പയ്യന്‍ ഉളുപ്പില്ലാതെ അഭിനയിക്കുക ആണല്ലോ എന്നാണ് ആ വീഡിയോ കണ്ട് മോഹന്‍ലാല്‍ പറഞ്ഞത്: ഫാസില്‍
Entertainment news
പയ്യന്‍ ഉളുപ്പില്ലാതെ അഭിനയിക്കുക ആണല്ലോ എന്നാണ് ആ വീഡിയോ കണ്ട് മോഹന്‍ലാല്‍ പറഞ്ഞത്: ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd July 2022, 3:27 pm

തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള നടനാണ് ഫഹദ് ഫാസില്‍. ഫാസിലിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തുവന്ന കൈ എത്തും ദൂരത്ത്  ആയിരുന്നു ഫഹദിന്റെ ആദ്യ ചിത്രം. വലിയ പ്രതീക്ഷയില്‍ റിലീസ് ചെയ്ത ചിത്രം എന്നാല്‍ ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

ആദ്യ ചിത്രം പരാജയപ്പെട്ടതിന് ശേഷം അമേരിക്കയിലേക്ക് പഠനത്തിന് പോയ ഫഹദ് പിന്നീട് പ്രധാന വേഷത്തില്‍ സിനിമയിലേക്ക് തിരിച്ച് വരുന്നത് 2011ല്‍ ചാപ്പ കുരിശിലൂടെയായിരുന്നു.

ഫഹദിനെ സിനിമയിലേക്ക് കൊണ്ട് വന്നതിനെ പറ്റിയും ആ ചിത്രം പരാജയമായതിനെ പറ്റിയും പറയുകയാണ് ഇപ്പോള്‍ ഫാസില്‍. മൂവി റിപ്പബ്ലിക് എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫാസില്‍ ഇക്കാര്യം പറഞ്ഞത്.

ഫഹദിനെ സിനിമയിലേക്ക് കൊണ്ട് വന്നത് വെറുതെ അല്ലായിരുന്നു എന്നും കൃത്യമായി ടെസ്റ്റിങും അഭിമുഖങ്ങളും നടത്തി ഫഹദില്‍ ഒരു നടന്‍ ഉണ്ടെന്ന് ഉറപ്പായത് കൊണ്ട് തെരഞ്ഞെടുത്താണെന്നും പറയുന്നു ഫാസില്‍.

‘എല്ലാ അര്‍ട്ടിസ്റ്റുകളേയും ഇന്റര്‍വ്യൂ ചെയ്യുന്ന പോലെ മൂന്ന് നാല് ദിവസം ഇന്റര്‍വ്യൂ ചെയ്താണ് ഫഹദിനെയും തെരഞ്ഞെടുതത്ത്. ഫഹദില്‍ ഒരു നടന്‍ ഉണ്ടെന്ന് മനസിലാക്കി തൃപ്തി ആയിട്ട് അവനെ കൊണ്ട് സിനിമയുടെ ഒരു ഭാഗം അഭിനയിപ്പിച്ച് ആ വീഡിയോ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കാണിച്ചു.


ഒരു ഉളുപ്പും ഇല്ലാതെ ആണല്ലോ പയ്യന്‍ അഭിനയിക്കുന്നത് എന്നാണ് ലാല്‍ പ്രിയദര്‍ശനോട് വീഡിയോയെ പറ്റി പറഞ്ഞത്. നന്നായി അഭിനയിക്കുന്നുണ്ട് എന്ന് മമ്മൂട്ടിയും പറഞ്ഞു. പക്ഷെ സിനിമ പരാജയമായി. ഫഹദ് അമേരിക്കയിലേക്ക് പോവുകയും ചെയ്തു.

ഒന്നുമാകാതെ മകന്‍ അമേരിക്കയിലേക്ക് പോയതില്‍ ദുഃഖം ഉണ്ടോ എന്നാണ് എന്നോട് അതിനെപ്പറ്റി ഒരു പ്രമുഖ ചാനല്‍ അവതാരകന്‍ ചോദിച്ചത്. ദുഃഖം ഒന്നുമില്ല അവനില്‍ ഒരു നടന്‍ ഉണ്ടന്നും തീര്‍ച്ചയായും തിരിച്ച് വരുമെന്നുമായിരുന്നു എന്റെ മറുപടി.

ഫഹദ് എന്ന നടന്റെ ഗ്രാഫ് മുകളിലേക്ക് തന്നെ പോയികൊണ്ടേ ഇരിക്കും. അവന് അതിനുള്ള കഴിവുണ്ട്.’; ഫാസില്‍ പറയുന്നു.

ഫാസില്‍ നിര്‍മിച്ച് ഫഹദ് പ്രധാന വേഷത്തില്‍ എത്തിയ മലയന്‍കുഞ്ഞ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. രജിഷ വിജയനാണ് ചിത്രത്തില്‍ നായിക. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

Content Highlight : Director Fasil about failure of Fahad Fasil’s first movie Kai Ethum Doorathu