W.W.E എന്നതിനേക്കാള്‍ ഇതൊരു നൊസ്റ്റാള്‍ജിയ പടം; എന്റെ ജോലി ശരിക്കും എളുപ്പം: അദ്വൈത് നായര്‍
Malayalam Cinema
W.W.E എന്നതിനേക്കാള്‍ ഇതൊരു നൊസ്റ്റാള്‍ജിയ പടം; എന്റെ ജോലി ശരിക്കും എളുപ്പം: അദ്വൈത് നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th January 2026, 9:49 pm

സിനിമാപ്രേമികള്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചത്താ പച്ച. നവാഗതനായ അദ്വൈത് നായരുടെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകന്‍, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു മുഴുനീള ആക്ഷന്‍ എന്റര്‍െടയ്‌നറാണ്.

ഇന്‍ഡിവുഡ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചത്താ പച്ച സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധാകന്‍ അദ്വൈത് നായര്‍.

ചത്താ പച്ച/Theatrical poster

‘ഡബ്ല്യൂ. ഡബ്ല്യൂ. ഇ ഒരു വെസ്റ്റേണ്‍ കണ്‍സപ്റ്റാണ്. അതില്‍ ഒരു മലയാള സിനിമ ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ആളുകള്‍ക്ക് ഈ ലോകം ഫെമിലിയറാണെന്ന് കാണിച്ച് കൊടുക്കണം. അതിനെ റിലേറ്റബിളാക്കി കൊടുക്കണം. ഡബ്ല്യൂ. ഡബ്ല്യൂ. ഈയെ പറ്റി ഒരു സിനിമ എന്നതിനേക്കാള്‍ ഒരു നൊസ്റ്റാള്‍ജിയ സിനിമ എന്ന് പറയാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.

ചെറുപ്പത്തില്‍ കസിന്‍സിനൊപ്പമിരുന്ന് നമ്മള്‍ ഈ പരിപാടി എത്രയോ ടി.വിയില്‍ കണ്ടിട്ടുണ്ട്. അതില്‍ കാണുന്നത് പോലെ കിടക്കയില്‍ കുത്തിമറയുകയും അങ്ങനെ പല കാര്യങ്ങളും അനുകരിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു കണ്‍സപ്റ്റ് ഇവിടെ കൊണ്ടുവന്നാല്‍ വര്‍ക്കാകുമെന്ന് തോന്നി. ഇത്തരമൊരു സിനിമ ഇപ്പോള്‍ മലയാളത്തില്‍ വരുന്നത് നല്ലതാണെന്ന് തോന്നുന്നു. മലയാള സിനിമയുടെ ഏറ്റവും നല്ല ഒരു സമയത്ത് ചത്ത പച്ച പോലെ ഒരു സിനിമ എനിക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു,’ അദ്വൈത് പറയുന്നു.

എല്ലാവരും വളരെ എഫേര്‍ട്ട് എടുത്ത സിനിമയാണ് ചത്താ പച്ചയെന്നും ഈ സിനിമയെ എങ്ങനെയെങ്കിലും വിജയിപ്പികണമെന്ന ആഗ്രഹത്തോടെയാണ് എല്ലാവരും സിനിമ ചെയ്തതെന്നും അദ്വൈത് പറഞ്ഞു. എല്ലാവരുടെയും എനര്‍ജി ഒന്നും ഷേയ്പ്പ് ചെയ്ത് എല്ലാവരുടെയും മുന്നിലേക്ക് അവതരിപ്പിക്കുക എന്ന ജോലി മാത്രമെ തനിക്കുണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് വമ്പന്മാരായ ശങ്കര്‍- എഹ്‌സാന്‍-ലോയ് ആണ് സിനിമയുടെ സംഗീത സംവിധാനമെന്നത് ശ്രദ്ധേയമാണ്. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.

ചിത്രത്തില്‍ ലോക്കോ ലോബോ എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ എത്തുമ്പോള്‍, വെട്രി എന്ന കഥാപാത്രമായാണ് റോഷന്‍ മാത്യു എത്തുന്നത്. സിനിമ ജനുവരി 22ന് തിയേറ്ററുകളിലെത്തും.

Content Highlight: Director Adwaith  Nair is talking about the movie Chatha Pacha