എപ്പോഴും ഓർക്കുന്ന സിനിമയായിരിക്കണം ആദ്യത്തേതെന്ന് ആഗ്രഹമുണ്ടായിരുന്നു: ബ്ലെസി
Malayalam Cinema
എപ്പോഴും ഓർക്കുന്ന സിനിമയായിരിക്കണം ആദ്യത്തേതെന്ന് ആഗ്രഹമുണ്ടായിരുന്നു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th July 2025, 7:48 am

സംവിധായകൻ പത്മരാജനൊപ്പം സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. സഹ സംവിധായകനായി പ്രവർത്തിച്ച് 18 വർഷങ്ങൾക്ക് ശേഷം 2004ലാണ് ബ്ലെസി ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി നായകനായി എത്തിയ കാഴ്ച മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയും നിരവധി പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. ആദ്യമായി സിനിമ ചെയ്യാൻ പറഞ്ഞപ്പോൾ താൻ നേരിട്ട ഭയത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ബ്ലെസി.

ജയരാജിന്റെ ദേശാടനം സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയത്ത് താൻ ജയാരാജിനൊപ്പം ഉണ്ടായിരുന്നെന്നും ആ സിനിമ വലിയ പ്രശസ്തി നേടിയിരുന്നെന്നും ബ്ലെസി പറയുന്നു.

Director Blessy

തന്നോട് സിനിമ ചെയ്യാൻ പറഞ്ഞപ്പോൾ തനിക്ക് ഭയമായെന്നും അദ്ദേഹം പറഞ്ഞു. അതിന് കാരണം താൻ പതിനെട്ട് വർഷക്കാലം അസിസ്റ്റന്റ് ആയാണ് ജോലി ചെയ്തതെന്നും ആദ്യ സിനിമക്ക് വേണ്ടിയുള്ള കഥയോ തയ്യാറെടുപ്പോ തന്റെ കയ്യിലുണ്ടായിരുന്നില്ലെന്നും ബ്ലെസി പറയുന്നു. എപ്പോഴും ഓർക്കുന്ന നല്ല സിനിമയായാരിക്കണം തന്റെ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജയരാജിന്റെ ദേശാടനം സിനിമ റിലീസ് ആയി. ആ സിനിമയിൽ ഞാൻ വർക്ക് ചെയ്തിട്ടില്ലെങ്കിലും അതിന്റെ ചർച്ചകൾ നടക്കുന്ന സമയത്ത് ഞാൻ ജയരാജിനോടൊപ്പം ഉണ്ടായിരുന്നു. ന്യൂ ജനറേഷൻ സിനിമ ബാനറിൽ റിലീസ് ആയ ചിത്രം അന്ന് വലിയ പ്രശസ്തി നേടിയിരുന്നു. ആ ഘട്ടത്തിലാണ് ട്രിവാൻഡ്രം ഫെസ്റ്റിവൽ നടക്കുന്നത്. അന്നാണ് ജയരാജ് എന്നെ വിളിപ്പിക്കുന്നത്.

ന്യൂ ജനറേഷന്റെ അടുത്ത സിനിമ ചെയ്യുന്നത് ബ്ലെസിയാണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നോട് അതിന്റെ കാര്യങ്ങൾ ആരംഭിക്കാൻ പറഞ്ഞു. അപ്പോഴാണ് പതിനെട്ട് വർഷക്കാലം അസിസ്റ്റന്റ് ആയിരുന്ന ഒരാളുടെ ആദ്യ സിനിമ എന്താണ് എന്നുള്ള ഭയം മനസിലേക്ക് വരുന്നത്. ആദ്യ സിനിമയ്ക്കുവേണ്ടിയുള്ള തയാറെടുപ്പുകളോ അതിനുള്ള കഥയോ മനസിൽ ഉണ്ടായിരുന്നില്ല. വലിയൊരു അവസരം വന്നപ്പോൾ അതിന്റെ ഭയം എനിക്കുണ്ടായിരുന്നു.

ഫിലിം സൊസൈറ്റികളിലൂടെ വേൾഡ് ക്ലാസിക് സിനിമകളെ പരിചയപ്പെട്ട് വന്നയാളാണു ഞാൻ. പിന്നീട് പത്മരാജൻ, കെ. ജി.ജോർജ്, ഭരതൻ തുടങ്ങിയവരുടെ സിനിമകളിലൂടെ സഞ്ചരിച്ചു. പത്മരാജൻ സാറിന്റെ പെരുവഴിയമ്പലം പോലെ ജോർജ് സാറിന്റെ സ്വപ്നാടനം പോലെ ഭരതേട്ടന്റെ പ്രയാണം പോലെ എപ്പോഴും ഓർക്കുന്ന ഒരു നല്ല സിനിമയായിരിക്കണം എന്റെ ആദ്യസിനിമയും എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു,’ ബ്ലെസി പറയുന്നു.

Content Highlight: Director Blessy Talking about His First Movie