പാലായില്‍ ഈ സിനിമ റിലീസായ വിവരം മൂന്നാം ദിവസമാണ് ഞാനറിയുന്നത്; ചെറുപ്പക്കാരുടെ ആസ്വാദനതലം പിറകോട്ട് പോകുന്നുണ്ടോ: ഭദ്രന്‍
Entertainment news
പാലായില്‍ ഈ സിനിമ റിലീസായ വിവരം മൂന്നാം ദിവസമാണ് ഞാനറിയുന്നത്; ചെറുപ്പക്കാരുടെ ആസ്വാദനതലം പിറകോട്ട് പോകുന്നുണ്ടോ: ഭദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th February 2022, 9:59 am

ഷെയ്ന്‍ നിഗം, സോന ഒലിക്കല്‍, ഷൈന്‍ ടോം ചാക്കോ, ശ്രീരേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്ത ചിത്രം വെയില്‍ ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

എന്നാല്‍, വെയില്‍ കാണാന്‍ തിയേറ്ററുകളില്‍ ആളുകള്‍ എത്താത്തതിനെക്കുറിച്ചും ചെറുപ്പക്കാരുടെ സിനിമാ ആസ്വാദനതലത്തെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ഭദ്രന്‍.

വെയിലിനെയും ഷെയ്ന്‍ നിഗം അടക്കമുള്ള അതിലെ അഭിനേതാക്കളുടെയും പ്രകടനത്തെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

വെയില്‍ സിനിമ കാണാന്‍ എന്തുകൊണ്ടാണ് തിയേറ്ററില്‍ ചെറുപ്പക്കാരുടെയും ഫാമിലികളുടെയും കൂട്ടം കാണാത്തതെന്ന് ചോദിച്ച സംവിധായകന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദനതലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ എന്ന് സംശയമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

”കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദനതലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ എന്ന് ഞാന്‍ സംശയിക്കുന്നു. അതിനുള്ള ദൃഷ്ടാന്തം, എന്തുകൊണ്ട് വെയിലിന് തിയേറ്ററില്‍ ചെറുപ്പക്കാരുടെയും ഫാമിലികളുടെയും കൂട്ടം കാണുന്നില്ല?

ഈ സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ഞാനറിയുന്നത്, പാലായില്‍ ഈ സിനിമ റിലീസ് ആയിട്ട് മൂന്ന് ദിവസമായെന്ന്. മറ്റ് പല സെന്ററുകളിലും ഇതേ സാഹചര്യം തന്നെയാണ് എന്ന് കേള്‍ക്കുന്നു.

ഒരു സിനിമയെ അതിന്റെ ഔന്നത്യത്തില്‍ എത്തിക്കുന്നത്, ഒരു നല്ല കണ്ടന്റിന്റെ എക്‌സിക്യൂഷനും പരസ്യ ടാക്ടിക്‌സുകളും ആണെന്ന് ആര്‍ക്കാണ് അറിവില്ലാത്തത്,” ഭദ്രന്‍ പറഞ്ഞു.

വെയിലില്‍ ഷെയ്‌നിന്റെ സിദ്ധു എന്ന നായകകഥാപാത്രമായുള്ള പ്രകടനവും രാധ എന്ന അമ്മ വേഷത്തില്‍ എത്തിയ ശ്രീരേഖയുടെ പ്രകടനത്തെക്കുറിച്ചും സംവിധായകന്‍ തന്റെ പോസറ്റില്‍ എടുത്ത് പറയുന്നുണ്ട്.


”അത്യാവശ്യം നല്ല ഒരു കഥയെ ബോഗികള്‍ പോലെ ഘടിപ്പിച്ച് യാത്രയ്ക്ക് ഭംഗം വരാതെ അതിന്റെ തീവ്രത സൂക്ഷിച്ച് കൊണ്ടുപോയ സിനിമ. അവാര്‍ഡ് കമ്മിറ്റി ജൂറിയില്‍ സര്‍വ അംഗങ്ങളും പ്രശംസിച്ച സിനിമയാണെന്ന് കൂടി ഓര്‍ക്കണം.

അതിലെ ഓരോ കഥാപാത്രങ്ങളും എത്ര തന്മയത്വത്തോടെ ആ കഥയെ ഹൃദയത്തില്‍ കൊണ്ട് ഉജ്ജ്വലമാക്കിയിരിക്കുന്നു. അതിലെ ഷെയ്‌നിന്റെ സിദ്ധുവും, ഒപ്പം നില്‍ക്കക്കള്ളി ഇല്ലാത്ത ആ അമ്മയുടെ ഹൈപ്പര്‍ ആക്റ്റീവ് ആയിട്ടുള്ള പെര്‍ഫോമന്‍സും എന്നെ വ്യക്തിപരമായി രണ്ടുമൂന്ന് ഇടങ്ങളില്‍ വീര്‍പ്പുമുട്ടിച്ചു,” ഭദ്രന്‍ പറയുന്നു.

നല്ല സിനിമയെ സ്‌നേഹിക്കുന്ന ചെറുപ്പക്കാര്‍, വളരെ മുന്‍പന്തിയില്‍ വരാന്‍ ചാന്‍സുള്ള ഷെയ്ന്‍ നിഗം എന്ന ഹീറോ മെറ്റലിനെ തിയേറ്ററില്‍ പോയി കണ്ട് പ്രോത്സാഹിപ്പിക്കണമെന്നും പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുമ്പോഴാണ് സിനിമകളും അതിലെ ആളുകളും വളരുന്നതെന്നും ഭദ്രന്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഷെയ്ന്‍ അഭിനയിച്ച ഭൂതകാലം സിനിമയെക്കുറിച്ചും ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഭൂതകാലം നമ്മളോരോരുത്തരുടെയും തനിയാവര്‍ത്തനമാണെന്നും അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലുംപെടാത്ത ഒരു നല്ല ചലച്ചിത്രമാണെന്നുമായിരുന്നു അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞത്.

ഷെയ്ന്‍ നിഗത്തിന് എതിരായി ഷെയ്ന്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രമെന്നും ഭദ്രന്‍ അന്ന് കുറിച്ചു.

അവാര്‍ഡ് കമ്മിറ്റി ജൂറിയുടെ ഭാഗമായി വെയില്‍ സിനിമ കണ്ടതിനെക്കുറിച്ചും അന്നത്തെ പോസ്റ്റില്‍ പരാമര്‍സിച്ചിരുന്നു.

”ഞാന്‍ സ്റ്റേറ്റ് അവാര്‍ഡില്‍ കണ്ട വെയിലിലെ, ഇതുപോലെ പ്രകാശിപ്പിക്കാന്‍ കഴിയാതെ പോയ ഒരമ്മയുടെ സ്നേഹത്തിന്റെ മുന്‍പില്‍ പതറുകയും ഇടറുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അന്നും എന്റെ കണ്ണുകള്‍ ചുവന്നിരുന്നു. ഇന്നും, ഈ സിനിമ (ഭൂതകാലം) കണ്ടപ്പോഴും,’ ഭദ്രന്‍ പറഞ്ഞു.


Content Highlight: Director Bhadran about Veyil Movie and Shane Nigam’s performance