വാരണം ആയിരത്തിലെ സൂര്യയാണ് ബേസിലിന്റെ ലുക്കിന് റെഫറന്‍സാക്കിയത്; അരുണ്‍ അനിരുദ്ധന്‍
Malayalam Cinema
വാരണം ആയിരത്തിലെ സൂര്യയാണ് ബേസിലിന്റെ ലുക്കിന് റെഫറന്‍സാക്കിയത്; അരുണ്‍ അനിരുദ്ധന്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 16th July 2026, 10:41 pm

2026ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകപ്രശംസ പിടിച്ച് പറ്റിയ സിനിമയാണ് അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത് മെയ് 14 ന് തിയേറ്ററുകളിലെത്തിയ അതിരടി. ബേസില്‍ ജോസഫിന്റെ കന്നി പ്രൊഡക്ഷന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടില്‍ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രിനീവാസന്‍, ഷാന്‍ റഹ്‌മാന്‍, റിയ ഷിബു തുടങ്ങി വമ്പന്‍ താരനിരയായിരുന്നു വേഷമിട്ടത്. ചിത്രത്തിന് മികച്ച പ്രതികരണം തിയേറ്ററുകളില്‍ നിന്നും ലഭിച്ചെങ്കിലും റിലീസ് ചെയ്ത് കൃത്യം ഒരാഴ്ച്ചയ്ക്ക് ശേഷം വമ്പന്‍ ഹൈപ്പിലെത്തിയ ദൃശ്യം 3യുടെ തരംഗത്തില്‍ അതിരടിയ്ക്ക് അടിപതറുകയായിരുന്നു.

അരുണ്‍ അനിരുദ്ധന്‍. Photo: Arun Anirudhan/ Facebook.com

മിന്നല്‍ മുരളി എന്ന മലയാളത്തിലെ സൂപ്പര്‍ ഹീറോ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ അരുണ്‍ അനിരുദ്ധന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ സാംകുട്ടി എന്ന കോളേജ് വിദ്യാര്‍ത്ഥിയായിട്ടായിരുന്നു ബേസില്‍ വേഷമിട്ടത്. ചിത്രത്തില്‍ തോട്ട കുട്ടന്‍ എന്ന പ്രതിനായക വേഷത്തില്‍ ടൊവിനോയും തങ്ങളുടെ സ്വന്തം ഐഡന്റിറ്റിയില്‍ വിനീത് ശ്രീനിവാസനും ഷാന്‍ റഹ്‌മാനും പ്രത്യക്ഷപ്പെട്ടിരുന്നു.

അതിരടി. Photo: The Hindu

ചിത്രത്തിനായി ലുക്കില്‍ വലിയ മേക്ക് ഓവറായിരുന്നു ബേസില്‍ നടത്തിയത്. രണ്ട് ഗെറ്റപ്പിലെത്തിയ ബേസിലിന്റെ ലുക്കിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ദി ഷോ സ്‌കേപ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘വാരണം ആയിരത്തിലെ സൂര്യയുടെ ആദ്യത്തെ ഗെറ്റപ്പ് വളരെയധികം ഇന്‍സ്പയര്‍ ചെയ്തിരുന്നു. ചിത്രത്തിലേത് പോലെ മുടി വളര്‍ത്തിയതും മറ്റുമെല്ലാം വെച്ച് നോക്കിയതാണ്. അത് ആദ്യം കൊണ്ട് വന്നാല്‍ പിന്നീട് ബേസിലിനെ കാണിക്കുമ്പോള്‍ ഒരു ചെയ്ഞ്ച് ഫീല്‍ ചെയ്യും. പിന്നെ അതിന്റെ നേരെ ഓപ്പോസിറ്റാണ് ഫോര്‍ത്ത് ഇയറില്‍ ബേസിലിനെ കാണിക്കുമ്പോള്‍. അല്പം കൂടെ പക്വത ഉള്ള പോലെ ഫീല്‍ ചെയ്യാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്,’ അരുണ്‍ പറഞ്ഞു.

അതിരടി. Photo: District

അതേസമയം ചിത്രത്തില്‍ ബേസിലിനെ കാസ്റ്റ് ചെയ്തതിനും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. യുവതാരങ്ങളായ നസ്‌ലെനോ സന്ദീപ് പ്രദീപോ ചെയ്യേണ്ടിയിരുന്ന റോളായിരുന്നു സാം കുട്ടിയെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ബേസിലിന്റെ കാസ്റ്റ് മോശമല്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

Content Highlight: Director Arun Anirudhan talks about Basil’s look in Athiradi

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.