ചര്‍ച്ചകള്‍ ഏത് വിധത്തിലായിരിക്കുമെന്ന് ഉത്തമബോധ്യമുണ്ട്; ഇസ്രഈല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണം നിരസിച്ചെന്ന് ബ്ലെസി
Kerala
ചര്‍ച്ചകള്‍ ഏത് വിധത്തിലായിരിക്കുമെന്ന് ഉത്തമബോധ്യമുണ്ട്; ഇസ്രഈല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണം നിരസിച്ചെന്ന് ബ്ലെസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th October 2025, 3:15 pm

കോഴിക്കോട്: ഇസ്രഈലില്‍ നടക്കാനിരിക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണം നിരസിച്ചതായി സംവിധായകന്‍ ബ്ലെസി. ഡിസംബറില്‍ സംഘടിപ്പിക്കുന്ന ഫിലിം കള്‍ച്ചര്‍ ഫെസ്റ്റ് ലെവലില്‍ നിന്നുള്ള ക്ഷണമാണ് സംവിധായകന്‍ നിരസിച്ചത്. ദല്‍ഹിയിലെ ഇസ്രഈല്‍ എംബസി മുഖേനയെന്ന് ക്ഷണം ലഭിച്ചതെന്ന് ബ്ലെസി പറയുന്നു.

ഫലസ്തീനില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രഈലില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ഏത് വിധത്തിലായിരിക്കുമെന്ന് ഉത്തമബോധ്യമുള്ളതിനാലാണ് ക്ഷണം നിരസിച്ചതെന്നും ബ്ലെസി വ്യക്തമാക്കി. ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.

പ്രതിനിധികള്‍ക്ക് അയച്ച ബയോഡാറ്റ വിശദീകരണത്തില്‍ ഫലസ്തീന്‍, പാകിസ്ഥാന്‍, തുര്‍ക്കി, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസിലായതുകൊണ്ടാണ് എംബസിയെ താത്പര്യക്കുറവ് അറിയിച്ചതെന്നും ബ്ലെസി പറഞ്ഞു.

തന്റെ അറിവില്‍ ഇന്ത്യയില്‍ നിന്നും പത്തോളം പേര്‍ക്ക് ഈവിധം ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഇസ്രഈലിനാല്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിനെയും റജബിന്റെ കൊലപാതകത്തെ ആസ്പദമാക്കി നിര്‍മിച്ച ‘ദി വോയിസ് ഓഫ് ഹിന്ദ് റജബ്’ എന്ന സിനിമയെ കുറിച്ചും ബ്ലെസി സംസാരിച്ചു.

ഇത്തരം സിനിമകള്‍ ഫലസ്തീന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ലോകത്തെ ബോധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ബ്ലെസി പറയുന്നത്.

ഇരുട്ടിന്റെ നിശബ്ദതയില്‍ നിന്നുള്ള പ്രകീര്‍ത്തനങ്ങളെ ലോകമെമ്പാടും ചര്‍ച്ച ചെയ്യുമ്പോള്‍ നമുക്ക് ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയാത്തതെന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കൂടി കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം ഗസയിലാണെങ്കിലും ഉക്രൈനിലാണെങ്കിലും എവിടെയാണെങ്കിലും അതിന്റെ രാഷ്ട്രീയം എന്തുതന്നെയാണെങ്കിലും ഇതൊന്നും അറിയാത്തവരുടെ ജീവിതങ്ങളാണ് യുദ്ധത്തില്‍ നഷ്ടമാവുന്നതെന്ന തിരിച്ചറിവ് ഇല്ലാതെ പോവുന്നത് നിര്‍ഭാഗ്യകരമാണെന്നും ബ്ലെസി പറയുന്നു.

ഗസയിലെ അനീതിയോട് വലിയ അകലത്തില്‍ ഇരിക്കുന്ന നമുക്കിടയിലെ ചെറിയ ശബ്ദങ്ങള്‍ പോലും ഉച്ചത്തിലാക്കാന്‍ കഴിയുന്നില്ലെന്നും ബ്ലെസി ചൂണ്ടിക്കാട്ടി. ഭയമാണ് അതിന് കാരണമെന്നും അദ്ദേഹം പറയുന്നു.

എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ലെന്ന് തനിക്കറിയാം. സ്വസ്ഥത നഷ്ടമാവും. ഇ.ഡിയുടെ വേട്ടയാടലൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആടുജീവിതത്തിന് ദേശീയ പുരസ്‌കാരം കിട്ടാതെ പോയപ്പോള്‍ നിങ്ങള്‍ സോഫ്റ്റായിട്ടാണല്ലോ പ്രതികരിച്ചത്’ എന്ന തമിഴ് സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്റെ ചോദ്യം ഓര്‍ത്തെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മഹാരാജ’ സിനിമയുടെ സംവിധായകനാണ് നിതിലന്‍ സ്വാമിനാഥൻ.

Content Highlight: Director Blessy says he declined invitation to Israel Film Festival