അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വണ്ടര്‍ വുമണ്‍. ആറ് ഗര്‍ഭിണികളുടെ കഥയാണ് ചിത്രം പറയുന്നത്. പേരന്റിങ്ങിനെക്കുറിച്ചും പ്രഗ്‌നന്‍സിയേക്കുറിച്ചും സംസാരിക്കുയാണ് അഞ്ജലി. പേരന്റിങ്ങിനെക്കുറിച്ച് സമൂഹത്തിന് ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണെന്നും ഇന്ന് അതില്‍ നിന്നെല്ലാം കുറേ മാറ്റം വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പ്രഗ്‌നന്‍സിയേക്കുറിച്ച് പറഞ്ഞുതരുന്നതില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്.
”നമുക്ക് ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ രക്ഷിതാക്കള്‍ എല്ലാത്തിനെക്കുറിച്ചും ശ്രദ്ധിക്കുന്നവരാണ്. കുട്ടിക്ക് എന്താണോ വേണ്ടത് അതുകൊടുത്തുകൊണ്ടുള്ള പേരന്റിങാണ്. അതുതന്നെയാണ് ഇപ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്നതും. ഇന്ന് ഒരുപാട് ഗ്രൂപ്പുകള്‍ ഉണ്ട്. അതിലൂടെ പ്രഗ് നന്‍സിയെക്കുറിച്ചുള്ള ബോധവല്‍ക്കരണം ഇവിടെ നടക്കുന്നുണ്ട്.
അങ്ങനെ ഒരു രീതി ആകുമ്പോള്‍, കുട്ടികളും അതിനെ ആ രീതിയിലാണ് കാണുക. കുട്ടികള്‍ എന്ന് പറയുന്നത് എന്റെ മറ്റൊരു എക്സ്റ്റന്‍ഷന്‍ അല്ല. അത് ഒരു ആത്മാവാണ്,മറ്റൊരു ഐഡന്റിറ്റിയാണ്, വേറെ വ്യക്തിയാണ്. ആ കുഞ്ഞ് ജനിക്കുന്നതിന് മുമ്പേ ജനിച്ച മറ്റൊരു വ്യക്തിയാണ് ഞാന്‍, എന്നതല്ലാതെ മറ്റൊരു വ്യത്യാസവും ഞാനും ആ കുഞ്ഞും തമ്മില്‍ ഇല്ല.
അതുകൊണ്ട് ഞാന്‍ എല്ലാം തികഞ്ഞ ആള്‍ എന്ന അര്‍ത്ഥമില്ല. ചിലപ്പോള്‍ ആ കുഞ്ഞിനാകും എന്നേക്കാള്‍ സെന്‍സ് ഉണ്ടാവുക. പ്രായം കൂടി എന്ന് വെച്ച് വിവരം വര്‍ധിക്കണമെന്നില്ല. പ്രായംവെക്കും തോറും നമുക്ക് വിവരം കുറയുന്നുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. വെറും ഏഴ് വയസ് എത്തുന്നതിന് മുമ്പ് കുട്ടികള്‍ക്ക് വലിയ വിവരമാണ്.
അങ്ങനെ ഉള്ള ഒരു കുട്ടിയോട് എന്തെങ്കിലും പ്രശ്‌നം പറഞ്ഞ് കൊടുത്താല്‍ നമുക്ക് പെട്ടെന്ന് പ്രതിവിധി കിട്ടും. ആ രീതിയില്‍ കണ്ട് കൊണ്ട് വേണം നമ്മള്‍ കുട്ടികളെ വളര്‍ത്താന്‍. അത്തരം പേരന്റിങ്ങിനോടാണ് എനിക്ക് താല്‍പര്യമുള്ളത്. പരസ്പരം രണ്ട് വ്യക്തികള്‍ ചേരുമ്പോഴാണ് കുട്ടികള്‍ ഉണ്ടാകുന്നത്. അവര്‍ തമ്മില്‍ കുട്ടിയെക്കുറിച്ചും പ്രഗ്‌നന്‍സിയെക്കുറിച്ചും ചര്‍ച്ച ചെയ്യണം.
അല്ലാതെ ആര്‍ക്കും ജനിച്ച ഉടനെ ഭയങ്കര ബുദ്ധി ഒന്നും വരില്ല. മൃഗങ്ങള്‍ക്ക് കുട്ടിയെ നോക്കലും പ്രഗ്‌നന്‍സിയും വളരെ എളുപ്പമാണ്. എന്തുകൊണ്ടാണ് മനുഷ്യന്‍ മാത്രം നിസ്സഹായരാവുന്നത്. ഒരു കുട്ടി ജനിച്ചാല്‍ ആദ്യം അവരോട് പറയുക നിനക്ക് ഒന്നും അറിയില്ലെന്നാണ്. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് നോക്കാമെന്നാണ് പറയുക.
അങ്ങനെ പറയുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. പ്രഗ്‌നന്‍സിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞ് തരുമ്പോള്‍ എന്തിന് അത് ചെയ്യണമെന്ന് നമ്മള്‍ തിരിച്ച് ചോദിക്കണം. നമ്മള്‍ക്കും ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. കാരണം നമ്മുടെ ബോഡിയാണ്. പ്രഗ്‌നന്‍സിയേക്കുറിച്ച് നമുക്ക് പറഞ്ഞ് തരുന്നതൊക്കെ തെറ്റായ കാര്യങ്ങളാണ്,” അഞ്ജലി മേനോന്‍ പറഞ്ഞു.
content highlight: director anjali menon about pragnancy and parenting