ജവാന്‍ ഷൂട്ടിനിടക്ക് ഷാരൂഖ് വിജയ്‌യെ വിളിച്ച് ഒരു വാക്ക് കൊടുത്തു: അറ്റ്‌ലി
Film News
ജവാന്‍ ഷൂട്ടിനിടക്ക് ഷാരൂഖ് വിജയ്‌യെ വിളിച്ച് ഒരു വാക്ക് കൊടുത്തു: അറ്റ്‌ലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th November 2023, 6:54 pm

ജവാന്‍ ഷൂട്ടിനിടക്ക് ഷാരൂഖ് ഖാന്‍ വിജയ്‌യെ ഫോണ്‍ വിളിച്ച് സംസാരിച്ചതിനെ പറ്റി പറയുകയാണ് സംവിധായകന്‍ അറ്റ്‌ലി. ഷാരൂഖ് തന്നെയാണ് വിജയ്‌യെ വിളിക്കാന്‍ പറഞ്ഞതെന്നും തന്നെ അവിടെ കംഫര്‍ട്ടബിളാക്കി വെക്കുമെന്ന് അദ്ദേഹം വിജയ്ക്ക് വാക്ക് കൊടുത്തുവെന്നും അറ്റ്‌ലി പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജവാന്റെ ഷൂട്ട് തുടങ്ങിയ സമയത്ത് ഷാരൂഖ് സാര്‍ പറഞ്ഞിട്ട് ഞാന്‍ വിജയ് സാറിനെ വിളിച്ചിരുന്നു. വിജയ് സാറിനെ വിളിക്കാന്‍ ഷാരൂഖ് സാര്‍ തന്നെയാണ് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന് ഒരു പ്രോമിസ് ചെയ്ത് കൊടുക്കാനുണ്ടെന്ന് ഷാരൂഖ് സാര്‍ പറഞ്ഞു. ഫോണെടുത്തപ്പോള്‍ ഷാരൂഖിന് സംസാരിക്കാനുണ്ടെന്ന് ഞാന്‍ വിജയ് സാറിനോട് പറഞ്ഞു. എന്തിനാടാ എന്നാണ് വിജയ് സാര്‍ ചോദിച്ചത്.

ഞാന്‍ അറ്റ്‌ലിയുമായി ഈ സിനിമ ചെയ്യുകയാണ്, അവന്‍ ഇവിടെ അണ്‍കംഫര്‍ട്ടബിളാവില്ല എന്ന് ഞാന്‍ ഉറപ്പ് വരുത്തും, അവനാണ് രാജ്യത്തെ ഏറ്റവും മികച്ച സംവിധായകനെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം വിജയ് സാറിനോട് പറഞ്ഞു. അത് കേട്ടപ്പോള്‍ വിജയ് സാറിന് വലിയ സന്തോഷമായി. രണ്ട് ഹീറോകള്‍ തമ്മില്‍ നടന്ന സംഭാഷണം കേട്ട് എനിക്കും സന്തോഷമായി. രണ്ട് സ്ഥലത്തും നടക്കുന്നതെന്താണെന്ന് ഞാന്‍ രണ്ട് പേരോടും പറയുമായിരുന്നു,’ അറ്റ്‌ലി പറഞ്ഞു.

സിനിമയിലേക്ക് വരുന്നതിന് മുമ്പുള്ള ജീവിതത്തെ പറ്റിയും അറ്റ്‌ലി സംസാരിച്ചു. ‘വിമര്‍ശനത്തെ രണ്ട് രീതിയിലാണ് ഞാന്‍ നോക്കിക്കാണുന്നത്. ചില വിമര്‍ശനത്തില്‍ നമ്മളോടുള്ള സ്നേഹം കൂടി കാണും. പുതിയത് എന്തെങ്കിലും ചെയ്യണം എന്ന രീതിയിലുള്ള വിമര്‍ശനം ഞാന്‍ പരിഗണിക്കാറുണ്ട്. അതിനനുസരിച്ച് ഞാനും ഇംപ്രൂവാകാന്‍ ശ്രമിക്കും.

എന്നാല്‍ ചില വിമര്‍ശനം കണ്ടാല്‍ തന്നെ മനസിലാവും, അതില്‍ ഒരു ക്ലാസിഫിക്കേഷന്‍ ഉണ്ട്. എനിക്ക് വ്യക്തിപരമായി തോന്നിയതാണിത്. ആരേയും കുറ്റപ്പെടുത്തുകയല്ല. ആവറേജ് ലുക്കുള്ള ഒരു ചെറുപ്പക്കാരനെക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന ഒരു പൊതുബോധം ഉണ്ട്. ചെറുപ്പം മുതല്‍ തന്നെ ഞാനത് ശ്രദ്ധിച്ചിട്ടുണ്ട്. കണ്ണട വെച്ച കുട്ടികള്‍ നന്നായി പഠിക്കും എന്ന് പറയുന്നത് പോലെയൊരു വിഡ്ഢിത്തമാണ് അത്,’ അറ്റ്‌ലി പറഞ്ഞു.

Content Highlight: Director Atlee is talking about how Shahrukh Khan called Vijay during the shoot of Jaawan