ആ സെറ്റില്‍ വെച്ച് കഴിച്ചുകൊണ്ടിരുന്ന പാത്രം വാങ്ങി വലിച്ചെറിഞ്ഞു, വേറെ എവിടെയെങ്കിലും പോയി കഴിക്കാന്‍ പറഞ്ഞു: അറ്റ്‌ലി
Film News
ആ സെറ്റില്‍ വെച്ച് കഴിച്ചുകൊണ്ടിരുന്ന പാത്രം വാങ്ങി വലിച്ചെറിഞ്ഞു, വേറെ എവിടെയെങ്കിലും പോയി കഴിക്കാന്‍ പറഞ്ഞു: അറ്റ്‌ലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th November 2023, 9:02 pm

ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങളെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ അറ്റ്‌ലി. തന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന സംശയം എപ്പോഴും ചുറ്റുമുണ്ടായിരുന്നുവെന്ന് അറ്റ്‌ലി പറഞ്ഞു. ഒരു ഷൂട്ടിങ് സെറ്റില്‍ വെച്ച് ഭക്ഷണം കഴിച്ച തന്റെ പാത്രം വാങ്ങി വലിച്ചെറിഞ്ഞിട്ടുണ്ടെന്നും അറ്റ്‌ലി പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ അസിസ്റ്റന്റ് ഡയറക്ടറായി ഇരിക്കുന്ന സമയം വരെ എന്നെക്കൊണ്ട് എന്തെങ്കിലും പറ്റുമോ എന്ന സംശയം ചുറ്റുമുണ്ടായിരുന്നു. ഇന്ന് ആളുകള്‍ വന്നിടുന്ന കമന്റൊക്കെ അതിന് മുന്നില്‍ ഒന്നുമല്ല. അതിലും വലുത് എനിക്ക് നേരിട്ട് സംഭവിച്ചിട്ടുണ്ട്.

ഞാന്‍ ഇന്റേണ്‍ ആയിരുന്ന ഒരു ഷൂട്ടിനിടക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പാത്രം വലിച്ചെറിഞ്ഞിട്ടുണ്ട്. എന്നിട്ട് വേറെ എവിടെയെങ്കിലും പോയി കഴിക്കാന്‍ പറഞ്ഞു. ഭക്ഷണം കഴിക്കുന്ന പാത്രം വാങ്ങി വലിച്ചെറിയുന്ന അപമാനത്തെക്കാള്‍ വലുത് ഇനി വരാനില്ല. അതും എന്റെ ജീവിതത്തില്‍ നടന്നു.

അതൊരു നാണക്കേടായി ഞാന്‍ കാണുന്നില്ല. ഏറ്റ അപമാനങ്ങളൊന്നും ഒരു ഭാരമായി ഞാന്‍ കൂടെ കൊണ്ടുനടക്കാറില്ല. ഇനി അടുത്തതെന്താണ് എന്ന് വിചാരിച്ച് ഞാന്‍ മുന്നോട്ട് നടന്നു. കഴിച്ച ആഹാരത്തെക്കാളധികം അപമാനങ്ങളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ കാര്യമല്ല, സിനിമയിലേക്ക് വരുന്നതിന് മുമ്പ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിനിമയിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ എന്റെ കൂട്ടുകാര്‍ ചിരിച്ചു. ഇന്ന് അവര്‍ ചോദിക്കുന്നത് അന്നേ നീ അത് എങ്ങനെ ഉറപ്പിച്ചെന്നാണ്.

എന്റെ എല്ലാ ആഗ്രഹങ്ങളും ഞാന്‍ ശിവകാര്‍ത്തികേയനോടാണ് പറഞ്ഞിരുന്നത്. ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ പറ്റിയൊക്കെ പറഞ്ഞിട്ടുണ്ട്. അന്ന് അത് പറഞ്ഞ് ചിരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അത് സത്യമായി. രാജാ റാണിയുടെ സമയത്ത് അത് കഴിഞ്ഞ് ഞങ്ങള്‍ തമ്മില്‍ ഡേറ്റ് കൊടുക്കുന്നതിനെ പറ്റി സംസാരിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞാല്‍ നീ ഇനി വിജയ് സാറിന്റെ പിറകെ പോകുമോ എന്ന് അവന്‍ അന്ന് എന്നോട് ചോദിച്ചിട്ടുണ്ട്.

ഞാന്‍ ആഗ്രഹിച്ചതെല്ലാം നടന്നു. അന്ന് തമാശയായും കളിയാക്കിയുമൊക്കെയാണ് ഇതിനെ പറ്റി സംസാരിച്ചിരുന്നത്. എന്നാല്‍ ഞാന്‍ അന്നും സീരിയസായി തന്നെയാണ് പറഞ്ഞിരുന്നത്. നടന്നാല്‍ കൊള്ളാമെന്നല്ല, നടക്കണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു,’ അറ്റ്ലി പറഞ്ഞു.

Content Highlight: Director Atlee is talking about the misfortunes he faced in life