പുരുഷന്മാര്‍ തളരുമ്പോള്‍ താങ്ങാവുന്നത് അമ്മയോ ഭാര്യയോ ആയിരിക്കും: അറ്റ്‌ലി
Film News
പുരുഷന്മാര്‍ തളരുമ്പോള്‍ താങ്ങാവുന്നത് അമ്മയോ ഭാര്യയോ ആയിരിക്കും: അറ്റ്‌ലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th November 2023, 8:14 am

പുരുഷന്മാര്‍ തളരുമ്പോള്‍ താങ്ങായി വരുന്നത് ഭാര്യയോ അമ്മയോ ആയിരിക്കുമെന്ന് സംവിധായകന്‍ അറ്റ്‌ലി. ഇത് അടിസ്ഥാനപരമായ കാര്യമാണെന്നും തന്റെ സിനിമയിലെ ഇത്തരം രംഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതായതുകൊണ്ട് പ്രേക്ഷകര്‍ക്ക് പെട്ടെന്ന് കണക്ടാവുമെന്നും അറ്റ്‌ലി പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരു്‌നു അദ്ദേഹം.

‘മെര്‍സലില്‍ ഒരു സീനുണ്ട്, ദളപതി എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്, എന്ന് ചോദിച്ച് നിത്യ മേനോന്‍ വിജയ്ക്ക് താലി ഊരിക്കൊടുക്കുന്ന സീനാണ്. ഇത് വിറ്റ് നമുക്ക് ആശുപത്രി കെട്ടാം എന്ന് അവര്‍ വിജയ്‌യോട് പറയുന്നുണ്ട്. എപ്പോഴും ഒരു പുരുഷന്‍ തളര്‍ന്നിരിക്കുമ്പോള്‍ അവനെ താങ്ങി നിര്‍ത്തുന്നത് അമ്മയോ ഭാര്യയോ ആണ്. ചിലപ്പോള്‍ അച്ഛനും കാണും. എന്നാല്‍ മിക്കവാറും ഇത്തരം സാഹചര്യങ്ങളില്‍ ഒപ്പം നില്‍ക്കുന്ന അമ്മയോ ഭാര്യയോ കാമുകിയോ ആയിരിക്കും. അത് അടിസ്ഥാനപരമായ കാര്യമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ള കാര്യങ്ങള്‍ സിനിമയിലൂടെ പ്രതിഫലിക്കുമ്പോള്‍ അത് പെട്ടെന്ന് കണക്ടാവും,’ അറ്റ്‌ലി പറഞ്ഞു.

അമ്മയാണ് മകനെ രൂപപ്പെടുത്തുന്നതെന്നും എന്നാല്‍ ഒരു കുടുംബസ്ഥനെ രൂപപ്പെടുത്തുന്നത് ഭാര്യയാണെന്നും അറ്റ്ലി പറഞ്ഞിരുന്നു. താനെന്ന വ്യക്തി ഈ നിലയിലേക്ക് എത്താന്‍ കാരണം പങ്കാളിയായ പ്രിയ ആണെന്നും അറ്റ്‌ലി പറഞ്ഞു.

‘ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയത്. പ്രിയ ഒരു വലിയ കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. ഞങ്ങളുടെ കല്യാണ ആലോചന നടക്കുമ്പോള്‍ രാജാ റാണി റിലീസ് ചെയ്തിട്ടില്ല. ഞാന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്തൊക്കെ അവള്‍ എനിക്കൊപ്പം നിന്നു.

ഞാന്‍ എന്ന വ്യക്തി ഇങ്ങനെ ആവാന്‍ കാരണം പ്രിയ ആണ്. ധരിക്കുന്ന വസ്ത്രം മുതല്‍, ദേഷ്യപ്പെടാതിരിക്കുന്നത് മുതല്‍, ഒരു മീറ്റിങ്ങില്‍ എങ്ങനെ കാര്യങ്ങള്‍ വിശകലനം ചെയ്യണം എന്ന് തീരുമാനിക്കുന്നതില്‍ വരെ അവള്‍ എന്റെ പങ്കാളിയാണ്.

ഒരു ചൊല്ലുണ്ട്, അമ്മയാണ് മകനെ രൂപപ്പെടുത്തുന്നത്, എന്നാല്‍ ഒരു കുടുംബസ്ഥനെ രൂപപ്പെടുത്തുന്നത് ഭാര്യയാണ്. ഞാന്‍ ഒരു കുടുംബസ്ഥനായതിനും ഒരു ടീമിന്റെ നേതാവായതിനും പ്രധാന കാരണം എന്റെ ഭാര്യയാണ്,’ അറ്റ്ലി പറഞ്ഞു.

Content Highlight: Director Atlee says that when men are tired, it is the wife or mother who supports them