സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു
Obituary
സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2019, 8:50 am

തൃശ്ശൂര്‍: സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു. 59 വയസായിരുന്നു. ശനിയാഴ്ച രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും പി.ആര്‍.എസ്. ബാബുവിന്റെതായെത്തി.

സംവിധായകന്‍ അനില്‍ കുമാറുമായി ചേര്‍ന്ന് ‘അനില്‍ ബാബു’വെന്ന പേരില്‍ 24 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ജഗദീഷിനെ നായകനാക്കി തുടര്‍ച്ചയായി സിനിമയെടുത്തു.

മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ച കളിയൂഞ്ഞാല്‍, സുരേഷ് ഗോപി നായകനായ രഥോല്‍സവം കുഞ്ചാക്കോ ബോബന്റെ മയില്‍പ്പീലിക്കാവ്, ജയറാമിന്റെ പട്ടാഭിഷേകം, ഉത്തമന്‍ തുടങ്ങിയവ സൂപ്പര്‍ഹിറ്റായി.

മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, വെല്‍കം ടു കൊടൈക്കനാല്‍, മന്നാടിയാര്‍ പെണ്ണിനു ചെങ്കോട്ട ചെക്കന്‍, തുടങ്ങി 2005ല്‍ പുറത്തിറങ്ങിയ പറയാം എന്ന സിനിമ വരെ 24 സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്.

2004ല്‍ ‘പറയാം’ എന്ന ചിത്രത്തിനുശേഷം സംവിധാനത്തില്‍നിന്ന് വിട്ടുനിന്നു. 2013ല്‍ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി.

WATCH THIS VIDEO: