തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ നായകനായ അഖണ്ഡ 2 കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. ബാലകൃഷ്ണയുടെ സ്ഥിരം ഓവര്‍ ദി ടോപ്പ് ഫൈറ്റുകളുടെ അതിപ്രസരമാണ് അഖണ്ഡ 2വിന്റെയും പ്രത്യേകത. എന്നാല്‍ ആദ്യഭാഗത്തിന്റെ അടുത്ത് പോലും രണ്ടാം ഭാഗം എത്തിയിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷന്‍ ഹൈദരബാദില്‍ നടന്നു.
ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. അഖണ്ഡ 2വിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നതെന്ന് സംവിധായകന്‍ ബോയപ്പാട്ടി ശ്രീനു പറഞ്ഞു. ദല്‍ഹിയില്‍ തങ്ങള്‍ വരും ദിവസങ്ങളില്‍ പ്രൊമോഷന് വേണ്ടി ചെല്ലുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സിനിമ കാണുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സംവിധായകന്റെ ഈ പ്രസ്താവനക്ക് വലിയ ട്രോളുകളാണ് ലഭിക്കുന്നത്. തെലുങ്ക് സിനിമയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഈ നീക്കം വഴിവെക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ‘അഖണ്ഡ 2 കണ്ടവരുടെ ചെവിയെല്ലാം അടിച്ചുപോയി. മോദി ഈ സിനിമ കണ്ടാല്‍ അദ്ദേഹത്തിന് ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വരും, ഈ പ്രായത്തില്‍ അത് ശരിയാകില്ല’, ‘മിക്കവാറും ഈ പടം കണ്ട മോദിയുടെ സെക്യൂരിറ്റി സംവിധായകനെ ജയിലിലിടും’ എന്നിങ്ങനെയാണ് കമന്റുകള്‍.
ചിത്രത്തിന്റെ ഗാനങ്ങള്‍ എഴുതിയ വെങ്കട ഗംഗാധര ശാസ്ത്രിയുടെ വാക്കുകളും ചര്‍ച്ചയായി മാറി. ഭഗവദ് ഗീതാ പ്രചാകരനായ ശാസ്ത്രി തന്റെ പ്രസംഗത്തിലുടനീളം സംസ്‌കൃത ശ്ലോകങ്ങള്‍ കൊണ്ട് ആറാടുകയായിരുന്നു. അഖണ്ഡ 2വിലെ ബാലകൃഷ്ണയുടെ പ്രകടനം അദ്ദേഹത്തിന് അടുത്ത ദേശീയ അവാര്‍ഡ് നേടിക്കൊടുക്കുമെന്ന് ശാസ്ത്രി പറഞ്ഞു. ഇതിനും വന്‍ ട്രോളാണ് ലഭിക്കുന്നത്.
ഈയടുത്ത് ദേശീയ അവാര്‍ഡ് കിട്ടുന്നതെല്ലാം അഖണ്ഡ 2 പോലെ ക്വാളിറ്റിയില്ലാത്ത സിനിമകള്‍ക്കാണെന്നും ഇതിന് അവാര്‍ഡ് കിട്ടിയാലും വലിയ അത്ഭുതമില്ലെന്നും പലരും അഭിപ്രായപ്പെടുന്നു. ‘നാഷണല്‍ അവാര്‍ഡില്‍ നിര്‍ത്തിയതെന്തിനാ, ഓസ്‌കറിന് ശ്രമിച്ചുകൂടെ’, ‘ഗ്രാവിറ്റിക്ക് എതിരായി സിനിമകള്‍ ചെയ്യുന്നതിന് നാഷണല്‍ അവാര്‍ഡല്ല, നോബല്‍ സമ്മാനമാണ് കൊടുക്കേണ്ടത്’ എന്നിങ്ങനെയാണ് കമന്റുകള്‍.
റിലീസ് ചെയ്ത് ആദ്യദിനം തന്നെ അഖണ്ഡ 2 ട്രോള്‍ പേജുകളുടെ ഇരയായി മാറി. റോബോട്ടുകളുടെ വരെ ഇടിച്ചിടുന്ന ബാലകൃഷ്ണയുടെ ‘മാസ് ഹീറോയിസം’ ട്രോളന്മാര്‍ ഏറ്റെടുത്തു. പഴയ കത്തി സിനിമകളുടെ ട്രാക്കിലേക്ക് മടങ്ങിപ്പോകാനാണ് ബാലകൃഷ്ണ ശ്രമിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വന്‍ ബജറ്റിലെത്തിയ അഖണ്ഡ 2 ശരാശരി പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ കാഴ്ചവെക്കുന്നത്.