയാക്കിയ ശേഷമാണ് എന്നെ വിളിച്ചത്. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിങ്.
സുരേഷ് ഗോപി അവസാന നിമിഷമാണ് ആ സിനിമയിലേക്ക് വന്നത്. സുകുമാരി ചേച്ചിയുടെ ഒരു ബന്ധുവാണ് നായികയായി അഭിനയിച്ചത്. അവര്‍ തെലുങ്കിലൊക്കെ അഭിനയിച്ചിരുന്നു. പക്ഷേ ആ സെലക്ഷന്‍ അന്നും ഇന്നും മോശമായിപ്പോയി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ശരിക്കും ആ സിനിമയിലേക്ക് നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് നടി പാര്‍വതിയെ ആയിരുന്നു. ഞാനും സംവിധായകന്‍ ശ്രീക്കുട്ടനും കൂടെ ഒരു ദിവസം തിരുമലയിലുള്ള പാര്‍വതിയുടെ വീട്ടില്‍ പോയി സംസാരിച്ചു. അപ്പോള്‍ അവരുടെ അമ്മ അവിടെ ഉണ്ടായിരുന്നില്ല. പാര്‍വതിയുമായി സംസാരിച്ചു. ഞാനും ശ്രീക്കുട്ടനും പാര്‍വതിയുമൊക്കെ നല്ല സൗഹൃദമാണ്. ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മ വരട്ടെ, ചോദിക്കട്ടെ എന്നൊക്കെ പറഞ്ഞു.
സംസാരത്തിനിടയില്‍ ശ്രീകുട്ടന്‍ തമാശയായി, ‘ഇപ്പോള്‍ പടമൊന്നുമില്ലല്ലേ, ഈച്ചയെ ആട്ടി ഇരിക്കുകയാണല്ലേ എന്ന് ചോദിച്ചു. അത് അവര്‍ക്ക് വിഷമമായി എന്ന് എനിക്ക് തോന്നി. നമ്മള്‍ അങ്ങനെ വളിപ്പൊക്കെ അടിക്കുന്ന ആള്‍ക്കാരാണ്. ആ രീതിയില്‍ പറഞ്ഞതാണ്. അമ്മ വരട്ടെ ചോദിച്ചിട്ട് പറയാമെന്ന് പാര്‍വതി പറഞ്ഞതോടെ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. തത്വത്തില്‍ അവര്‍ അംഗീകരിച്ച പോലെയാണ് തോന്നിയത്.
ഇത് കഴിഞ്ഞ് രാത്രി പാര്‍വതി എന്നെ വിളിച്ചു, ‘വഴക്കാളി, ഞാന്‍ ഇല്ല കേട്ടോ, ഈ സിനിമ ഞാന്‍ സിനിമ ചെയ്യുന്നില്ല’ എന്ന് പറഞ്ഞു. അമൃതംഗമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ വഴക്കിടുമായിരുന്നതുകൊണ്ടാണ് അവര്‍ എന്നെ ‘വഴക്കാളി’ എന്ന് വിളിച്ചിരുന്നത്.
എന്ത് പറ്റി, എന്താണ് സിനിമ ചെയ്യാത്തതെന്ന് ചോദിച്ചു. കാല് വാരല്ലേ എന്നും പറഞ്ഞു. ഇല്ല ചെയ്യുന്നില്ല. എനിക്ക് ചെയ്യാന്‍ തോന്നുന്നില്ല എന്ന് പറഞ്ഞു. അത് ചതിയായിപ്പോയി കേട്ടോ എന്ന് ഞാന്‍ പറഞ്ഞു. ഇല്ല നമുക്ക് വേറൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞ് അവര്‍ ആ സിനിമ വിട്ടുകളഞ്ഞു. ശ്രീക്കുട്ടനെ കൊണ്ടുപോയത് കാരണം സംഭവിച്ച ഒരു കാര്യമാണ് അത്.
അങ്ങനെയാണ് പാര്‍വതിക്ക് പകരം മറ്റൊരു കുട്ടി നായികയായി വന്നത്. പക്ഷേ ആ സെലക്ഷന്‍ മോശമായിപ്പോയി. പാര്‍വതിയായിരുന്നെങ്കില്‍ ആ സിനിമ കുറച്ചുകൂടി നന്നായേനെ,’ ജി.എസ് വിജയന്‍ പറഞ്ഞു.
Content Highlight: Director GS Vijayan about Actress Parvathy Jayaram ho step back from the movie
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.